28/12/2020
DAY : 28
എച്ച് എച്ച്.ഐ.വി അണുബാധയുള്ള വ്യക്തിയോടൊപ്പം സുരക്ഷിതമായി ജീവിക്കാൻ കഴിയും
രക്തം, ശുക്ലം, യോനിദ്രവം, മുലപ്പാൽ എന്നിങ്ങനെയുള്ള ശരീര ദ്രവങ്ങളിൽ കൂടി മാത്രമാണ് എച്ച്.ഐ.വി അണുബാധ പകരുന്നത്. അതുകൊണ്ടു തന്നെ ഒരേ വീട്ടിലോ സമൂഹത്തിലോ അണുബാധിതനോടൊപ്പം താമസിച്ച് സാധാരണ ജീവിതം പുലർത്തുന്നവർക്ക് അണുബാധ ഉണ്ടാകുവാനുള്ള സാധ്യത ഇല്ല.
ഒന്നിലധികം ലൈംഗികപങ്കാളികളുമായി ഉറ ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയോ, അണുബാധയുള്ള വ്യക്തിയുടെ രക്തമോ, രക്തഉത്പന്നങ്ങളോ ശരീരത്തിൽ ഉപയോഗിക്കുന്നതിലൂടെയോ, കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന സൂചി ഉപയോഗത്തിന് ശേഷം പങ്കുവക്കുന്നതിലൂടെയോ, എച്ച്.ഐ.വി. അണുബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലോ, പ്രസവസമയത്തോ, മുലയൂട്ടുന്നതിലൂടെയോ മാത്രമേ അണുബാധ പകരുകയുള്ളു.
നീന്തൽക്കുളങ്ങൾ, ടോയ്‌ലറ്റുകൾ, വീട്ടുപകരണങ്ങൾ, ഭക്ഷണപാനീയങ്ങൾ എന്നിവ പങ്കിടുന്നതിലൂടെയോ ഒരേ മുറിയിൽ താമസിക്കുന്നതിലൂടെയോ ചുംബനത്തിൽ കൂടെയോ എച്ച്.ഐ.വി അണുബാധ പകരില്ല. വായുവിലൂടെയോ കൊതുകുകളോ മറ്റു പ്രാണികളോ വഴിയോ എച്ച്.ഐ.വി അണുബാധ പകരുന്നതല്ല. കണ്ണുനീർ, വിയർപ്പ്, ഉമിനീർ, ഛർദ്ദിൽ, മൂത്രം, എന്നിവയിലൂടെവയും എച്ച്.ഐ.വി അണുബാധ പകരുന്നില്ല. അണുബാധയില്ലാത്തവർ അണുബാധയുള്ള വ്യക്തിയുടെ ശരീര ദ്രവങ്ങളുമായി സമ്പർക്കം പുലർത്തേണ്ടി വന്നാൽ കയ്യുറകൾ ധരിക്കുന്നത് നല്ലതാണ്.
ആയതിനാൽ അണുബാധിതരോടൊപ്പമുള്ള ജീവിതം ഏതൊരു സാധാരണ വ്യക്തിയുടെയും കൂടെയെന്നപോലെ സുരക്ഷിതമാണ്.
അകറ്റി നിർത്തേണ്ടത് അണുബാധയെയാണ്... അണുബാധിതരെയല്ല.