16/06/2026
നിലേശ്വരത്ത് സർവ്വീസ് റോഡ്, ഓവുചാൽ നിർമ്മാണത്തിലെ മെല്ലെപ്പോക്ക്: ജൂൺ 22 നകം പണികൾ തീർക്കാൻ ആർ.ഡി.ഒ.യുടെ കർശന നിർദ്ദേശം
നീലേശ്വരം: പ്രദേശത്തെ സർവ്വീസ് റോഡിൻ്റെയും ഓവുചാലിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ ആർ.ഡി.ഒ (RDO) മനോജ് കെ.ആർ ൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആർ.ഡി.ഒ.യുടെ ചേംബറിൽ നടന്ന ചർച്ചയിൽ മേഘ കൺസ്ട്രക്ഷൻ പ്രതിനിധികളും ജനകീയ സമര സമിതി ഭാരവാഹികളും പങ്കെടുത്തു. മുൻപ് തീരുമാനിച്ചതുപ്രകാരം ജൂൺ 22-നകം നിർദ്ദിഷ്ട പണികളെല്ലാം പൂർത്തിയാക്കണമെന്നും, ഇതിൻ്റെ പുരോഗതി വിലയിരുത്താൻ ജൂൺ 20-ന് വീണ്ടുമൊരു അവലോകന യോഗം ചേരുമെന്നും ആർ.ഡി.ഒ വ്യക്തമാക്കി.
മാർക്കറ്റ് ജംഗ്ഷനിൽ അശാസ്ത്രീയമായി ജില്ലിപ്പൊടിയിട്ട് കുഴികൾ നികത്തിയത് കാരണം കടുത്ത പൊടിശല്യത്താൽ ജനജീവിതം ദുസ്സഹമായ അവസ്ഥ സമരസമിതി ചൂണ്ടിക്കാട്ടി. ഇതിന് അടിയന്തര നടപടിയായി ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ ഈ ഭാഗത്തെ ടാറിംഗ് ജോലി പൂർത്തിയാക്കാൻ ആർ.ഡി.ഒ ആവശ്യപ്പെട്ടു.
രാജാ റോഡ് മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള ഡ്രെയിനേജ് പണിയിൽ, വീണ്ടും രണ്ടാമതൊരു ഇലക്ട്രിക് പോസ്റ്റിന് സമീപം ഓവുചാൽ വളച്ചുകൊണ്ട് നിർമ്മിക്കുന്നതിൻ്റെ തെളിവുകൾ സമരസമിതി നിരത്തി. ഈ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കാൻ നിർദ്ദേശം നൽകി.
പോലീസ് സ്റ്റേഷന് സമീപമുള്ള അണ്ടർപാസിനടുത്തുള്ള സർവീസ് റോഡിൽ, സ്ലാബ് പൊട്ടിയിട്ട് രണ്ട് മാസമായിട്ടും മാറ്റമില്ലാതെ തുടരുന്ന അവസ്ഥ ജനകീയ സമര സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതിന് ഇന്ന് വൈകുന്നേരത്തിനകം പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസം തെരു റോഡിൽ വലിയ ലോറി തട്ടി വൈദ്യുത കമ്പി പൊട്ടി വീണ് വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സർവീസ് റോഡിൻ്റെയും ഓവുചാലിൻ്റെയും പണി എത്രയും വേഗം തീർത്ത് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആർ.ഡി.ഒ ആവശ്യപ്പെട്ടു. പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി ഇന്ന് വൈകുന്നേരം 4 മണിക്ക് ആർ.ഡി.ഒ സ്ഥലം സന്ദർശിക്കും.
ചർച്ചയിൽ ജനകീയ സമര സമിതിയെ പ്രതിനിധീകരിച്ച് ശ്രീനാഥ് ശശി ടി.സി.വി., ഡി. രാജൻ, മഹമ്മൂദ് കോട്ടായി, പ്രകാശൻ കൊട്ടറ എന്നിവർ പങ്കെടുത്തു സംസാരിച്ചു. എന്നാൽ, ജനകീയ സമര സമിതി പ്രതിനിധികളോടൊപ്പം ചർച്ചയ്ക്ക് ഇരിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റി ചെയർമാനും കർമ്മസമിതി അംഗങ്ങളും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
പണികൾ കൃത്യസമയത്ത് പൂർത്തിയാക്കാത്ത പക്ഷം കർശന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
NILESHWAR CITY MEDIA
゚viralシ