01/02/2026
“ഞങ്ങളും ഇന്ത്യയിലാണ്”
കേരളത്തിൻറെ ആവശ്യങ്ങളെ ഒന്നാകെ അവഗണിക്കുകയും യുവജനങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് നിരാശജനകവും കേരള വിരുദ്ധവും യുവജന വിരുദ്ധവുമാണ്.
കാലാകാലങ്ങളായി കേരളം ആവശ്യപ്പെടുന്ന എയിംസ് ഈ ബജറ്റിലും അനുവദിക്കാൻ കേന്ദ്രം തയ്യാറായില്ല. എയിംസിനു വേണ്ടി ആവശ്യമായ മുന്നൊരുക്കങ്ങൾ എല്ലാം നടത്തി സ്ഥലം ഏറ്റെടുത്ത് കാത്തിരിക്കുന്ന കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.
കേരളത്തിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിൻ്റെ തുടർ വികസനത്തിന് യാതൊരു സഹായവും ബജറ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറായില്ല.
വലിയ യാത്രാദുരിതം നേരിടുന്ന കേരളത്തിലെ ട്രെയിൻ യാത്രകാർക്ക്
പ്രതീക്ഷ നൽകുന്ന യാതൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഏഴ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. അതേ പോലെ 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശേരി-മൈസൂര്‍, കാഞ്ഞങ്ങാട്-കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍ എന്നിവ അവഗണിക്കപ്പെട്ടു.
റബ്ബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങള്‍, നെല്ലിന് സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി കേരളത്തിൻറെ ആവശ്യങ്ങൾ പരിഗണിച്ചില്ല.
ധാതു ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയതിന് പിറകിൽ കേരളത്തിലെ ധാതു സമ്പത്തിന്റെ കൊള്ള മാത്രമാണ് ഉദ്ദേശം എന്ന് വ്യക്തമാണ്.
കേരളം പോലെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് വളക്കൂറുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.ഇത് ഭരണഘടന വിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് എതിരുമാണ്. കേരളം ആവശ്യപ്പെട്ടിട്ടുള്ള നിരവധിയായ പദ്ധതികൾ അവഗണിക്കപ്പെട്ടു.കേരളം പ്രതീക്ഷിച്ചിരുന്ന കേന്ദ്ര സഹായവും റെയിൽവേ വികസനവും കാർഷിക ആയുർവേദ മേഖലകളിലെ പദ്ധതികളും നിരാകരിക്കപ്പെട്ടു.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുവാനോ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുവാനോ ഉള്ള യാതൊരു നിർദ്ദേശവും ബജറ്റിൽ ഇല്ല.
വിവിധ മേഖലകളിലെ തൊഴിലുകൾ ഇല്ലായ്മ ചെയ്യുന്ന ചില നിർദ്ദേശങ്ങളും ബജറ്റിന്റെ ഭാഗമായി ഉണ്ട്.
അങ്ങേയറ്റം യുവജനവിരുദ്ധവും കേരളവിരുദ്ധവും ജനദ്രോഹകരവുമായ കേന്ദ്രബജത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.