15/08/2026
ഉത്തർപ്രദേശിലെ നാല് സർക്കാർ മെഡിക്കൽ കോളേജുകളിൽ (കനൗജ്, ജലൗൺ, അംബേദ്കർ നഗർ, സഹാറൻപൂർ) പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകിയിരുന്ന 70% പ്രത്യേക സംവരണം റദ്ദാക്കിയ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഉന്നത വൈദ്യശാസ്ത്ര വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ കൂടുതൽ പിന്നോട്ടടിക്കുന്ന നിഷേധാത്മക നിലപാടാണ് യുപിയിലെ ബിജെപി സർക്കാർ സ്വീകരിക്കുന്നത്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നീക്കിവെച്ച ഫണ്ട് ഉപയോഗിച്ചാണ് ഈ മെഡിക്കൽ കോളേജുകൾ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ അവിടത്തെ സീറ്റുകൾ ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അവകാശപ്പെട്ടതാണ്.
മുൻപ് കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് എസ്‌സി/എസ്ടി സംവരണവുമായി ബന്ധപ്പെട്ട് സമാനമായ നീതിന്യായ തടസ്സങ്ങൾ ഉണ്ടായപ്പോൾ, അന്നത്തെ എൽ.ഡി.എഫ് സർക്കാർ ശക്തമായ നിയമപോരാട്ടത്തിലൂടെ സംവരണം സംരക്ഷിച്ച അനുഭവമുണ്ട്. അതേ മാതൃകയിൽ യുപി സർക്കാരും സുപ്രീം കോടതിയിലടക്കം സർവ്വ സജ്ജമായി നിയമനടപടികൾ സ്വീകരിച്ച് സംവരണം പുനഃസ്ഥാപിക്കാൻ തയ്യാറാകണം.
യുപിയിൽ SFI യുടെ നേതൃത്വത്തിൽ ശക്തമായ സമരം ഏറ്റെടുത്തിട്ടുണ്ട്.ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി, ആരോഗ്യ മന്ത്രി ജെ.പി നദ്ദ,സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർക്ക് കത്തയച്ചു. പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും.