11/08/2026
‘എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ’; 14 അവയവങ്ങൾ ദാനം ചെയ്ത് എല്ലാവർക്കും മാതൃകയാവുകയാണ് രാജ്യസഭാ എംപി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി
'എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു...' വൈകാരികവും ഹൃദയസ്പർശിയുമായ ഈ വാക്കുകളിലൂടെ സമൂഹത്തിന് ഒന്നാകെ മാതൃകയാവുകയാണ് രാജ്യസഭാ എംപി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. മരണാനന്തരം തന്റെ ശരീരത്തിലെ 14 അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയാണ് അവർ ഏവർക്കും പ്രചോദനമാകുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിലാണ് (NOTTO) അവർ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തന്റെ മരണം 14 പേർക്ക് പുതിയൊരു തുടക്കമാകുമെന്നും, അതുകൊണ്ട് 14 ജീവിതസാധ്യതകളാണ് തുറക്കപ്പെടുന്നതെന്നും നിഷ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് മറ്റൊരാൾക്ക് മോചനം നൽകുന്ന വൃക്ക, പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചിലവഴിക്കാൻ അവസരം നൽകുന്ന കരൾ, ശ്വാസകോശം എന്നിങ്ങനെ തന്റെ ശരീരഭാഗങ്ങളിലൂടെ 14 പേർക്കാണ് പുതുജീവൻ ലഭിക്കുക. ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവൻ പകരട്ടെ എന്നാണ് അവർ കുറിച്ചത്.
മക്കളോടും പ്രിയപ്പെട്ടവരോടുമായി വളരെ വൈകാരികമായ ഒരു സന്ദേശവും ഈ കുറിപ്പിലുണ്ട്. താൻ വിടവാങ്ങുമ്പോൾ അചേതനമായ ശരീരത്തെ പിടിച്ചുവെക്കാതെ സ്നേഹത്തെ ചേർത്തുപിടിക്കണമെന്നും, ശരീരം ആവശ്യമുള്ളവരിലേക്ക് എത്താൻ അനുവദിക്കണമെന്നുമാണ് അവർ പറയുന്നത്. വലിയ സ്വത്തോ പണമോ അല്ല, മറിച്ച് കുറച്ചു പേർക്കെങ്കിലും പുതിയൊരു 'ജീവൻ' സമ്മാനിച്ചാണ് അമ്മ മടങ്ങിയതെന്ന് മക്കൾ ഓർക്കണമെന്നും നിഷ ആഗ്രഹിക്കുന്നു.
അവയവദാനത്തിന്റെ മഹത്വം പൊതുസമൂഹത്തെ ഓർമ്മിപ്പിക്കുന്നതിനൊപ്പം, ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കായി നോട്ടോയുടെ (NOTTO) രജിസ്ട്രേഷൻ ലിങ്കും അവർ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. ഈ ലോകത്ത് നിന്ന് വിടപറയാനുള്ള ഏറ്റവും മനോഹരമായ മാർഗ്ഗം മറ്റൊരാൾക്ക് ജീവൻ നൽകുകയാണെന്ന അവരുടെ ഈ സന്ദേശം സമൂഹത്തിന് വലിയൊരു വഴികാട്ടിയാണ്.
രജിസ്ട്രേഷൻ ലിങ്ക്:
https://notto.mohfw.gov.in/donor-pledge-login-page