05/09/2026
ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദവും വൈവിധ്യവും: മന്ത്രി റോജി എം. ജോൺ
വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പരസ്പരം മനസ്സിലാക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന സൗഹൃദത്തിന്റെയും വൈവിധ്യത്തിന്റെയും ഇടങ്ങളായി ക്യാമ്പസുകൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നടന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന തല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന് പുറത്ത്, പ്രത്യേകിച്ച് ഹൈദരാബാദിൽ പഠിച്ച കാലത്തെ തന്റെ അനുഭവങ്ങളും അവിടെ നേരിട്ട വൈവിധ്യമാർന്ന ക്യാമ്പസ് അന്തരീക്ഷവും മന്ത്രി ചടങ്ങിൽ പങ്കുവച്ചു. വ്യത്യസ്ത സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായി ഇടപഴകിയുള്ള പഠനാനുഭവങ്ങൾ വിശാലമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസുകളിൽ നിറയേണ്ടത് സൗഹൃദങ്ങളും വൈവിധ്യങ്ങളുമാണ്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ച് പഠിക്കുകയും സംവദിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കണം. ഇത്തരം സൗഹൃദങ്ങളും വൈവിധ്യങ്ങളും രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അറിവ് പകരുക എന്നതിനപ്പുറം ഓരോ വിദ്യാർഥിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളും അഭിരുചികളും പരിപോഷിപ്പിച്ച് കൈപിടിച്ച് ഉയർത്തുകയാണ് അധ്യാപകരുടെ ഉത്തരവാദിത്വം. അറിവിനൊപ്പം ചിന്തിക്കാനും സംവദിക്കാനും പരസ്പരം ബഹുമാനിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന അക്കാദമിക് അന്തരീക്ഷമാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കാലാനുസൃതമായ കോഴ്സുകളും പഠനരീതികളും ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നാലുവർഷ ബിരുദം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വിദ്യാർഥികൾക്ക് കൂടുതൽ വൈവിധ്യമാർന്ന പഠനാനുഭവങ്ങളും അവസരങ്ങളും ഒരുക്കുന്നതിനാണ്.
മന്ത്രി പറഞ്ഞു.കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോ. സി. എൻ. ബാലകൃഷ്ണൻ നമ്പ്യാരെ ആദരിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാനേജർ ഡോ. സുജിത് വർമ്മ എസ്. അധ്യാപകദിന സന്ദേശം നൽകി.പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉണ്ണിക്കൃഷ്ണൻ എസ്.,കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ എൻ. എം. ഷിംന, ആൻ കെ റിയ എന്നിവർ സംസാരിച്ചു.