01/06/2026
പുതിയ അദ്ധ്യയനവർഷത്തിലേക്ക് കടക്കുന്ന എല്ലാ മക്കൾക്കും കണ്ണൂർ സിറ്റി പോലീസിന്റെ ആശംസകൾ!
സുരക്ഷിതമായും സന്തോഷമായും പഠനത്തിൽ മികവ് പുലർത്താൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണേ..
🔸റോഡ് മുറിച്ചുകടക്കാൻ എപ്പോഴും സീബ്രാ ക്രോസിംഗ് ഉപയോഗിക്കുക. നടക്കുമ്പോൾ ഫുട്പാത്തിലൂടെ മാത്രം നടക്കുക, ഇല്ലെങ്കിൽ റോഡിന്റെ വലതുവശം ചേർന്ന് നടക്കുക. നിർത്തിയിട്ട വാഹനങ്ങൾക്ക് മുന്നിലോ പിന്നിലോ കൂടി റോഡ് മുറിച്ചുകടക്കരുത്. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കൈയോ തലയോ പുറത്തിടരുത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. തിരക്ക് ഒഴിവാക്കാൻ കൃത്യസമയത്ത് വീട്ടിൽ നിന്നും ഇറങ്ങുക.
🔸പഠനത്തിനും വിനോദത്തിനും കൃത്യമായ സമയക്രമം ഉണ്ടാക്കുക. ദിവസവും എന്ത് പഠിക്കണം എന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുക. ക്ലാസിൽ അധ്യാപകർ പറയുന്നത് ശ്രദ്ധിക്കുക, സംശയങ്ങൾ അപ്പോൾ തന്നെ ചോദിച്ചു തീർക്കുക. പഠനത്തിനൊപ്പം ഉറക്കത്തിനും വിശ്രമത്തിനും മതിയായ സമയം നൽകുക.
🔸സോഷ്യൽ മീഡിയയ്ക്കും ഫോണിനും പ്രത്യേക സമയം മാത്രം മാറ്റിവെക്കുക. രക്ഷിതാക്കളുടെ ഫോൺ അവരുടെ അനുവാദത്തോടെ മാത്രം ഉപയോഗിക്കുക.
🔸സുഹൃത്തുക്കൾ നിർബന്ധിച്ചാലും ലഹരിയോട് 'ഇല്ല' എന്ന് ധൈര്യത്തോടെ പറയുക. ലഹരി ഉപയോഗിക്കുന്നവരുമായി കൂട്ടുകൂടാതിരിക്കുക. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അറിഞ്ഞാൽ ഉടൻ അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കുക. സഹായത്തിനായി 112 എന്ന എമർജൻസി നമ്പർ എപ്പോഴും ഓർമ്മയിലുണ്ടാവട്ടെ.
🔸മാനസിക സമ്മർദ്ദം അനുഭവപ്പെട്ടാൽ അധ്യാപകരോടോ, രക്ഷിതാക്കളോടോ, അടുത്ത സുഹൃത്തുക്കളോടോ തുറന്നു സംസാരിക്കുക. കൂടുതൽ പിന്തുണ ആവശ്യമുണ്ടെങ്കിൽ കേരള പോലീസിന്റെ 'ചിരി' ഹെൽപ്പ് ലൈൻ നമ്പറായ 9497900200-ൽ വിളിക്കുക.