01/08/2026
വെങ്ങന്നൂർ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കണം: PWD Bridges Division-ന് പരാതി നൽകി 18ാം വാർഡ് മെമ്പർ കെ സതീഷ്
ആലത്തൂർ: വെങ്ങന്നൂർ പാലത്തിന്റെ നിലവിലെ ശോചനീയാവസ്ഥയിൽ അടിയന്തരമായി ഇടപെട്ട് പാലത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ PWD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഖേന PWD Bridges Division-ന് നൽകിയ പരാതി ആലത്തൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെമ്പർ ശ്രീ. സതീഷ് നേരിട്ട് കൈമാറി.
രണ്ട് പ്രളയങ്ങളെത്തുടർന്ന് പാലത്തിന്റെ അപ്രോച്ച് റോഡിനും കൈവരികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. കൂടാതെ, പാലത്തിനടുത്തുള്ള കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് പാലത്തിലേക്ക് വീണതിനെ തുടർന്ന് പാലത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വെങ്ങന്നൂരിൽ നിന്ന് ആലത്തൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിനുള്ള പ്രധാന ആശ്രയമാണ് ഈ പാലം. നിരവധി വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും, രോഗികൾ ആശുപത്രികളിലേക്കും, പൊതുജനങ്ങൾ ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസേന ഈ പാലത്തെയാണ് ആശ്രയിക്കുന്നത്.
ജനങ്ങളുടെ ആശങ്കയും ആകുലതയും കണക്കിലെടുത്ത്, പാലം അടിയന്തരമായി പരിശോധിച്ച് ഘടനാപരമായ സുരക്ഷാ പരിശോധന നടത്തണമെന്നും, അപകടസാധ്യത ഒഴിവാക്കുന്നതിനായി ആവശ്യമായ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്നും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
പാലത്തിന്റെ സുരക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും വലിയ അപകടം സംഭവിക്കുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.