24/12/2024
ക്രിസ്മസിലെന്ത് ആനന്ദം ?
യേശുക്രിസ്തുവിന്റെ ജന്മസ്ഥലം ഒരു ഗുഹ പോലുള്ള കാലിത്തൊഴുത്തിലേയ്ക്കുള്ള പ്രവേശകവാടമായി എന്നത്
ദൈവത്തിന്റെ ബോധപൂർവമായൊരു തെരഞ്ഞെടുപ്പാണ്.
തലയും ഉടലും കുമ്പിട്ട് വളഞ്ഞ് ക്ലിഷ്ടമായി മാത്രം കടന്ന് കൂടാൻ കഴിയുന്ന അവിടം ദൈവത്തെ ആരാധിക്കാനും മനുഷ്യനെ സ്നേഹിക്കാനും സ്വയം സജ്ജമാക്കി നേടുന്ന വിനയം വേണമെന്ന മനുഷ്യർക്കുള്ള സൂചനയാണ് നല്കുന്നത്.
അകന്മഷരും നിരക്ഷരരുമായ അജപാലകരും അറിവിന്റെ അഗ്രഗണ്യസ്ഥാനം അലങ്കരിക്കുന്ന രാജാക്കന്മാരും പുൽക്കൂട്ടിൽ യേശുവിനെ കാണാനെത്തുന്നതിലെ സൗകുമാര്യം കേവലം യാദൃച്ഛികമായ സംഗമമായല്ലാ കണക്കാക്കേണ്ടത്.. അതൊരു ആസൂത്രിത നിശ്ചയമാണ്. അതോടൊപ്പമുള്ള ആടുകളുടെയും കഴുതകളുടെയും സാന്നിദ്ധ്യം പ്രത്യേക പ്രതീകകങ്ങളെന്ന നിലയിൽ ശ്രദ്ധാർഹമാണ്. ഉണ്ണിയേശുവിന്റെ ജനനം ഒരു മോചന സംസ്കാരത്തിന്റെ സൃഷ്ടിയാണ്.
അധികാരത്തിന്റെ അഹംഭാവത്തിൽ നിന്നുള്ള മോചനം,
അറിവിന്റെ അഹങ്കാരത്തിൽ നിന്നുള്ള മോചനം,
സമ്പത്തിന്റെ അഹന്തയിൽനിന്നുള്ള മോചനം,
അത്യാർത്തിയുടെ അതിരേകത്തിൽ നിന്നുള്ള മോചനം,
അലങ്കാരങ്ങളുടെ പൂർണ്ണിമയിൽ നിന്നുള്ള മോചനം,
ആഢംബരങ്ങളുടെ ശബളിമയിൽ നിന്നുള്ള മോചനം,
ആഘോഷങ്ങളുടെ അർത്ഥരാഹിത്യത്തിൽ നിന്നുമുള്ള മോചനം,
ശക്തിയുടെയും അതിന്റെ പ്രകടനാത്മകതയിൽ നിന്നുമുള്ള മോചനം ;
താനൊരു നന്മ നിറഞ്ഞവനാണെന്നുള്ള അഹന്തയിൽ നിന്നുള്ള മോചനം,
അഹങ്കാരമില്ലാത്തവനാണ് ഞാനെന്ന അഹംബോധത്തിൽനിന്നുള്ള മോചനം.
അതു വഴി താനൊരു ഒഴിഞ്ഞ പാത്രം മാത്രമാണെന്ന് സ്വയം ബോധ്യപ്പെടുന്ന സംഘർഷം നിറഞ്ഞ സന്ദർഭത്തിൽ നിന്നുടലെടുക്കുന്ന അപൂർവ്വമായ സമാധാനത്തിന്റെ , സ്വസ്ഥതയുടെ അനുഭൂതിയാണ് ക്രിസ്മസ് നൽകുന്ന ആനന്ദം .
എല്ലാവർക്കും ക്രിസ്മസ് - പുതുവത്സരാശംസകൾ !