26/07/2025
ജൂലൈ 26
വി സുധാകരൻ ദിനം
സഖാവ് വി സുധാകരൻ വിടപറഞ്ഞിട്ട് ഒരാണ്ട് കൂടി തികയുന്നു. പാർട്ടിക്ക് താലൂക്ക് ഘടകം നിലവിൽ ഉണ്ടായിരുന്ന ഘട്ടത്തിൽ താലൂക്ക് കമ്മിറ്റി അംഗമായും, മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായും ഒക്കെ പ്രവർത്തിച്ച സഖാവാണ് വി സുധാകരൻ. പാർട്ടി പ്രവർത്തനം ദുഷ്കരമായ ഒരു കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിച്ച അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ പഞ്ചായത്ത് എന്ന പേരിലാണ്. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി പി സ്‌കൂൾ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിലൊക്കെ പാർട്ടി അദേഹത്തെ ഏൽപ്പിച്ച എല്ലാ ചുമതലകളും ചിട്ടയായി നിറവേറ്റി. മരിക്കുന്നതിന് കുറച്ച് നാൾ മുമ്പുവരെയും കയ്യിൽ ഒരു ചെറിയ ബാഗും, കുടയുമായി വെള്ള വേഷധാരിയായ ആ സഖാവ് കടയ്ക്കൽ പാർട്ടി ഓഫീസിൽ ഉണ്ടാകുമായിരുന്നു. കടയ്ക്കലിലെ പാർട്ടിക്ക് വെള്ളവും വളവും നൽകി ഇന്നത്തെ പാർട്ടിയെ കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന ഒരുപിടി സഖാക്കളിൽ ഒരാളായ അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.