03/09/2026
പാലക്കാട് മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ചോദിച്ച ഡോക്ടർമാരോട് “ഷോ കാണിക്കല്ലേ” എന്ന് പറയുന്ന എം.പി.!
എക്സ്-റേ മെഷീനില്ല, സി.ടി. സ്കാനില്ല, അത്യാവശ്യ മരുന്നുകളില്ല...
രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് രാപ്പകൽ സമരം ചെയ്യുന്ന ഹൗസ് സർജൻമാരുടെ പ്രശ്നം പരിഹരിക്കുകയാണ് ഒരു ജനപ്രതിനിധി ചെയ്യേണ്ടത്. അല്ലാതെ അവരെ ഭീഷണിപ്പെടുത്തുകയോ പരിഹസിക്കുകയോ അല്ല ചെയ്യേണ്ടത്.
എന്നാൽ സമരം ചെയ്യുന്ന ഡോക്ടർമാരോട് “ഷോ കാണിക്കല്ലേ... വീഡിയോ ഓഫ് ചെയ്തിട്ട് സംസാരിക്ക്” എന്ന് ആക്രോശിക്കുകയും, “നിങ്ങളുടെ കയ്യിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയുമോ?” എന്ന പരിഹാസം നടത്തുകയും ചെയ്യുകയാണ് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ. പാലക്കാട് എം.പി. യുടെ ഈ നടപടി തികഞ്ഞ ധാർഷ്ട്യമാണ്.
രോഗികളുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്ന ഡോക്ടർമാരുടെ സമരം എങ്ങനെയാണ് “ഷോ” ആകുന്നത്?
മെഡിക്കൽ കോളേജിന്റെ ചെയർമാൻ കൂടിയായ എം.പി. 10 ദിവസത്തിലൊരിക്കൽ യോഗം ചേരാറുണ്ടെന്ന് പറയുമ്പോൾ, ആശുപത്രിയിലെ എക്സ്-റേയും സി.ടി. സ്കാനും പ്രവർത്തിക്കുന്നില്ലെന്ന കാര്യം പോലും അറിയില്ലെങ്കിൽ, പിന്നെ ആ യോഗങ്ങൾ എന്തിനുവേണ്ടിയാണ്?
ഒരു എക്സ്-റേ മെഷീൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാൻ സാങ്കേതിക വിദഗ്ധനാകേണ്ടതില്ല. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയായാൽ മതി.
ഡോക്ടർമാരുടെ കയ്യിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുന്നതിന് മുമ്പ്, ചെയർമാൻ എന്ന നിലയിൽ ആശുപത്രിയിലെ എക്സ്-റേയും സി.ടി. സ്കാനും പ്രവർത്തിക്കുന്നുണ്ടോ, രോഗികൾക്ക് മരുന്നുകൾ ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കൂ.
ക്യാമറ ഓഫ് ചെയ്യാൻ പറയുന്നതിന് പകരം ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയൂ.
ഡോക്ടർമാരെ പരിഹസിക്കുന്നതിന് പകരം രോഗികൾക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കൂ.
ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധി ചോദ്യങ്ങൾ ചോദിക്കുന്നവരോട് ഭീഷണിയുടെ ഭാഷയിലല്ല, ഉത്തരവാദിത്തത്തിന്റെ ഭാഷയിലാണ് സംസാരിക്കേണ്ടത്.
വി.കെ. ശ്രീകണ്ഠൻ എം.പി.,
ക്യാമറ ഓഫ് ചെയ്യാൻ പറയുന്നതിന് പകരം ജനങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ മറുപടി പറയാൻ തയ്യാറാകൂ.
അവർ ഷോ കാണിക്കുകയല്ല —
ആശുപത്രിയുടെ യാഥാർത്ഥ്യം ജനങ്ങളെ കാണിക്കുകയാണ്.
ഇത് ഷോ അല്ല.
ഇത് രോഗികളുടെ അവകാശത്തിനായുള്ള സമരമാണ്.
സ. കെ.എസ്. സലീഖ
സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം