24/05/2026
ഇടത് സർക്കാരിന്റെ കാലത്ത് കേരളത്തിലെ PWD റെസ്റ്റ് ഹൗസുകൾ ജനങ്ങൾക്ക് യഥാർത്ഥത്തിൽ തുറന്നുകൊടുത്ത ഒരു ജനകീയ സംവിധാനമായി മാറിയത് ചരിത്ര നേട്ടമായിരുന്നു. മുമ്പ് പൊതുജനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടായിരുന്ന റെസ്റ്റ് ഹൗസുകൾ ഇന്ന് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സാധാരണ കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യമായി മാറി. പ്രത്യേകിച്ച് P A Muhammad Riyas മന്ത്രിയായെത്തിയതിന് ശേഷം “People’s Rest House” പദ്ധതിയിലൂടെ PWD റെസ്റ്റ് ഹൗസുകൾ പൂർണ്ണമായും നവീകരിക്കുകയും ജനകീയമാക്കുകയും ചെയ്തു.
2021ൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതിന് ശേഷം വെറും നാല് വർഷത്തിനിടെ മാത്രം 5,26,798 ബുക്കിംഗുകളാണ് PWD റെസ്റ്റ് ഹൗസുകളിൽ രേഖപ്പെടുത്തിയത്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് ഏകദേശം 32 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. മുൻകാലങ്ങളിൽ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന സർക്കാർ ആസ്തികളെ വരുമാനമാർഗമാക്കി മാറ്റിയതും ഇടത് സർക്കാരിന്റെ ഭരണ മികവിന്റെ തെളിവാണ്. രണ്ട് വർഷത്തിനുള്ളിൽ മാത്രം 1.78 ലക്ഷം ഓൺലൈൻ ബുക്കിംഗുകളിലൂടെ 10 കോടി രൂപയുടെ അധിക വരുമാനം സർക്കാർ നേടിയെന്നതും ശ്രദ്ധേയമാണ്.
2021 നവംബർ മുതൽ പൊതുജനങ്ങൾക്ക് റെസ്റ്റ് ഹൗസുകൾ തുറന്നുകൊടുത്തതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ തന്നെ 4,604 ബുക്കിംഗുകളും 27.84 ലക്ഷം രൂപ വരുമാനവും ലഭിച്ചിരുന്നു. പിന്നീട് ഇത് വൻ വളർച്ചയായി മാറി. ഇന്ന് സംസ്ഥാനത്തെ 155-ലേറെ റെസ്റ്റ് ഹൗസുകളിൽ 1150-ത്തിലധികം മുറികളാണ് ജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. മൂന്നാർ, ആലപ്പുഴ, കോഴിക്കോട്, തൈക്കാട് തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ റെസ്റ്റ് ഹൗസുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. പല സ്ഥലങ്ങളിലും വരുമാനം മൂന്നിരട്ടിയായി വർധിച്ചു.
സ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റെസ്റ്റ് ഹൗസുകൾ വെറും താമസകേന്ദ്രങ്ങളായി മാത്രം നിർത്താതെ, മികച്ച ശുചിത്വം, കുടുംബസൗഹൃദ അന്തരീക്ഷം, ഓൺലൈൻ സുതാര്യ ബുക്കിംഗ് സംവിധാനം, നവീകരിച്ച മുറികൾ, സ്ത്രീകൾക്കും കുട്ടികൾക്കും അനുയോജ്യമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. സർക്കാർ സംവിധാനങ്ങൾ ജനങ്ങൾക്കായി ഉപയോഗിക്കാമെന്ന ആത്മവിശ്വാസം ഈ പദ്ധതിയിലൂടെ സാധാരണക്കാരന് ലഭിച്ചു.
ഇന്ന് കേരളത്തിൽ കുറഞ്ഞ ചിലവിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ താമസ സൗകര്യം തേടുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായി PWD റെസ്റ്റ് ഹൗസുകൾ മാറിയിരിക്കുന്നു. സ്വകാര്യ ഹോട്ടൽ ലോബികൾക്ക് വലിയ വെല്ലുവിളിയായ ഈ പദ്ധതി സാധാരണ ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും സഹായിച്ചു. ഒരു കുടുംബത്തിന് ദിവസേന ആയിരക്കണക്കിന് രൂപ ലാഭിക്കാവുന്ന രീതിയിലാണ് സർക്കാർ നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതുവഴി വർഷത്തിൽ കോടിക്കണക്കിന് രൂപ സാധാരണ ജനങ്ങളുടെ കയ്യിൽ തന്നെ ലഭിക്കുന്ന സാഹചര്യം ഉണ്ടായി.
എന്നാൽ ഇപ്പോൾ യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഒരാഴ്ചയ്ക്കകം തന്നെ ബുക്കിംഗുകൾ റദ്ദാകാൻ തുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നത് അത്യന്തം സംശയാസ്പദമാണ്. ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭിക്കരുതെന്നും, വീണ്ടും വൻകിട സ്വകാര്യ ഹോട്ടൽ ലോബികളുടെ പിടിയിലേക്ക് ജനങ്ങളെ തള്ളിവിടണമെന്നുമുള്ള സമീപനമാണ് സതീശൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് കാണുന്നത്. സാധാരണ ജനങ്ങൾക്ക് സഹായകരമായ സർക്കാർ സംവിധാനങ്ങളെ തകർത്തു കോർപ്പറേറ്റ് ഹോട്ടൽ മാഫിയയ്ക്ക് വഴിയൊരുക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത് എന്ന വിമർശനം ശക്തമാകുകയാണ്.
ഇടത് സർക്കാർ ജനങ്ങളുടെ പണം ജനങ്ങൾക്കായി വിനിയോഗിച്ച് സർക്കാർ ആസ്തികളെ ജനകീയ ആസ്തികളാക്കി മാറ്റിയപ്പോൾ, സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫ് സർക്കാർ വീണ്ടും ആ സൗകര്യങ്ങൾ സ്വകാര്യ ലോബികൾക്ക് അനുകൂലമായി തകർക്കാൻ ശ്രമിക്കുകയാണ്. ജനങ്ങൾക്ക് ലഭിച്ചിരുന്ന വിലക്കുറവും, സുതാര്യ സംവിധാനവും, സുരക്ഷിത താമസ സൗകര്യവും ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് നിർമ്മിച്ച റെസ്റ്റ് ഹൗസുകൾ വീണ്ടും സമ്പന്നർക്കും സ്വകാര്യ ഹോട്ടൽ മാഫിയയ്ക്കും വേണ്ടി മാറ്റിവയ്ക്കാനുള്ള രാഷ്ട്രീയമാണ് യു.ഡി.എഫ് പിന്തുടരുന്നത്.
- Shareef KP