12/04/2020
ശഖീഖുൽ ബലഖിയുടെ ഒരു അനുഭവം ചരിത്രകാരന്മാർ ഉദ്ധരിക്കുന്നുണ്ട്. ഐഹിക ലോകത്തോട് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന അദ്ദേഹം ആരാധനകളിൽ മുഴുകി കഴിയുകയായിരുന്നു. ഒരു ദിവസം ഒരു കച്ചവട യാത്ര നടത്താൻ അദ്ദേഹം തീരുമാനിച്ചു. തന്റെ സുഹൃത്തായ ഇബ്റാഹീമുബിനു അദുഹാമിനോട് യാത്ര പറഞ്ഞു അദ്ദേഹം പുറപ്പെട്ടു. എന്നാൽ, ഏതാനും നാളുകൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മടങ്ങിവന്നു. അന്നേരം അദ്ദേഹത്തെ കണ്ടുമുട്ടിയ ഇബ്രാഹീമുബ്ന് അദുഹം അത്ഭുതപ്പെട്ടു. ലക്‌ഷ്യം പൂർത്തിയാക്കാതെ പെട്ടെന്ന് യാത്ര മതിയാക്കി തിരുച്ചുവന്നതിന്റെ കാരണമാരാഞ്ഞു. തന്റെ യാത്രയുടെ ഗതി തിരിച്ചുവിട്ടു, തന്നെ മടങ്ങാൻ പ്രേരിപ്പിച്ച ആ സംഭവം അദ്ദേഹം വിവരിച്ചു:
വഴിക്കുവച്ചു വിശ്രമിക്കാനായി വാഹനപ്പുറത്തുനിന്നിറങ്ങിയ അദ്ദേഹം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് പോയി. അപ്പോൾ ചലിക്കാൻ പോലും സാധിക്കാത്ത വിധം അംഗവൈകല്യം സംഭവിച്ച , കാഴ്ചശക്തി നഷ്ടപ്പെട്ട ഒരു പക്ഷിയെ അവിടെ കണ്ടു. അതിന്റെ അവസ്ഥ കണ്ടു അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. വിജനമായ പ്രദേശത്തു അംഗവൈകല്യമുള്ള, കാഴ്ചശേഷിയില്ലാത്ത ഈ പക്ഷിക്ക് എവിടെ നിന്നാണ് തീറ്റ ലഭിക്കുക എന്ന് ചിന്തിച്ചുകൊണ്ട് നിൽക്കെ വേറൊരു പക്ഷി തീറ്റയുമായി അവിടെ പറന്നെത്തി അതിനെ തീറ്റിച്ചു. ഏതാനും നാളുകൾ പക്ഷികളെ വീക്ഷിച്ചുകൊണ്ടു അദ്ദേഹം അവിടെ തങ്ങി. ഈ ഒഴിഞ്ഞ പ്രദേശത്തു അതിദാരുണമായ അവസ്ഥയിലുള്ള ഈ പക്ഷിക്ക് അന്നം നൽകിയവൻ തീർച്ചയായും എനിക്കും ഉപജീവനം നല്കാൻ കഴിവുള്ളവൻ തന്നെ! എന്ന് ആത്മഗതം ചെയ്തു യാത്ര അവസാനിപ്പിച്ച് അദ്ദേഹം മടങ്ങാൻ തീരുമാനിച്ചു.
ഈ സംഭവവിവരണം കേട്ടപ്പോൾ ഇബ്രാഹിമുബ്ന് അദ്ഹം ചോദിച്ചു: അല്ലയോ ശഖീഖ്, മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ചു കഴിയുന്ന അവശയായ ആ പക്ഷിയെപ്പോലെ ആയാൽ മതി എന്ന് കരുതി സമാധാനിക്കാൻ താങ്കൾക്കെങ്ങനെ സാധിച്ചു? എന്തുകൊണ്ട്, അത്യധ്വാനം ചെയ്തു ഭക്ഷണ ധാന്യങ്ങളുമായി വന്ന പക്ഷിയെപ്പോലാവാൻ കൊതിച്ചില്ല? ഉയർന്ന കയ്യാണ് താഴ്ന്ന കൈയെക്കാൾ ശ്രേഷ്ഠമെന്നു പ്രവാചകൻ പറഞ്ഞത് താങ്കൾക്ക് അറിയില്ലേ ? ഉടനെ ശഖീഖ് ഇബ്രാഹിമുബ്ന് അദുഹാമിന്റെ കൈ ചുംബിച്ചുകൊണ്ട് പറഞ്ഞു: അല്ലയോ അബൂഇസ്ഹാഖ്, താങ്കളാണ് നമ്മുടെ ഗുരു!
തവക്കുൽ
ഡോ. യൂസുഫുൽ ഖറദാവി