23/03/2026
കടുത്തുരുത്തിയിൽ മാറ്റത്തിന്റെ കാറ്റായി ഡൊമിനിക് സൈമൺ; സാധാരണക്കാരന്റെ പാർട്ടിയായ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു
പാലാ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ ആം ആദ്മി പാർട്ടി (AAP) സ്ഥാനാർത്ഥിയായി പ്രമുഖ സാമൂഹിക പ്രവർത്തകനും പാർട്ടിയുടെ കരുത്തുറ്റ പോരാളിയുമായ ശ്രീ. ഡൊമിനിക് സൈമൺ വാലിയീൽ പുത്തൻപുരയിൽ മത്സരിക്കും. കുര്യനാട്, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം സ്കൂളുകളിൽ ദീർഘകാലം അദ്ധ്യാപകരായിരുന്ന ശ്രീ. സൈമൺ പി. തോമസിന്റെയും ശ്രീമതി ക്ലാരമ്മ സൈമണിന്റെയും മകനാണ് ഡൊമിനിക് സൈമൺ. പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പൂർത്തിയാക്കിയ അദ്ദേഹം, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠനം ആരംഭിച്ചു. തുടർന്ന് സൗദി അറേബ്യയിൽ ഐടി മാനേജറായി സേവനമനുഷ്ഠിക്കുന്നതിനിടയിൽ സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.സി.എ (MCA) ബിരുദവും കരസ്ഥമാക്കി.
പ്രവാസ ലോകത്തെ അഴിമതികൾക്കെതിരെയും പ്രവാസികളുടെ അവകാശങ്ങൾക്കായും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്.2018-ൽ പ്രവാസി ലീഗൽ സെൽ (Pravasi Legal Cell) മികച്ച വിവരാവകാശ പ്രവർത്തകനായി ഇദ്ദേഹത്തെ ആദരിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രവാസികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്.
2014 മുതൽ ആം ആദ്മി പാർട്ടിയുടെ സജീവ പ്രവർത്തകനാണ് ഡൊമിനിക്. സൗദിയിലെ ഇന്ത്യൻ എംബസിയിലെ അഴിമതി ചോദ്യം ചെയ്തതിനെത്തുടർന്ന് എംബസി നൽകിയ കള്ളപ്പരാതിയിൽ മൂന്നുമാസം സൗദിയിൽ ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നിട്ടും തന്റെ പോരാട്ടവീര്യം അദ്ദേഹം കൈവിട്ടില്ല. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയായ വിപുലമായ രാഷ്ട്രീയ പരിചയം അദ്ദേഹത്തിനുണ്ട്. നിലവിൽ ആം ആദ്മി പാർട്ടിയുടെ കോട്ടയം ജില്ലാ കൗൺസിൽ അംഗമാണ്.
"അഴിമതിരഹിതമായ ഭരണസംവിധാനത്തിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് എന്റെ ലക്ഷ്യമെന്നും. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി നടപ്പിലാക്കിയ വിപ്ലവാത്മകമായ ഭരണ മാതൃകകൾ കടുത്തുരുത്തിയിലും യാഥാർത്ഥ്യമാക്കുമെന്ന് ഡൊമിനിക് പറഞ്ഞു. "
നമ്മുടെ മണ്ഡലത്തിലെ വിഭവശേഷി പൂർണ്ണമായും പ്രയോജനപ്പെടുത്തി കൃഷി, കൃഷി അധിഷ്ഠിത വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് ഡൊമിനിക് സൈമൺ അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക (IT) സ്ഥാപനങ്ങളും ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മണ്ഡലത്തിൽ സ്ഥാപിച്ച് നമ്മുടെ യുവതലമുറയ്ക്ക് നാട്ടിൽ തന്നെ മികച്ച ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച നിലവാരമുള്ള ചികിത്സയും വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കും. ഡൽഹി മാതൃകയിൽ സൗജന്യവും തടസ്സമില്ലാത്തതുമായ വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കുമെന്നും, പ്രവാസികൾക്കും നാട്ടുകാർക്കും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്ന മികച്ച പെൻഷൻ പദ്ധതികൾ നടപ്പിലാക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഫണ്ട് ദുർവിനിയോഗത്തിനും കെടുകാര്യസ്ഥതയ്ക്കും അറുതി വരുത്തി, ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായ ജനക്ഷേമ രാഷ്ട്രീയത്തിന് മുൻഗണന നൽകാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ട് നമ്മുടെ കുട്ടികൾക്ക് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാതെ സ്വന്തം നാട്ടിൽ തന്നെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും, മാറ്റത്തിനായി 'ചൂൽ' അടയാളത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം വിനീതമായി അഭ്യർത്ഥിച്ചു."