29/07/2026
*ജൂലൈ 29*
*എം.കെ.അബ്ദുള്ളാക്കുട്ടി അനുസ്മരണ ദിനം*
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് , അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാ വിനോദിനി ലൈബ്രറി ഭാരവാഹി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന എം.കെ.അബ്ദുള്ളക്കുട്ടി ഓർമ്മയായിട്ട് 2026 ജൂലൈ 29 ന് അഞ്ച് വർഷം പൂർത്തിയാകുന്നു.
ആലുവ താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകർ അബ്ദുള്ളക്കുട്ടി മാഷ് എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന എം.കെ.അബ്ദുള്ളക്കുട്ടി ഞങ്ങൾ അശോകപുരത്തുക്കാർക്ക് അബ്ദുള്ളക്കുട്ടിക്കയായിരുന്നു. എപ്പോഴും തൂവെള്ള വസ്ത്രവും , കറുത്ത ഫെയിമുള്ള കണ്ണടയും ധരിച്ച് ഞങ്ങൾക്കിടയിൽ നിറ സാന്നിധ്യമായിരുന്ന അബ്ദുള്ളക്കുട്ടിക്കയുടെ ഓർമ്മകൾക്ക് മരണമില്ല.
കൊടുങ്ങല്ലൂർ , അഴീക്കോട് സ്വദേശിയായ അദ്ദേഹം 1952 ൽ അശോക ടെക്സ്റ്റയിൽസ് മില്ലിലെ ജീവനക്കാരനായാണ് ഞങ്ങളുടെ നാട്ടിൽ എത്തുന്നത്. വിദ്യാവിനോദിനി ലൈബ്രറി സ്ഥാപകനായിരുന്ന പരേതനായ പി.കെ.വേലായുധനുമായുള്ള സൗഹൃദം അദ്ദേഹത്തെ ലൈബ്രറിയുടെ സജീവ പ്രവർത്തകനാക്കി .
പിന്നീട് അദ്ദേഹം ഈ നാടിൻ്റെ ഭാഗമായി മാറി.
വിദ്യാവിനോദിനി വായനശാലയുടെ ലൈബ്രറിയൻ , കമ്മിറ്റിയംഗം , സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ നേതാക്കളായിരുന്ന പരേതരായ പി.എൻ .പണിക്കർ , പി.കെ.വേലായുധൻ , കെ.എസ്.പി. കർത്താവ് , പി.കെ.ബി.നായർ എന്നിവർക്കൊപ്പമെല്ലാം പ്രവർത്തിക്കാനും ഇക്കാലയളവിൽ അദ്ദേഹത്തിനു സാധിച്ചു.
ഏഴു പതിറ്റാണ്ടിലേറേ കാലം നീണ്ട പൊതുപ്രവർത്തനത്തിലൂടേയും , ഗ്രന്ഥശാലാ പ്രവർത്തനത്തിലൂടേയും ഈ നാടിൻ്റെ സാമൂഹിക, സാംസ്ക്കാരിക പുരോഗതിക്കും , വിശിഷ്യാ വിദ്യാവിനോദിനി ലൈബ്രറിയുടെ വളർച്ചക്കും, ഉർച്ചയ്ക്കും അദ്ദേഹം ചെയ്ത സേവനങ്ങൾ ഞങ്ങളെന്നും നന്ദിയോടെ സ്മരിക്കും .
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റെന്ന നിലയിൽ കാൽ നൂറ്റാണ്ട് കാലം അദ്ദേഹം ചെയ്ത സേവനങ്ങൾ താലൂക്കിലെ ഗ്രന്ഥശാലകളെ ചലിപ്പിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.
അശോക കമ്പിനിയിലെ ട്രേഡ് യൂണിയൻ നേതാവ് , എംപ്ലോയീസ് സൊസൈറ്റി സെക്രട്ടറി , സി.പി.എം. ചൂർണ്ണിക്കര എൽ.സി.അംഗം എന്നീ നിലകളിൽ കൂടിയെല്ലാം അദ്ദേഹം ഈ നാടിൻ്റെ സജീവ സ്പന്ദനമായി മാറിയതാണ് പിന്നീടുള്ള ചരിത്രം. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളായിരുന്ന ഇ.ബാലാനന്ദൻ , തമ്പാൻ തോമസ് , വി.ജി.ഭാസ്ക്കരൻനായർ ,പി.ഡി.പത്മനാഭൻ നായർ എന്നിവർക്കൊപ്പമെല്ലാം ഇക്കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഏഴു പതിറ്റാണ്ടിലധികം നീണ്ട തൻ്റെ പൊതുപ്രവർത്തനത്തിൽ അദ്ദേഹം പുലർത്തിയിരുന്ന സത്യസന്ധതയും , സുതാര്യതയും , കണിശതയും ഞങ്ങളിൽ ദീപതമായ ഒർമ്മകളായി നിലനിൽക്കുക തന്നെ ചെയ്യും.
എപ്പോഴും ധരിച്ചിരുന്ന ശുഭ്ര വസ്ത്രം പോലെ സുതാര്യമായിരുന്നു അദ്ദേഹത്തിൻ്റെ പൊതു ജീവിതം .
പലപ്പോഴും അദ്ദേഹം ഞങ്ങളോടൊപ്പം പൊട്ടിച്ചിരിക്കുകയും , കലഹിക്കുകയും ചെയ്തിരുന്നു. എല്ലാം ലൈബ്രറിയുടെ പേരിലായിരുന്നു.
മരിക്കുന്നതിന് ഒരു വർഷം മുമ്പുവരെ അദ്ദേഹം ലൈബ്രറിയിലെ നിത്യസന്ദർശകനായിരുന്നു. അത്രമാത്രം ഗാഢമായ ബന്ധമായിരുന്നു അദ്ദേഹത്തിന് വിദ്യാവിനോദിനിയുമായി ഉണ്ടായിരുന്നത്.
ഇടക്കാലത്തു് അദ്ദേഹത്തെ ബാധിച്ച ക്യാൻസർ രോഗത്തെ അതിജീവിക്കാനും , 92 വയസു വരെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞത്, ഒരു പക്ഷെ അദ്ദേഹം ജീവിതത്തിൽ പുലർത്തിയ നന്മകളുടെ ഫലമായിട്ടായിരിക്കും.
അദ്ദേഹം അവശേഷിപ്പിച്ചു കൊണ്ടുപോയ നന്മകളും , നല്ല പ്രവർത്തനങ്ങളും, സ്മരണകളും ഈ അക്ഷര ക്ഷേത്രത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാവുക തന്നെ ചെയ്യും.
*എസ്.എ. എം.കമാൽ*
*പ്രസിഡൻ്റ്, ആലുവ താലൂക്ക് ലൈബ്രറി* *കൗൺസിൽ*
*സെക്രട്ടറി * *വിദ്യാവിനോദിനി ലൈബ്രറി*