15/05/2021
KSU കാസറഗോഡ് ജില്ലാ സെക്രട്ടറി
ഉക്രൈനിലേക്ക് വിസ വാഗ്ദാനം ചെയ്ത് കെ എസ് യു കാസർകോട് ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാമും സഹോദരനും സംഘവും വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തകന്റെ പരാതി.
കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതി പിന്നീട് കോടതി അന്വേഷണത്തിനുത്തരവിട്ടത് പ്രകാരം
ബേഡകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണ്. പരാതി പ്രകാരം പലപ്പോഴായി 4,79,000 രൂപ പരാതിക്കാരനായ കോൺഗ്രസ് പ്രവർത്തകനിൽ നിന്നും വാങ്ങിയാണ് മാർട്ടിനും സംഘവും വിസ വാഗ്ദാനം ചെയ്തത്. എന്നാൽ വ്യാജ വിസ നൽകി വഞ്ചിക്കുകയും ഇപ്പോൾ വാങ്ങിയ പണം ആവശ്യപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുകയുമാണ്.
മാർട്ടിനൊപ്പം സഹോദരൻ ടിൽവിൻ എബ്രഹാം, ജിനു ബാബു, മനു വർഗീസ്, സുനിൽ ചന്ദ്രൻ, വൈശാഖ് എന്നിവർ അടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി..പ്രതികൾ കൊടുത്ത വ്യാജ വിസയും മറ്റ് രേഖകളും ഉപയോഗിച്ച് വിമാനം കയറിയ തട്ടിപ്പിനിരയായ വ്യക്തി ഉക്രൈൻ എമിഗ്രേഷൻ പിടിയിലാവുകയും, ഡീപോർട്ടെഷൻ ചെയ്യുകയുമാണ് ഉണ്ടായത്. അനധികൃത എമിഗ്രേഷൻ നടപടികളിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്നും തട്ടിപ്പിനിരയായ വ്യക്തി പറയുന്നത്.
ഈ ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ വൻ വ്യാജവിസ സംഘം തന്നെ പ്രവർത്തിക്കുന്നു എന്നാണ് പരാതിക്കാരന്റെ ആക്ഷേപം. സംഘടനയ്ക്കകത്തെ സ്വാധീനം ഉപയോഗിച്ച് വൻ വിസ തട്ടിപ്പാണ് മാർട്ടിനും സംഘവും നടത്തുന്നത് എന്നാണ് ആരോപണം. കാസർഗോട്ടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്നെയുള്ള ഒരാളുടെ സാമ്പത്തിക തട്ടിപ്പ് പുറത്തായിട്ടും മൗനം പാലിക്കുകയാണ് സംഘടനയും അതിന്റെ നേതൃത്വവും.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ഇരകളെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്ന ഇവരുടെ വലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.