CPI-M Cherthala Town East LC

CPI-M Cherthala Town East LC Sakhakkale munnot

01/08/2023

മണിപ്പൂരിലേത് ഭയാനകമായ സ്ത്രീ വേട്ട.
സുപ്രീംകോടതിയുടെ നിരീക്ഷണം .

" നസ്ത്രീ സ്വാതന്ത്ര്യം അർഹിതെ "
എന്നതാണ് സംഘപരിവാറിന്റെ കാഴ്ചപ്പാട്. സ്ത്രീയെ പുരുഷന്റെ അടിമയായും വേട്ടയാടാൻ ഉള്ള ഇരയായും കണക്കാക്കുന്ന പ്രത്യേയശാസ്ത്രം . ഇന്നോളം കാണാത്ത അതിഭയാനകമായ അതിക്രമങ്ങളാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്നതെന്ന സുപ്രീംകോടതി നിരീക്ഷണം മൗനിയായ മോദിയെ വാചാലനാക്കിയില്ലെങ്കിലും കേന്ദ്രസർക്കാർ അഭിഭാഷകനെ വാചാലനാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ മൊഴിഞ്ഞത്. കലാപം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തിക്കുകയും അതിന്റെ ദൃശ്യങ്ങൾ എടുക്കുകയും ചെയ്ത സംഭവങ്ങളുടെ മേൽ എടുത്ത കേസുകളുടെ വിശദാംശങ്ങളോ അറസ്റ്റ് ചെയ്ത പ്രതികളെ കുറിച്ചോ സർക്കാറിന് കോടതിയിൽ ഒന്നും പറയാൻ കഴിഞ്ഞില്ല. നിയമവ്യവസ്ഥയുടെ സമ്പൂർണ്ണ പരാജയമാണ് മണിപ്പൂരിൽ കാണുന്നത്. പോലീസിലും സിബിഐയിലും വിശ്വാസമില്ലെന്ന് നീതി തേടിയെത്തിയ ഇരകൾ സുപ്രീംകോടതിയിൽ പറയുകയുണ്ടായി.പോലീസ് ക്രിമിനലുകളെ സ്ത്രീകളെ ഏൽപ്പിച്ചതിനെ തുടർന്നാണ് ആദിവാസി സ്ത്രീകളെ പീഡിപ്പിക്കുകയും നഗ്നരാക്കുകയും ദൃശ്യം വീഡിയോവിൽ പകർത്തുകയും ചെയ്യാനിടയായത്. ലോകത്ത് ഒരിടത്തും നടക്കാത്ത ക്രൂരതയാണ് 'വിശ്വഗുരു'വെന്ന സംഘപരിവാറിന്റെ പിആർ പ്രചാരകന്മാർ വാഴ്ത്തി നടക്കുന്ന മോഡിയുടെ സ്വന്തം രാജ്യമായ ഇന്ത്യയിൽ നടക്കുന്നത്..
ലജ്ജാകരം...! ലജ്ജാകരം..!

എം വി ജയരാജൻ

ജൂൺ 27ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ബിജെപി പ്രവർത്തകരെ സംബോധന ചെയ്യവെ ‘എൻസിപി നേതാക...
06/07/2023

