29/07/2026
2024 ജൂലൈ 30... ആ കറുത്ത രാത്രി കടന്നുപോയിട്ട് നാളേക്ക് രണ്ട് വർഷം തികയുകയാണ്. പുഞ്ചിരിമട്ടത്തെയും ചൂരൽമലയിലെയും മലവെള്ളപ്പാച്ചിൽ നമ്മുടെ നെഞ്ചിലേൽപ്പിച്ച മുറിവുകൾക്ക് കാലമെത്ര കഴിഞ്ഞാലും ഉണക്കമുണ്ടാകില്ല. ഒന്നുമറിയാതെ ഉറങ്ങിക്കിടന്ന നമ്മുടെ പ്രിയപ്പെട്ട 298 ജീവനുകളാണ് ആർത്തലച്ചെത്തിയ ചെളിവെള്ളത്തിൽ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്. ആ ഓർമ്മകൾക്ക് മുന്നിൽ ഇപ്പോഴും നെഞ്ച് പിടയുകയാണ്...
എല്ലാം നഷ്ടപ്പെട്ട്, കണ്ണീർ വറ്റി പകച്ചുനിന്ന ഒരു ജനതയെ നെഞ്ചോട് ചേർത്താണ് കഴിഞ്ഞ രണ്ട് വർഷം നാം അതിജീവനത്തിന്റെ പാതയിലൂടെ നടന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും ഇപ്പോൾ ഒരു മന്ത്രി എന്ന നിലയിലും പ്രവർത്തിക്കുമ്പോൾ എന്നെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയതും, എന്നാൽ പിന്നീട് അതിലേറെ ചാരിതാർഥ്യം നൽകിയതും നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിലാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്, 'ഇനിയെന്ത്' എന്ന് ചോദിച്ച് നിന്ന ആ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ കൂടി ആ മലവെള്ളത്തിൽ ഒഴുകിപ്പോകുന്നത് നോക്കിനിൽക്കാൻ നമുക്കാവുമായിരുന്നില്ല.
അങ്ങനെയാണ് അന്ന് 'എം.എൽ.എ കെയർ' എന്ന പദ്ധതിയിലൂടെ 143 മക്കളുടെ പഠനച്ചെലവുകൾ നമ്മൾ ഏറ്റെടുത്തത്. അതിൽ 95 പേർ ഇന്ന് പഠനം പൂർത്തിയാക്കിയിരിക്കുന്നു എന്ന് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ ശബ്ദം ഇടറുന്നുണ്ട്! അവരിൽ 15 പേർക്ക് ഇതിനോടകം ജോലി ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരിൽ 34 പേർ ഉപരിപഠനം നടത്തുമ്പോൾ 5 പേർ ഇന്റേൺഷിപ്പിലാണ്. ഈ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ സുമനസ്സുകളെ ഈയവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ദുരന്തബാധിതർക്ക് പുറമെ, വയനാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് കുട്ടികളിലേക്കും ഈ പദ്ധതി നമ്മൾ ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇന്നവർക്ക് ഞാൻ വെറുമൊരു ജനപ്രതിനിധിയോ മന്ത്രിയോ അല്ല, അവരുടെ സ്വന്തം കുടുംബാംഗമാണ്. ലോകത്തിന്റെ പല കോണിലിരുന്നും തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അവർ എന്നെ വിളിച്ചറിയിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും. ദുരന്തം തകർത്ത ആ ജീവിതങ്ങളിൽ പുതിയ പ്രതീക്ഷകളുടെ വെളിച്ചം വീശാൻ കഴിഞ്ഞുവെന്നത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.
വെറും കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് മാത്രമല്ല യഥാർത്ഥ പുനരധിവാസം. അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ അതിജീവനം സാധ്യമാകേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും നമ്മുടെ കടമ അവിടെ അവസാനിക്കാത്തതും അതുകൊണ്ടാണ്. വീടും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടിട്ടും, ബാങ്ക് വായ്പകളുടെ പേരിൽ ആ പാവങ്ങളെ വേട്ടയാടുന്ന അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനൊരു പരിഹാരം കാണണമെന്ന് തൊണ്ടപൊട്ടി ആവശ്യപ്പെട്ടിട്ടും അവർ മുഖം തിരിച്ചു നിൽക്കുകയാണുണ്ടായത്. എന്നാൽ ഇന്ന് ഭരണമാറ്റമുണ്ടായപ്പോൾ ആ ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരമാകുകയാണ്. വായ്പാ വിഷയത്തിൽ ദുരന്തബാധിതർക്ക് ആശ്വാസമേകാൻ നമ്മുടെ സർക്കാർ ഇപ്പോൾ അടിയന്തര ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഷയം ശാശ്വതമായി പരിഹരിക്കാൻ ഒരു മന്ത്രി എന്ന നിലയിൽ ഞാൻ മുൻപന്തിയിൽ തന്നെയുണ്ട്.
എന്റെ പ്രിയപ്പെട്ടവരേ... നിങ്ങളിൽ ഒരാളുടെയെങ്കിലും കണ്ണീർ ബാക്കിയുണ്ടെങ്കിൽ, അവസാനത്തെ ആളുടെയും പരാതികൾക്ക് പൂർണ്ണ പരിഹാരമാകുന്നത് വരെ നിങ്ങളുടെ സ്വന്തം കുടുംബാംഗമായി ഞാൻ എപ്പോഴും കൂടെത്തന്നെയുണ്ടാകും. മുണ്ടക്കൈയും ചൂരൽമലയും ഇനിയും ഉയിർത്തെഴുന്നേൽക്കും... നമ്മൾ അതിജീവിക്കും, ഒരുമിച്ച്..