18/05/2026
കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനത്തെത്തുടർന്ന് ദക്ഷിണ റെയിൽവേയിൽ 15,495 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. 95,336 സ്ഥിരം തസ്‌തികയുള്ളതിൽ 79,841 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. ഗ്രൂപ്പ് സി ആൻഡ് ഡി കാറ്റഗറികളിലാണ് ഒഴിവുകൾ ഏറെയും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശിന്റെയും കർണാടകയുടേയും ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ദക്ഷിണ റെയിൽവേ സോൺ.
കേരളത്തിലെ രണ്ട് ഡിവിഷനിൽ മൂവായിരത്തോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പാലക്കാട് ഡിവിഷനിൽമാത്രം 1170 പേരുടെ ഒഴിവുണ്ട്. 10,823 തസ്‌തികയുള്ള തിരുവനന്തപുരം ഡിവിഷനിൽ 9,069 പേർ മാത്രമാണുള്ളത്. കൂടുതൽ തസ്‌തികയുള്ള ചെന്നൈ ഡിവിഷനിൽ 23,302 തസ്‌തികയിൽ 3,151 എണ്ണം ഒഴിവാണ്. 10,028 തസ്‌തികയുള്ള തിരുച്ചിറപ്പിള്ളി ഡിവിഷനിൽ 1,472 കസേരകളിൽ ആളില്ല. കേരളത്തോട് ചേർന്ന് കിടക്കുന്ന സേലം ഡിവിഷനിൽ 1,404 ഒഴിവുണ്ട്.
മധുര ഡിവിഷനിലെ 8982 തസ്‌തികയിൽ 1218എണ്ണം ഒഴിഞ്ഞുകിടക്കുന്നു. സുരക്ഷാ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ആർപിഎഫിൽ ആകെയുള്ള 4,395 തസ്‌തികയിൽ 3,216 പേരാണ് നിലവിലുള്ളത്. അക്കൗണ്ട്‌സ് വിഭാഗത്തിൽ 965 പേരുടെയും ചെന്നൈയിലെ രായപുരം പ്രസ്സിൽ ഏഴുപേരുടെയും ഒഴിവ് നികത്താനുണ്ട്. ഏറ്റവും കുറവ് തസ്‌തികയുള്ളത് രായപുരം പ്രസ്സിലാണ്. ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് 664 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. പെരമ്പൂർ കോച്ച് ഫാക്ടറിയിൽ 393, ലോക്കോ വർക്‌സിൽ 158 എന്നിങ്ങനെയാണ് ഒഴിവ്. തിരുച്ചറപ്പള്ളി ഗോൾഡൻ റോക്ക് വർക്‌ഷോപ്പിൽ 382 തസ്‌തികയുണ്ട്.
ഇന്ത്യൻ റെയിൽവേയിൽ ആകെ ഒഴിവ് മൂന്നരലക്ഷത്തിലധികമാണ്. വർഷത്തിൽ 20 ശതമാനം തസ്‌തിക ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരുവർഷത്തിനിടെ നിർത്തലാക്കിയത് 29,808 തസ്‌തികയാണ്. അമ്പതിനായിരത്തിലധികംപേർ ഒരോ വർഷവും വിരമിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള നിയമനവും നടക്കുന്നില്ല. രാജ്യത്താകമാനം തുടരുന്ന നിയമന നിരോധനം കേന്ദ്ര സർക്കാർ റെയിൽവേയിലും തുടരുകയാണ്.