ജൂൺ 27ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ബിജെപി പ്രവർത്തകരെ സംബോധന ചെയ്യവെ ‘എൻസിപി നേതാക്കൾ 70,000 കോടി രൂപയുടെ അഴിമതിക്കേസ്‌ നേരിടുകയാണെന്നും അതേക്കുറിച്ച്‌ അന്വേഷിക്കുമെന്നത്‌ ഗ്യാരന്റി’യാണെന്നും പറഞ്ഞിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാ‌വിസാകട്ടെ എൻസിപി നേതാവായ അജിത്‌ പവാർ ഉടൻതന്നെ ജയിലിൽ അഴിയെണ്ണുമെന്നും പറഞ്ഞു. എന്നാൽ, അടുത്തദിവസം നാം കണ്ടത്‌ അജിത്‌ പവാറിന്റെ നേതൃത്വത്തിൽ ഒമ്പത്‌ എംഎൽഎമാർ ബിജെപി‐ ശിവസേന (ഷിൻഡെ) മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്‌. എൻസിപിയെ പിളർത്തി ബിജെപി ക്യാമ്പിലെത്തിയ ഒമ്പതിൽ അഞ്ചു പേർ അഴിമതിക്കേസുകളിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നേരിടുന്നവരാണ്‌. ഈ അട്ടിമറിക്ക്‌ നേതൃത്വം നൽകിയ ശരദ്‌പവാറിന്റെ മരുമകൻ അജിത്‌ പവാർ പഞ്ചസാര ഫാക്ടറിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും സാമ്പത്തികക്രമക്കേട്‌ കേസിലുമാണ്‌ അന്വേഷണം നേരിടുന്നത്‌. അജിത്‌ പവാറിനും പ്രഫുൽ പട്ടേലിനുമെതിരായ ഇഡി കേസുകൾ അന്തിമഘട്ടത്തിലാണ്‌ എന്നാണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഛഗൻ ബുജ്‌ബലിനെതിരെയുള്ള ഇഡി കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. മറ്റൊരു മന്ത്രിയായ ഹസ്സൻ മുഷ്‌റിഫിനെതിരെ അടുത്തിടെയാണ്‌ ഇഡി റെയ്‌ഡ്‌ നടന്നത്‌. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്‌ തനിക്കെതിരെയുള്ള കേസെന്നാണ്‌ മുഷ്‌റിഫ്‌ കോടതിയോട്‌ പറഞ്ഞത്‌. ധനജ്ഞയ മുണ്ടെയ്‌ക്കെതിരെയും ഇഡി കേസുണ്ട്‌. അതായത്‌ കേന്ദ്ര അന്വേഷണ ഏജൻസികളുടെ, പ്രധാനമായും ഇഡിയുടെ അന്വേഷണം നേരിടുന്നതിനിടയിലാണ്‌ അതിൽനിന്ന്‌ ഒഴിവാകാൻ ഈ എംഎൽഎമാർ കൂട്ടമായി ബിജെപിയുമായി സഖ്യം സ്ഥാപിച്ചിട്ടുള്ളത്‌.

ഇന്ത്യൻ ജനാധിപത്യത്തിന്‌ ഏറ്റവും അപകടകാരിയായി മാറിയിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ബിജെപിയെന്ന്‌ ആവർത്തിച്ച്‌ തെളിയിക്കപ്പെട്ടിരിക്കുകയാണ്‌. ജനങ്ങൾ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും ഭരിക്കുന്നത്‌ തങ്ങളായിരിക്കുമെന്ന ധാർഷ്ട്യമാണ്‌ ബിജെപിക്ക്‌. മധ്യപ്രദേശിലും ഗോവയിലും കർണാടകത്തിലും ഭൂരിപക്ഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കണ്ടതും അതാണ്‌. മഹാരാഷ്ട്ര സർക്കാരിന്റെ നിയന്ത്രണം പിടിക്കാൻ ബിജെപി നടത്തുന്ന മൂന്നാമത്തെ അട്ടിമറി നീക്കമാണ്‌ ഇപ്പോഴത്തേത്‌. ഇതിൽ രണ്ടെണ്ണത്തിന്‌ അരങ്ങൊരുക്കിയത്‌ ഇഡിയാണ്‌. ഒരു വർഷംമുമ്പ്‌ ശിവസേനയെ പിളർത്തി ഏക്‌നാഥ്‌ ഷിൻഡെ വിഭാഗത്തെ കൂടെ നിർത്താൻ ബിജെപിയെ സഹായിച്ചത്‌ ഇഡിയായിരുന്നു. ഇഡിയുടെ റഡാറിൽ വട്ടം കറങ്ങുമ്പോഴായിരുന്നു ഷിൻഡെ മറുകണ്ടംചാടി മുഖ്യമന്ത്രിയായത്‌. അതിനുശേഷം ഇഡി അദ്ദേഹത്തെ തേടിയെത്തിയതായി അറിവില്ല. ഷിൻഡെയുടെ കൂടെ കൂറുമാറിയ യാമിനി യശ്വന്ത്‌ ജാദവിനും ഭർത്താവ്‌ യശ്വന്ത്‌ ജാദവിനുമെതിരെയുള്ള ഇഡി അന്വേഷണവും സഡൻ ബ്രേക്ക്‌ ഇട്ടതുപോലെയാണ്‌ നിന്നത്‌. മഹാരാഷ്ട്രയിൽനിന്നുള്ള നാരായൺ റാണെയ്‌ക്കെതിരെ 300 കോടിയുടെ അഴിമതി ആരോപണമാണ്‌ ഉയർന്നത്‌. ഇഡി ഇതേക്കുറിച്ച്‌ അന്വേഷണം ആരംഭിച്ച വേളയിലാണ്‌ കോൺഗ്രസ്‌ വിട്ട്‌ നാരായൺ റാണെ ബിജെപിയിലെത്തിയതും കേന്ദ്രമന്ത്രിയായതും. അതോടെ ഇഡി എവിടെ പോയ്‌മറഞ്ഞു എന്നാർക്കും അറിയില്ല.

