27/08/2018
കുറച്ചു പ്രളയകാല ചിന്തകള്‍...
ഓഗസ്റ്റ് ഒന്നാം തീയതിയാണ് സുഹൃത്തും കടുത്ത കമ്മ്യൂണിസ്റ്റുകാരനുമായ അനീഷ് ഷംസുദീന്റെ (Anish Shamsudhin) പോസ്റ്റ് വരുന്നത്. ഇടുക്കിയും ഇടമലയാറും നിറഞ്ഞുകൊണ്ടിരിക്കുന്നു..ഇത് രണ്ടും ഒരുമിച്ചു തുറന്നാല്‍ വന്‍ പ്രളയമാകും സംഭവിക്കാന്‍ പോകുന്നത് .അതുകൊണ്ട് ഇവ കുറേശ്ശെ തുറന്നുവിട്ടു ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം എന്നതായിരുന്നു അതിന്‍റെ ചുരുക്കം...
ഒമ്പതാം തീയതി വീണ്ടും അനീഷിന്‍റെ പോസ്റ്റ്.ചരിത്രത്തിലാദ്യമായി ഇടമലയാറും ഇടുക്കിയും ഒന്നിച്ചു തുറന്നു..അടിപൊളി..രണ്ടു ഡാമുകളും ഒന്നിച്ചു നിറഞ്ഞപ്പോള്‍ ഏതങ്കിലും ഒന്ന്‍ നേരത്തെ തുറക്കെണ്ടാതായിരുന്നു...
ഇത് അനീഷ് മാത്രം പങ്കുവെച്ച ആശങ്കയല്ല..ഏപ്രില്‍ മുതല്‍ തന്നെ കേരളത്തില്‍ നല്ല മഴയുണ്ട്. ഇടവപ്പാതി കനത്തതാകും, സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകും എന്ന കാലാവസ്ഥ പ്രവചനങ്ങളും ഉണ്ടായിരുന്നു...ജൂലായ് അവസാനത്തോടെ ഇടുക്കിയും , ഇടമലയാറും, ലോവര്‍ പെരിയാറും ,ശബരിഗിരിയും ,കക്കിയും, പീച്ചിയും ,മലമ്പുഴയുമെല്ലാം ജലനിരപ്പ് തൊണ്ണൂറു ശതമാനം പിന്നിട്ടു. ചുരുക്കത്തില്‍ ആ സമയം മുതല്‍ കിഴക്കന്‍ മലനിരകളിലെ ഈ ജലബോംബുകളുടെ ഭീഷണിയില്‍ ആയിരുന്നു കേരളവും മൂന്നരക്കോടി ജനങ്ങളും.അപ്പോള്‍ ചെറുതോണിയില്‍ തമ്പടിച്ച മാധ്യമപ്രവർത്തകരോട് മന്ത്രി മണി പറഞ്ഞത് നിങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഡാം തുറക്കാന്‍ കഴിയില്ല എന്നാണു...മണിയുടെ ഒപ്പം നിന്ന ചീഫ് എഞ്ചിനീയര്‍ പറഞ്ഞത് ,ഡാം തുറന്നാല്‍ മണിക്കൂറില്‍ പത്തുലക്ഷം രൂപയുടെ ജനറേഷന്‍ ലോസ്സ് ഉണ്ടാകുമെന്നാണ്...
ഡാം തുറക്കുമ്പോള്‍ ഇരുപത്തിനാല് മണിക്കൂര്‍ മുന്നറിയിപ്പ് കൊടുക്കും, ജനങ്ങളെ ഒഴിപ്പിക്കും എന്നെല്ലാം പറഞ്ഞവര്‍ തന്നെ ഒന്‍പതാം തീയതി രാവിലെ പത്തരക്ക് പറയുന്നു ,രണ്ടു മണിക്കൂറിനുള്ളില്‍ ട്രയല്‍ റൺ തുടങ്ങാന്‍ പോകുന്നു എന്ന് ..കൃത്യം പന്ത്രണ്ടരക്ക് ആദ്യഷട്ടര്‍ തുറന്നു...മണിക്കൂറുകള്‍ക്കകം വീണ്ടും രണ്ടണ്ണം ...പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവനും...അപ്പോഴേക്കും ഇടമലയാര്‍ ,ലോവര്‍ പെരിയാര്‍ ഷട്ടറുകളും തുറന്നു...നാലഞ്ച് മണിക്കൂറിനുള്ളില്‍ ഈ വെള്ളമെല്ലാം ആലുവയിലെത്തി..വിമാനത്താവളമടക്കം എല്ലാം പ്രളയജലം വിഴുങ്ങി...
