26/08/2026
രൂപീകരണ നാൾ മുതൽ തന്നെ വലിയ പ്രതിസന്ധികളിലൂടെ കടന്നുവന്ന പ്രസ്ഥാനമാണ് എസ്ഡിപിഐ. രാജ്യത്ത് ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റെന്തെങ്കിലും പാർട്ടികൾ ഉണ്ടായിട്ടുണ്ടോ എന്നത് സംശയകരമാണ്. ചരിത്രത്തിൽ തന്നെ അപൂർവമായ വെല്ലുവിളികളും പ്രയാസങ്ങളും നേരിട്ടു.പക്ഷേ, ഓരോ പ്രതിസന്ധിയെയും അതിജീവിച്ചത് പ്രസ്ഥാനത്തിന്റെ ശക്തികൊണ്ടും പ്രവർത്തകരുടെ ആത്മവിശ്വാസം കൊണ്ടുമാണ്.
പ്രതിസന്ധികളുണ്ടായിരുന്നു. പ്രയാസങ്ങളുണ്ടായിരുന്നു.
കേസുകളും ജയിലുകളും അക്രമങ്ങളും രക്തസാക്ഷിത്വവും ഉണ്ടായിരുന്നു. നഷ്ടങ്ങളും വേദനകളും ഉണ്ടായിരുന്നു. സ്വന്തം ജീവിതത്തിലെ സൗകര്യങ്ങൾ പോലും മാറ്റിവെച്ച് കൂടെ നിന്ന മനുഷ്യരുടെ ത്യാഗങ്ങളുണ്ടായിരുന്നു. ഓരോ ഘട്ടത്തിലും തളർന്നുപോകുമെന്ന് കരുതിയിടങ്ങളിൽ നിന്ന്
ഈ പ്രസ്ഥാനം വീണ്ടും ഉയർന്നുവന്നു.
കാലം പലതും പഠിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികൾ വന്നപ്പോൾ ആരൊക്കെ കൂടെയുണ്ടായിരുന്നു എന്നും, പ്രസ്ഥാനം തളരാതെ മുന്നേറാൻ ആരൊക്കെ കരുത്തായി എന്നതും ആരും മറന്നിട്ടില്ല. ചിലർ പോകും. ചിലർ മാറിനിൽക്കും. ചിലർ പുതിയ സുരക്ഷിത ഇടങ്ങൾ കണ്ടെത്തും. പക്ഷേ ഒരു ജനത ഇവിടെത്തന്നെയുണ്ടാകും. ഫാസിസം പരാജയപ്പെടുന്നതുവരെ. ജനാധിപത്യം തിരിച്ചുപിടിക്കുന്നതുവരെ. ഭരണഘടനയുടെ അവകാശങ്ങൾ ഈ രാജ്യത്തെ അവസാനത്തെ പൗരനും അനുഭവിക്കുന്നതുവരെ…
ചില യാത്രകൾ വഴിയിലുള്ള കല്ലുകൾ എണ്ണിയല്ല മുന്നോട്ട് പോകാറുള്ളത്. എത്ര കല്ലുകൾ താണ്ടിയെന്ന് ഓർത്തുകൊണ്ടാണ്!. കാറ്റിലും മഴയിലും വേരുറപ്പിച്ച മരത്തെ ചെറിയ കാറ്റുകൾ കൊണ്ട് പിഴുതെറിയാനുമാവില്ല. ഇനി വഴിയിൽ ആരെങ്കിലും ചെറിയ കല്ലുകൾ വാരിയെറിഞ്ഞാൽ തന്നെ, അത് കൊണ്ട് ഈ വഴി അവസാനിക്കുകയുമില്ല. കാരണം, ചില യാത്രകൾ ആരുടെയെങ്കിലും ഇഷ്ടത്തിനനുസരിച്ചല്ല, കാലത്തിന്റെ ആവശ്യത്തിനനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.
ഈ യാത്ര നിൽക്കില്ല. കാരണം ഇത് ചില വ്യക്തികളുടെ യാത്രയല്ല. ഇത് ഒരു കാലത്തിന്റെ പോരാട്ടമാണ്. നമ്മൾ കടന്നുവന്ന വഴിക്ക് ഒരു ചരിത്രമുണ്ട്. നമ്മൾ മുന്നോട്ട് പോകേണ്ട വഴിക്ക് ഒരു ദൗത്യമുണ്ട്. മുൻ പ്രസിഡന്റ് എ. സഈദ് സാഹിബിന്റെ വാക്കുകൾ കടമെടുത്താൽ ‘ഈ പോരാട്ടത്തിന്റെ അവസാനം വരെ ഇപ്പോഴുള്ള എല്ലാവരും ഉണ്ടാകും എന്ന് നമ്മൾ പ്രതീക്ഷിക്കരുത്.’ അതിലപ്പുറം ഒന്നും പറയാനില്ല തന്നെ!
- ഇർഷാദ് മൊറയൂർ