20/08/2026
ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ; ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം
ഓണക്കാല വിപണി കീഴടക്കാൻ കുടുംബശ്രീയുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമായി ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കമായി. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന മേള നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ സാലി മാത്യു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ജയകുമാർ, മെമ്പർ സെക്രട്ടറി പ്രകാശ്, സി.ഡി.എസ് വൈസ് പ്രസിഡന്റ് ത്രിവേണി ദിലീപ് എന്നിവർ സംസാരിച്ചു.
നാടൻ രുചിയും ഗുണമേന്മയും ഉറപ്പുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ജനങ്ങളിലേക്ക് എത്തിച്ച്' ഈ ഓണം കുടുംബശ്രീയോടൊപ്പം' എന്ന ടാഗ് ലൈനോടുകൂടിയാണ് കുടുംബശ്രീ ജില്ലാമിഷൻ ഓണവിപണനമേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംരംഭകരുടെയും കർഷകരുടെയും ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം, ഓണക്കാലത്ത് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപണന സാധ്യത വർധിപ്പിക്കാനും മേള ലക്ഷ്യമിടുന്നു.
നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കരവരട്ടി, ചിപ്സ്, വിവിധതരം പായസങ്ങൾ, പായസം മിക്സുകൾ, ചായ, ലഘു ഭക്ഷണങ്ങൾ, തുണിത്തരങ്ങൾ, അടുക്കള ഉപകരണങ്ങളായ കത്തി മുതൽ ചീനച്ചട്ടി വരെയുള്ള ഉൽപ്പന്നങ്ങൾ, കുടുംബശ്രീയുടെ ബ്രാൻഡഡ് കറി പൗഡറുകൾ, ചമ്മന്തിപ്പൊടികൾ, വിവിധതരം സ്ക്വാഷുകൾ, പച്ചക്കറി വിത്തുകൾ, തുടങ്ങിയവയും മേളയിൽ വിപണനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുടുംബശ്രീയുടെ ജെ.എൽ.ജി അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ബന്ദിപ്പൂക്കൾ മുൻകൂർ ഓർഡർ അനുസരിച്ച് വിപണനത്തിനായി എത്തിച്ചു നൽകും.
ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമാവശ്യമായ വിവിധ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിലൂടെ കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ വിപണി ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജില്ലാതല മേളയ്ക്ക് പുറമേ ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും രണ്ട് ഓണം വിപണനമേളകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും ഓണക്കാലത്ത് മികച്ച വരുമാനം ഉറപ്പാക്കാനും സാധിക്കും.
കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സംരംഭ യൂണിറ്റ് അംഗങ്ങൾ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മാർക്കറ്റിംഗ് ജില്ലാ പ്രോഗ്രാം മാനേജർ ജോബി ജോൺ നന്ദി പറഞ്ഞു.