മാധ്യമങ്ങളും ക്യാമറകളും ചെറുതോണിയില്‍ വട്ടമിട്ടു കറങ്ങിയപ്പോള്‍ പമ്പാനദിയിലെ ശബരിഗിരിയും കക്കിയുമൊക്കെ നിറഞ്ഞുകവിയാന്‍ തയ്യാറെടുക്കുകയായിരുന്നു..അവ മാത്രമല്ല കേരളത്തിലെ 39 ഡാമുകളും പത്താം തീയതിയോടെ സംഭാരണശേഷിയുടെ പരമാവധിയില്‍ എത്തിക്കഴിഞ്ഞിരുന്നു..
അറുനൂറു കിലോമീറ്റര്‍ നീളവും ശരാശരി എഴുപത് കിലോമീറ്റര്‍ വീതിയുമുള്ള കേരളത്തില്‍ നാൽപ്പത്തിനാല് നദികള്‍. അതില്‍ 39 മേജര്‍ ഡാമുകള്‍, ചെറിയ ഡാമുകള്‍ അടക്കം ആകെ 85 ഡാമുകള്‍ ...അതായത് ശരാശരി ഏഴു കിലോമീറ്ററിന് ഒരു ഡാം...ഇത്ര ചെറിയ ഒരു പ്രദേശത്ത് ഇത്രയധികം ഡാമുകള്‍ ഉള്ള ഒരു സ്ഥലം ലോകത്തില്‍ തന്നെ അപൂര്‍വ്വമാണ്.
ഇടവപ്പാതി, തുലാവര്‍ഷം എന്നിങ്ങനെ കൃത്യമായി മണ്‍സൂണ്‍ പെയ്യുന്ന കേരളം..ഓരോ മണ്‍സൂണിലും പെയ്യുന്ന ശരാശരി മഴ കൃത്യമായി അറിയാവുന്ന സംവിധാനം...എത്ര മഴ പെയ്യുന്നു, അപ്പോള്‍ എത്ര വെള്ളം ഉണ്ടാകും, എത്ര വെള്ളം ഒഴുകിയെത്തും, ഡാം തുറക്കേണ്ടി വരുമോ, തുറന്നാല്‍ എപ്പോള്‍ എങ്ങിനെ, ഇത്ര വെള്ളം ഒഴുക്കിയാല്‍ എവിടെയൊക്കെ എത്ര വെള്ളം ഉയരും, അപ്പോള്‍ എന്തൊക്കെ നടപടികള്‍ മുന്‍കൂറായി എടുക്കണം ...ഇതെല്ലാം ഇവിടെ ഉണ്ടാകേണ്ടതല്ലേ..വാട്ടര്‍ ലെവല്‍ മാനെജ്മെന്റ് എന്നത് പുസ്തകത്തില്‍ ഉറങ്ങാനുള്ള സാധനമല്ല...
അവിടെയാണ് ഈ സര്‍ക്കാര്‍ പൊറുക്കാനാവാത്ത തെറ്റുചെയ്തത്..അസമയത്ത് ശബരിഗിരി തുറന്നു..അവര്‍ക്കറിയാം, ആ പെരുവെള്ളപ്പാച്ചില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് റാന്നിയില്‍ എത്തുമെന്ന്..അവരത് ജനങ്ങളെ അറിയിച്ചോ..ഒരു വാഹനത്തില്‍ അനൌണ്‍സ് ചെയ്യുകയെങ്കിലും ചെയ്തോ..പോട്ടെ അവിടുത്തെ എംഎല്‍എ രാജു അബ്രഹാമിനെ എങ്കിലും അറിയിച്ചോ...നട്ടപ്പാതിരക്ക് വീട്ടുകാരെ തട്ടിയുണര്‍ത്തിയത് വീടുകളില്‍ പാഞ്ഞുകയറിയ മലവേള്ളതിന്റെ തണുപ്പാണ്...ആ വെള്ളം അടുത്ത മൂന്നുമനിക്കൂരില്‍ ആറന്മുളയേയും, പിന്നീടുള്ള രണ്ടു മണിക്കൂറില്‍ ചെങ്ങന്നൂരിനെയും വിഴുങ്ങുമ്പോഴും എം.എല്‍.എ മാരായ വീണ ജോര്‍ജോ ,സജി ചെറിയാനോ നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നില്ല... കൊച്ചുവെളുപ്പാൻ കാലത്ത് ബാണാസുരസാഗർ തുറന്ന് വിട്ടത് കളക്ടർ പോലുമറിഞ്ഞില്ല...
ഡാം തുറന്ന്‍ ആറുമണിക്കൂര്‍ ഉണ്ടായിരുന്ന നിര്‍ണ്ണായക സമയം പോലും പാവം ജനങ്ങള്‍ക്ക് നല്‍കിയില്ല...ഇതിനെന്താണ് പറയേണ്ടത്..