ഇത്‌ മഹാരാഷ്ട്രയിലെമാത്രം അനുഭവമല്ല. മറ്റ്‌ സംസ്ഥാനങ്ങളിലെ പല നേതാക്കളും ബിജെപിക്കൊപ്പം പോകാൻ പ്രധാനകാരണം ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്ന്‌ രക്ഷപ്പെടാനായിരുന്നു. നാരദ ന്യൂസ്‌ പോർട്ടൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതിക്കേസിൽപ്പെട്ട തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതോടെ അദ്ദേഹത്തിനെതിരായ സിബിഐ, ഇഡി അന്വേഷണങ്ങൾ ഇല്ലാതായി. കോൺഗ്രസ്‌ നേതാവായിരിക്കെ ലൂയിസ്‌ ബർജർ അഴിമതിക്കേസിൽപ്പെട്ടയാളായിരുന്നു ഹിമന്ത ബിശ്വ സർമ. അമേരിക്കൻ നിർമാണക്കമ്പനിയായ ലൂയിസ്‌ ബർജർ ഇന്ത്യയിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കോടികൾ കൈക്കൂലി നൽകിയാണ്‌ അസമിലും ഗോവയിലും കരാർ നേടിയെന്നായിരുന്നു കേസ്‌. ഇതിൽ സംശയത്തിന്റെ കുന്തമുന തിരിഞ്ഞത്‌ ഗുവാഹത്തി ഡെവലപ്‌മെന്റ്‌ ഡിപ്പാർട്ട്മെന്റിന്റെ ചുമതല വഹിച്ചിരുന്ന ഹിമന്ത ബിശ്വ സർമ എന്ന കോൺഗ്രസ്‌ മന്ത്രിക്കെതിരെയായിരുന്നു. അന്ന്‌ ഡൽഹിയിൽ ചേർന്ന ചടങ്ങിൽ ഹിമന്ത ബിശ്വ സർമയ്‌ക്കെതിരെ ബിജെപി നേതാവായിരുന്ന മോദി ഒരു ലഘുലേഖപോലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഏതാനും മാസങ്ങൾക്കകം ഹിമന്ത ബിജെപിയിൽ ചേർന്നു. അതോടെ ആ അഴിമതിക്കേസും വിസ്‌മൃതിയിലായി. ഇതേ കേസിലാണ്‌ ഗോവയിലെ ദിഗംബർ കാമത്തിനെതിരെയും ഇഡി അന്വേഷണം വന്നത്‌. ഇത്‌ മറികടക്കാനാണ്‌ കാമത്ത്‌ ബിജെപിയിൽ ചേർന്നതും കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്നതും. നാഷണൽ ഹെറാൾഡ്‌ കേസിൽ കോൺഗ്രസ്‌ നേതാക്കളായ സോണിയക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും ഇഡി തിരിഞ്ഞു.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ നമ്മൾ സൃഷ്ടിച്...
06/07/2023

തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ നമ്മൾ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു.
തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്ക് തൊഴിൽ അനുവദിക്കാൻ സാധിക്കുകയും അതിൽ 15,51,272 കുടുംബങ്ങൾ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴിൽദിനങ്ങൾ സ്ത്രീകൾക്ക് നൽകാനും സാധിച്ചു. ആകെ സൃഷ്ടിക്കാൻ സാധിച്ച തൊഴിൽ ദിനങ്ങളുടെ 89.82 ശതമാനമാണത്. സാധാരണക്കാരോടുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

04/07/2023

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. ഇന്ത്യൻ ഭരണഘടനയുടെ 44-ാം വകുപ്പിൽ ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമിക്കാർ മറക്കുന്നു. ആർഎസ്എസ് ആകട്ടെ ഭരണഘടനാകർത്താക്കൾ ഏകീകൃത സിവിൽ കോഡിനെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലാണ് ഉൾക്കൊള്ളിച്ചതെന്നും തമസ്കരിക്കുന്നു. എന്നുവച്ചാൽ ഏകപക്ഷീയമായി നടപ്പാക്കേണ്ടുന്ന ഒരു നിയമമായിട്ടല്ല യൂണിഫോം സിവിൽ കോഡിനെ കണ്ടത്. മറിച്ച് പട്ടികവർഗ്ഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യപരിഷ്കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടു കഴിയുമ്പോൾ മാത്രം നടപ്പാക്കേണ്ടുന്ന ഒരു കാര്യമായിട്ടാണ് ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാട്.

