01/07/2026
മലയാളികളെ കണ്ണീരിലാഴ്ത്തിയ ആ കുടുംബത്തെ മരിക്കുന്നതിന് തൊട്ടുമുൻപ് നേരിൽ കണ്ട ഒരു അധ്യാപിക പങ്കുവെച്ച ഹൃദയഭേദകമായ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. കഴിഞ്ഞ ശനിയാഴ്ച, അതായത് ജൂൺ ഇരുപതാം തീയതി ആലുവ എസ്.പി ഓഫീസിൽ വെച്ചാണ് അധ്യാപികയായ ലിജ അരവിന്ദ് ഈ കുടുംബത്തെ അവിചാരിതമായി കണ്ടുമുട്ടുന്നത്. കാഴ്ചയില്ലാത്ത സ്വന്തം ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൂട്ടി ഒരുപാട് പ്രതീക്ഷകളോടെയാണ് ആ പിതാവ് അവിടെ എത്തിയത്. ഭാര്യയെ ഒരു കസേരയിൽ ഇരുത്തി, പനി പിടിച്ചു തളർന്ന മകനെ തോളിൽ കിടത്തി നിൽക്കുന്ന ആ അച്ഛന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് ഒരു കവറും ഭാര്യയുടെ കയ്യിലുള്ള ഒരു ബാഗും മാത്രമായിരുന്നു. എന്നാൽ ആ സങ്കടങ്ങൾക്കിടയിലും ആ വിസിറ്റേഴ്സ് റൂമിൽ ഓടിനടന്നിരുന്നത് അവരുടെ മകളായ ഹന്ന എന്ന കൊച്ചുമിടുക്കിയായിരുന്നു.
കസേരകളിൽ നിന്ന് കസേരകളിലേക്ക് ചാടിനടന്ന ആ രണ്ടാം ക്ലാസുകാരി പെട്ടെന്നുതന്നെ അധ്യാപികയുമായി കൂട്ടായി. തന്റെ കയ്യിലിരുന്ന 'ബാലരമ'യുമായി അവൾ അവരുടെ അടുത്തേക്ക് ചെല്ലുകയും, പിന്നീട് ആ അമ്മയുടെ ബാഗിൽ നിന്നും ഒരു പേനയെടുത്ത് ഒരു നോട്ടീസിന്റെ പുറത്ത് അവർ ഇരുവരും ചേർന്ന് കണക്കുകൾ കൂട്ടിയെഴുതി കളിക്കുകയും ചെയ്തു. അത്രമേൽ നിഷ്കളങ്കമായ ആ നിമിഷങ്ങൾക്കിടയിൽ, അച്ഛൻ നൽകിയ ജ്യൂസ് മുഴുവൻ കുടിക്കാതെ പനിയുള്ള തന്റെ കുഞ്ഞനുജന് വേണ്ടി ബാക്കിവെച്ച അവളുടെ സ്നേഹം അധ്യാപികയെ ഏറെ അദ്‌ഭുതപ്പെടുത്തി. ഇംഗ്ലീഷ് അക്ഷരങ്ങൾ വായിക്കുമ്പോൾ 'എന്റെ ടീച്ചർ അങ്ങനെയല്ലല്ലോ പറഞ്ഞുതന്നത്' എന്ന് ചോദിക്കുന്ന അവളുടെ കുറുമ്പുകൾക്കിടയിൽ അവളുമായി ചിരിച്ചുല്ലസിക്കുമ്പോഴും ആ കുടുംബം അനുഭവിക്കുന്ന തീരാദുഃഖത്തിന്റെ ആഴം ആ അധ്യാപിക അറിഞ്ഞിരുന്നില്ല. വാടകവീട് നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആ കുടുംബം ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു എന്ന് അവരുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
എസ്.പിയെ കണ്ട് പുറത്തിറങ്ങിയ ആ കുടുംബത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ട എന്ന് ആ അച്ഛൻ പറഞ്ഞെങ്കിലും, അവർ നിർബന്ധിച്ച് ആ കുടുംബത്തിന് ഭക്ഷണം നൽകാനായി കൊണ്ടുപോയി. തിരികെ മടങ്ങാൻ നേരത്ത് 'ടീച്ചറേ പോവാണോ, ടാറ്റാ' എന്ന് പറഞ്ഞ് കൈവീശിക്കാണിച്ച ആ കൊച്ചുമിടുക്കിയും അവളുടെ കുടുംബവും ഇനി ഈ ലോകത്ത് ഇല്ലെന്ന വാർത്ത കേട്ടതിന്റെ വലിയ നടുക്കത്തിലാണ് ആ അധ്യാപിക ഇപ്പോൾ. ജീവിക്കാൻ വേണ്ടി ആ മനുഷ്യൻ കാഴ്ചയില്ലാത്ത ഭാര്യയെയും കുഞ്ഞുങ്ങളെയും കൊണ്ട് എത്രമാത്രം അലഞ്ഞിട്ടുണ്ടാകും എന്നോർത്ത് വിതുമ്പുകയാണ് അവർ. കുറച്ചു സമയത്തെ പരിചയം മാത്രമാണെങ്കിലും ആ കുഞ്ഞ് നൽകിയ സ്നേഹവും, അവർക്ക് യാതൊരു സഹായവും ചെയ്യാൻ കഴിയാതെ പോയതിന്റെ കുറ്റബോധവും അധ്യാപികയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഒരിക്കൽ കൂടി എവിടെയെങ്കിലും വെച്ച് അവരെ കണ്ടുമുട്ടുമെന്ന പ്രതീക്ഷ കാത്തുസൂക്ഷിച്ച ആ ടീച്ചറുടെ മുന്നിലേക്ക് അവരുടെ മരണവാർത്ത എത്തുമ്പോൾ, അത് നമ്മുടെ സമൂഹത്തിന് നേരെ ഉയർത്തുന്ന വലിയൊരു ചോദ്യചിഹ്നം കൂടിയാണ്. കാലം അവർക്കായി കാത്തുവെച്ച വിധി എത്ര ക്രൂരമായിരുന്നു എന്ന് ഈ കുറിപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു.🙏🙏😞😞
കടപ്പാട്