19/10/2025
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 53 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന് ആണ് അദ്ദേഹം വേർപിരിഞ്ഞത്. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്‌മരിക്കപ്പെടുന്നതാണ്.
കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠന വേളയിൽത്തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലത്ത് അധ്യാപകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയപ്രവർത്തനം നടത്തിയത്. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അക്കാലത്ത് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ജാതി ആചാരങ്ങൾക്കും യാഥാസ്ഥിതികത്വത്തിനും എതിരായി അന്ന് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായാണ് സി എച്ചും സഹപ്രവർത്തകരും പ്രവർത്തിച്ചത്. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതികരിക്കാനും രൂപംകൊണ്ട കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താ സമാജത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സി എച്ചിന്റെയും മറ്റും പ്രവർത്തനം. നിലനിന്ന പലവിധ അനാചാരത്തെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. നവോത്ഥാനവാദികളോട് ആദ്യഘട്ടത്തിൽ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവരെത്തന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറാകുന്നവിധം നയിക്കാൻ സി എച്ചിന് കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചു. ജാതി ആചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.
തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കാൻ നടത്തിയ സവിശേഷമായ ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, വർഗീയ ശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസ ജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുന്ന കാലമാണിത്. ഈ ഘട്ടത്തിൽ സി എച്ചിനെപ്പോലുള്ളവരുടെ ഇടപെടലിലൂടെ മുന്നേറിയ നവോത്ഥാന സമരങ്ങളിൽനിന്ന് നാം ഊർജം സ്വീകരിക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. 1932ൽ. തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിലും പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ’ എന്നാണ്.