എന്‍റെ അടുത്ത സുഹൃത്തും മുതിർന്ന ജേർണ്ണലിസ്റ്റുമായ രാജേഷ് പിള്ള (Rajesh Pillai ) ഈ ദുരന്തത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്. ചെങ്ങന്നൂര്‍ കോഴിപ്പാലത്തുള്ള വീടിന്‍റെ രണ്ടാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോള്‍ അദ്ദേഹം ഭ്രാന്തെടുത്ത് എല്ലാവരെയും വിളിക്കുകയായിരുന്നു..അപ്പോള്‍ ആണറിയുന്നത് , ചെങ്ങന്നൂരെയോ ആറന്മുളയിലെയോ ഫയര്‍ സ്റ്റെഷനോ പോലീസ് സ്റ്റേഷനോ ഒരു ബോട്ടോ ഡ്രൈവറോ ഇല്ല എന്നത്...ആറന്മുളയില്‍ വെള്ളം കയറിയാല്‍ ആദ്യം മുങ്ങുന്നത് അവിടുത്തെ പോലീസ് സ്റ്റേഷന്‍ ആണ്...അദ്ദേഹം വിളിക്കുമ്പോള്‍ എഴുപോലീസുകാര്‍ ടെറസില്‍ കയറി നില്‍ക്കുകയാണ്...
സാധാരണയില്‍ കവിഞ്ഞ മഴ കാരണം നിറഞ്ഞു കിടന്ന പുഴകളിലെക്ക് ഡാമുകളിലെ വെള്ളം കൂടി വന്നതാണല്ലോ ഈ മഹാപ്രളയത്തിന്റെ കാരണം ..പമ്പയിലേക്ക് ഒഴുകിച്ചേരുന്ന അച്ചന്‍കോവിലാറിലെ വെള്ളം പമ്പയിലെ ജലനിരപ്പുയര്‍ന്നത് കാരണം അവിടേക്ക് ഒഴുകിയില്ല...പകരം, കോന്നിയും പന്തളവുമെല്ലാം നക്കിയെടുത്ത് പാഞ്ഞു...അപ്പോഴാണ് മുഖ്യമന്ത്രി ചോദിക്കുന്നത് , അച്ചന്‍കോവിലില്‍ ഡാമില്ലല്ലോ അവിടെങ്ങനാ വെള്ളം പൊങ്ങിയത് എന്ന്...സ്വന്തം സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതിയെപ്പറ്റിയുള്ള ഒരു മുഖ്യമന്ത്രിയുടെ അറിവാണ് ഇവിടെ കാണുന്നത്.
2013 ല്‍ ഹിമാലയന്‍ നിരകളില്‍ പ്രകൃത്യാ രൂപപ്പെട്ട ഒരു കൂറ്റന്‍ മഞ്ഞുതടാകം പെരുമഴയില്‍ പൊട്ടിയോലിച്ച പ്രലയജലമാണ് ഉത്തരഖണ്ടിനെ ചവച്ചു തുപ്പിയത്. അതുപോലുള്ള എണ്‍പത് മനുഷ്യനിര്‍മ്മിത ജലബോംബുകളാനു പശ്ചിമഘട്ടനിരകളില്‍ നാം ഉണ്ടാക്കിവെച്ചിരിക്കുന്നത്...അങ്ങിനെയുള്ള ഈ സംസ്ഥാനത്താണ് ഇത്ര ഭീകരമായ അനാസ്ഥയും കെടുകാര്യസ്ഥതയും നടമാടിയത്..തുടക്കത്തില്‍ പറഞ്ഞപോലെ, ഡാം സേഫ്റ്റി വിദഗ്ധനോ എഞ്ചിനിയറോ ഒന്നുമല്ലാത്ത ,പെരിയാറിന്റെ മനസ്സറിയുന്ന അനീഷ് ഷംസുദീന്‍ പറഞ്ഞ കോമന്‍ സെന്‍സെങ്കിലും ഭരണകൂടം സ്വീകരിചിരുന്നങ്കില്‍ ഈ മഹാപ്രളയം ഇത്ര ഭീകരമാവില്ലയിരുന്നു...
ഇതൊരു പാഠമാണ് എന്നാണു പുതിയ ഭാഷ്യം...നിങ്ങള്‍ക്കൊക്കെ പാഠം പഠിച്ചു പരീക്ഷയെഴുതാനുള്ളതല്ല മൂന്നരക്കോടി ജനങ്ങളുടെ ജീവനും ജീവിതവും എന്നതാണ് അതിനുത്തരം ...
ചരിത്രം പൊറുക്കില്ല
✍️Shabu Prasad..