05/10/2020
വൈക്കം മുഹമ്മദ് ബഷീർ എന്ന നാമം ആദ്യമായ് കേൾക്കുന്നത് നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോഴാണ് . എഴുത്തു കാരനാണെന്ന് മാത്രം അറിയാം . അദ്ദേഹം എന്റെ അയൽവാസിയുടെ ബന്ധുവായതിനാൽ തന്നെ ആ മരണ വാർത്ത ചുറ്റുവട്ടങ്ങളിലെല്ലാം സംസാര വിഷയമായിരുന്നു . പുറത്ത് കവലകളിലും അദ്ദേഹത്തിന്റെ കഥകളുടെ പോരിഷ തന്നെയായിരുന്നു ചർച്ച . പിറ്റേ ദിവസത്തെ പത്രങ്ങളിൽ ചാരു കസേരയിൽ ഇരിക്കുന്ന ആ മുഖം ആദ്യമായ് കണ്ടപ്പോൾ ഒരു കഥ പോലും വായിക്കാത്ത എനിക്ക് അദ്ദേഹത്തോട് വല്ലത്തൊരിഷ്ടം മനസ്സിൽ കയറിക്കൂടി .
ആ കാലത്ത് ദൂരദർശനിൽ എല്ലാ ഞായറാഴ്ച്ചകളിലും നാലു മണിക്ക് സിനിമ ഉണ്ടാകാറുണ്ട് . വരുന്ന ആഴ്ച ബഷീറിന്റെ കഥയായ മതിലുകളാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി . വീട്ടിൽ ടി വി യില്ലാത്തതു കൊണ്ടു തന്നെ കുറച്ചകലെ സ്ഥിരമായി പാൽ വാങ്ങാൻ പോകുന്ന മുല്ലപ്പള്ളി റോഡിലെ സൈനതാത്തയുടെ വീട്ടിലിരുന്ന് മതിലുകൾ മുഴുവനായും കണ്ടു തീർത്തു . ആ മനോഹര ചിത്രം കണ്ടതു മുതൽ ബഷീറിന്റെ കഥകൾ വായിക്കാൻ വല്ലാത്ത താൽപ്പര്യം തോന്നി .
പിന്നീട് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ലൈബ്രറിയിൽ നിന്നും ഇമ്മിണി ബല്ല്യ കഥകൾ വായിക്കാൻ ആരംഭിച്ചത് . പത്താം തരത്തിൽ എത്തിയപ്പോൾ പാഠപുസ്തകമായ പാത്തുമ്മയുടെ ആടും വായിച്ചു മനപാഠമാക്കിയപ്പോൾ അദ്ദേഹം എന്റെ പ്രിയ എഴുത്തുക്കാരനായ് മാറി . പിന്നീട് പ്രബോധിനി വായനശാലയിൽ നിന്നും കനം കൂടിയ സമ്പൂർണ്ണകൃതികളിലെ കഥകളെല്ലാം വായിച്ചു തീർക്കുമ്പോൾ മാസ്മരിക രചനയുടെ രുചി ഞാനറിഞ്ഞു .
എത്ര വായിച്ചാലും കൊതി തീരാത്ത എത്രയെത്ര രചനകൾ . പുതു തലമുറകൾക്കപ്പുറവും ഒളിമങ്ങാതെ വായിച്ചിരിക്കാൻ കഴിയുന്ന ഇമ്പമുള്ള രചനാ ശൈലിക്കൊണ്ട് കോർത്തിണക്കിയ വരികൾ . ചിരിയും ചിന്തയും കരുണയും കണ്ണീരും തുളുമ്പി നിൽക്കുന്ന കഥകളുടെ സുൽത്താൻ ഇന്നും നമുക്കു ചുറ്റും ജീവിക്കുന്നതു പോലെ ഒരു തോന്നൽ .
ബാല്യകാല സഖിയിലെ മജീദും സുഹറയും , പൂവൻപഴത്തിലെ അബ്ദുൽഖാദറും ജമീലാബീവിയും , പിന്നെ മതിലുകളിലെ ബഷീറും നാരായണിയും അങ്ങനെ അനേകം അനേകം അനശ്വര സൃഷ്ടികൾ . വായനക്കാരുടെ ഹൃദയത്തിൽ എഴുതി വെച്ച ഒളിമങ്ങാത്ത കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നു .
അദ്ദേഹത്തെ വായിക്കുന്നതോടൊപ്പം മനസ്സിൽ ഒരു മോഹമുണ്ടായിരുന്നു . അദ്ദേഹത്തിന്റെ പ്രസിദ്ധമായ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഒന്നു പോകണമെന്ന് . അങ്ങിനെ ചാലിയാർ പുഴയുടെ അക്കരെ ബേപ്പൂരിന്റെ മണ്ണിലെ സുൽത്താന്റെ വീട്ടിലേക്ക് ഒരു നാൾ യാത്ര പോയി . ആ മരച്ചുവട്ടിലേറെ നേരം ഇരുന്നു . ഭൂമിയുടെ അവകാശികളുടെ പരന്നുകിടക്കുന്ന തൊടിയിൽ തണൽ വിരിച്ച മരങ്ങൾക്കിടയിലൂടെ ഒഴുകി നടന്നു . മകൻ അനീസ് ബഷീർ അകത്തേക്ക് ക്ഷണിച്ചു . ബഷീറിന്റെ സ്മരണകളുറങ്ങുന്ന മുറിയിൽ കയറി ചുറ്റി നടന്നു അത്‌ഭുതത്തോട്ടെ വീക്ഷിച്ചു . പുരസ്ക്കാരങ്ങൾ , ട്രോഫികൾ , ഭാവനയുടെ ലോകത്തേക്ക് പാറിപ്പറക്കാൻ ചാരിയിരിക്കാറുണ്ടായിരുന്ന ചാരു കസേരയും , സുലൈമാനി നിറച്ചു വെക്കാറുണ്ടായിരുന്ന തെർമ്മൽ ഫ്ലാസ്ക്കും , കറുത്ത ഫ്രയിമിട്ട കണ്ണടയും , എഴുത്ത് ബോർഡും , അതിലെ വെള്ള പേപ്പറിൽ ബഷീറിന്റെ കൈപ്പടയിൽ എഴുതി വെച്ച വരികളും കൺകുളിർക്കേ നോക്കി കണ്ടു . അവിടെ നിന്നും പടിയിറങ്ങുമ്പോൾ സന്ദർശക ഡയറിയിൽ ഞാൻ ഇങ്ങിനെയെഴുതി .
പ്രിയപ്പെട്ട ബഷീർ , അങ്ങ് ബേപ്പുരിന്റെ മാത്രം സുൽത്താനല്ല . ലോക സാഹിത്യത്തിലെ തന്നെ സുൽത്താനാണ് . ഇമ്മിണി ബല്ല്യ സുൽത്താൻ .
ശുഭം