12/05/2026
NEET പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണം കേന്ദ്ര സർക്കാരിന്റെ അനാസ്ഥ– AISB
NEET പ്രവേശന പരീക്ഷകളുടെ നടത്തിപ്പിൽ തുടർച്ചയായി ഉണ്ടാകുന്ന ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചകളും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്ന് AISB കൺവീനർ ജാല ജയവർധൻ പറഞ്ഞു. NEET പരീക്ഷയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വം സ്വകാര്യ ഏജൻസികൾക്ക് കൈമാറിയ കേന്ദ്ര സർക്കാരിന്റെ നടപടി പരീക്ഷയുടെ സുതാര്യത നഷ്ടപ്പെടുത്തുകയും വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് AISB ആരോപിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത്, ആയിരക്കണക്കിന് രൂപ ചെലവഴിച്ച് പരിശീലനം നേടി മെഡിക്കൽ വിദ്യാഭ്യാസത്തിനായി NEET പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ, ചോദ്യപേപ്പർ ചോർച്ച സത്യസന്ധമായി പഠിച്ച വിദ്യാർത്ഥികൾക്കെതിരായ വലിയ അനീതിയാണ് . ഇത് ഒരു പരീക്ഷയിലെ സാധാരണ പിഴവല്ല, രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിലേക്കുള്ള വിശ്വാസത്തെ തകർക്കുന്ന സംഭവമാണ്
ഓരോ വർഷവും പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ പുറത്തുവരുമ്പോഴും കേന്ദ്ര സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് ദൗർഭാഗ്യകരമാണ് . പരീക്ഷാ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറി വിദ്യാഭ്യാസത്തെ ഒരു വ്യാപാരമാക്കി മാറ്റുകയും വിദ്യാർത്ഥികളുടെ ജീവിതവുമായി കളിക്കുകയുമാണ് സർക്കാരിന്റെ നയമെന്ന് വിമർശിച്ചു.
NEET ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമായാൽ പരീക്ഷ വീണ്ടും നടത്തണമെന്നും AISB ആവശ്യപ്പെട്ടു. ദേശീയതല പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് പൂർണമായും സർക്കാരിന്റെ കീഴിലും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയും നടത്തേണ്ടതുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളുടെ ഭാവിയുമായി കളിക്കുന്ന നയങ്ങൾ കേന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസ സംവിധാനത്തിലേക്കുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും AISB ആവശ്യപ്പെട്ടു.