12-07-1985-ൽ ഇഎംഎസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
“മുസ്ലിം ജനതയിൽ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രശ്നമാണ് പൊതു സിവിൽ നിയമമെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. മുസ്ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പിൽ വരുത്തുന്നതു ബുദ്ധിപൂർവ്വമായിരിക്കില്ലെന്നു കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചതിനോട് ഞങ്ങൾക്ക് യോജിപ്പാണുള്ളത്. ഇതു സംബന്ധിച്ച നിയമനിർമ്മാണം ഉടൻ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടൂവെന്ന് നിങ്ങളുടെ (ലീഗിന്റെ) നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണ്.” 1985-നെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ എത്രയോ മടങ്ങ് ശക്തിപ്രാപിച്ചിരിക്കുന്നു. അവരാണ് ഭരണാധികാരത്തിൽ. മതന്യൂനപക്ഷങ്ങൾക്കെതിരെ രൂക്ഷമായ കടന്നാക്രമങ്ങളാണ് ഇന്ത്യയിലെമ്പാടും അവർ സംഘടിപ്പിക്കുന്നത്. 2024-ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയിട്ടാണ് ഇന്നിപ്പോൾ ധൃതിപിടിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, ജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടതുമാണെന്ന് സിപിഐ എം കരുതുന്നു. ഇതിനു യോജിക്കാൻ കഴിയുന്നവരോടെല്ലാം യോജിച്ചു പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ കോൺഗ്രസ് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ദേശവ്യാപകമായി ഉറച്ചനിലപാട് എടുക്കാൻ തയ്യാറല്ല. ഇതുസംബന്ധിച്ച പാർലമെന്ററി സമിതിയിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് അവരുടെ അവസരവാദത്തിനു തെളിവാണ്. സമിതിയുടെ ചെയർമാനായ സുശീൽകുമാർ മോദിക്കുപോലും ഇന്നത്തെ ഘട്ടത്തിൽ പട്ടികവർഗ്ഗക്കാരെ ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്നാണ് അഭിപ്രായം. അല്ലാത്തപക്ഷം, ഇപ്പോൾ തന്നെ പൊട്ടിത്തെറിയിലേക്കു നീങ്ങുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോകാം.

എന്തുകൊണ്ട് കോൺഗ്രസിന് മുസ്ലിം വിഭാഗത്തിനുമേലും ഇപ്പോൾ ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാൻ പാടില്ലായെന്ന നിലപാട് എടുക്കാൻ കഴിയാതെ പോയത്? കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുകയല്ല വേണ്ടത്. ബിജെപിയുടെ ഉന്നത്തെക്കുറിച്ച് സംശയം ഉണ്ടാകില്ലല്ലോ. തുറന്ന് എതിർക്കുകയാണു കോൺഗ്രസ് ചെയ്യേണ്ടത്. എന്നാൽ അവർ പിന്തുടരുന്ന മൃദുഹിന്ദുത്വ സമീപനം അത്തരമൊരു ഉറച്ച നിലപാട് സ്വീകരിക്കാൻ ദേശീയതലത്തിൽ അവർക്ക് തടസ്സമായിരിക്കുന്നു.
എന്നാൽ ലീഗിലെ ചില നേതാക്കന്മാർ സിപിഐ എം സംസ്ഥാന കമ്മിറ്റിക്കു ശേഷം സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നടത്തിയ ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭ-പ്രചാരണ പരിപാടിയിൽ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്? സിപിഐ എമ്മിന്റെ ഉദ്ദേശശുദ്ധിയെ എന്തിനാണു ചോദ്യം ചെയ്യുന്നത്? ജമാഅത്തെ ഇസ്ലാമിക്കാരുടെ സിപിഐ എം വിരോധം മനസിലാക്കാം. ജനങ്ങളെ വർഗ്ഗീയമായി ഭിന്നിപ്പിക്കാനാണ് അവരുടെയും നീക്കം.

ലീഗ് ഒരുകാര്യം മനസിലാക്കുക. കേരളത്തിൽ നിങ്ങളെയും കോൺഗ്രസിനെയും തോൽപ്പിച്ച് 18 സീറ്റുമായി ലോക്സഭയിൽ പോയ ഇടതുപക്ഷം ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാൻ അധികാരത്തിനു പുറത്തുനിന്ന് നിരുപാധികം യുപിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച പ്രസ്ഥാനമാണ്. ഈ നിലപാട് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് ഉറപ്പുള്ളകാര്യമാണ്. ആര് ബിജെപിയോടൊപ്പം ചേർന്നാലും ഇടതുപക്ഷം അവരോടൊപ്പം ഉണ്ടാകില്ല.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

Address

Cherthala

Website

Alerts

Be the first to know and let us send you an email when CPI-M Cherthala Town East LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share