02/08/2026
കേരളീയ സാംസ്കാരിക ജീവിതത്തിൽ മഹാ സാന്നിദ്ധ്യമായി നിറഞ്ഞു നിന്ന പ്രൊഫസർ എം.കെ.സാനുമാസ്റ്ററുടെ സ്‌മരണ എക്കാലവും നിലനിർത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‌കുവാൻ എറണാകുളം കേന്ദ്രമാക്കി പ്രൊഫ.എം.കെ.സാനു സാംസ്‌കാരിക കേന്ദ്രത്തിന് രൂപം കൊടുത്തു. സാനു സമ്മാനം എന്ന പേരിൽ സമഗ്ര സംഭാവന പുരസ്‌കാരവും, യുവപ്രതിഭ പുരസ്കാ രവും നല്കുന്നു.
സാംസ്കാരിക കേന്ദ്രത്തിൻ്റെ പ്രഥമ സാനു സമ്മാനം പ്രഖ്യാപിക്കുന്നു. (സമഗ്ര സംഭാവന പുരസ്‌കാരവും, യുവ പ്രതിഭ പുരസ്കാരവും)
സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന സാനു സമ്മാനം -2026 പുരസ്‌കാരം ഡോക്‌ടർ എം. ലീലാ വതി ടീച്ചർക്കാണ് നല്‌കുന്നത്. ഏഴു പതിറ്റാണ്ടു നീണ്ട എഴുത്തു ജീവിതം മല യാളിക്ക് ഈടുറ്റ ഒട്ടേറെ കൃതികൾ സമ്മാനിച്ചു. മലയാളികളുടെ സാമൂഹിക ജീവിതത്തിൽ എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിലെല്ലാം നിറ സാന്നിദ്ധ്യമായ ഡോ.എം.ലീലാവതി ടീച്ചർക്ക് ഒരുലക്ഷം രൂപ സമ്മാന തുകയും, ശില്പി ഉണ്ണി കാനായി രൂപകല്പന ചെയ്ത ശില്‌പവും പ്രശംസ പത്രവുമാണ് നൽകുന്നത്.
സാനു സമ്മാനം 2026 യുവപ്രതിഭ പുരസ്‌കാരം ഡോ:വിനിൽ പോളിനാണ് നല്കുന്നത്. ചരിത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ ഡോ:വിനിൽ പോൾ നിരവധി അംഗീകാരങ്ങൾ നേടിയ യുവ പ്രതിഭയാണ്. അടിമ കേരളത്തിൻ്റെ അദ്യശ്യ ചരിത്രം, ദളിത് ചരിത്ര ദംശനം, മഞ്ചാടിക്കരി, മൃഗയ: കേരളത്തിൻ്റെ നായാട്ടു ചരിത്രം, തർക്കിത ഭൂതകാലം തുടങ്ങിയ കൃതികളുടെ രചയിതാവായ ഡോ വിനിൽ പോൾ കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ ചരിത്രവിഭാഗം അസി സ്റ്റന്റ് പ്രൊഫസറാണ്. ഇരുപത്തി അയ്യായിരം രൂപയും, ഉണ്ണി കാനായി രൂപകല്പന ചെയ്ത ശില്‌പവും, പ്രശസ്‌തി പത്രവുമാണ് സാനു സമ്മാനം 2026 യുവ പ്രതിഭാ പുരസ്‌കാര ജേതാവിന് നല്കുന്നത്.
എല്ലാവർഷവും, ഈവിധം അവാർഡുകൾ നല്‌കുക, സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുക, അനുസ്‌മരണ പ്രഭാഷണങ്ങൾ നടത്തുക തുടങ്ങിയ വിവിധങ്ങളായ പരിപാടികളാണ് എം.കെ.സാനു സാംസ്കാരിക കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.
പ്രഥമ സാനു സമ്മാന വിതരണവും അനുസ്‌മരണ ചടങ്ങും ഇന്ന് 2026 ആഗസ്റ്റ് 2 ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
2026 ആഗസ്റ്റ് 2ന് വൈകീട്ട് 4 ന് ബോട്ടുജെട്ടിയിലുള്ള ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ വെച്ചാണ് അനുസ്‌മരണ ചടങ്ങ്. പ്രസ്തുത ചടങ്ങിൽ പ്രമുഖ പത്രപ്രവർത്തകൻ ആർ. രാജഗോപാലും ഡോ.സുനിൽ പി ഇളയിടവുമായുള്ള സംവാദ സദസ്സ് ഉണ്ടാകും.
പ്രൊഫ.എം.കെ. സാനു സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റ് എൻ.എസ്. മാധവൻ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്‌മരണ ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
എൻ.എസ്.മാധവൻ, ഡോ.കെ.ജി.പൗലോസ്, ഡോ. സുനിൽ പി ഇളയിടം, തനുജ ഭട്ടതിരി എന്നിവരടങ്ങുന്ന ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.