17/08/2019
ഓമനക്കുട്ടന്മാരുടെ പാർട്ടി ആണ്.
അവരുടെ വിയർപ്പിന്റെ ഉപ്പാണ് പാർട്ടി.
പ്രിയ സഖാവിനൊപ്പം ഞങ്ങളുണ്ട്.
💓💓💓
നൗഷാദിന്റെ രാഷ്ട്രീയം നിങ്ങൾ പറയില്ല.
മേയർ പ്രശാന്തിന്റെ രാഷ്ട്രീയം നിങ്ങൾക്ക് ചർച്ച ചെയ്യുകയേ വേണ്ട.
കയ്യിൽ നിന്നുമെടുക്കാൻ പാങ്ങില്ലാത്തത് കൊണ്ട് ദുരിതാശ്വാസക്യാമ്പിൽ
പലചരക്ക് വാങ്ങിയ വണ്ടിയുടെ കൂലി 70 രൂപ പിരിച്ചെടുത്ത മനുഷ്യന്റെ രാഷ്ട്രീയം നിങ്ങൾക്ക് ഉറക്കെ വിളിച്ചു പറയണം.
അയാളെ കള്ളനാക്കണം.
ആഘോഷിക്കണം.
പത്തിൽ എട്ട് പാർട്ടിക്കാരും ഓമനക്കുട്ടൻമാരാണ്. ലോക്കൽ - ഏരിയ കമ്മിറ്റികളിൽ സർവീസ് മേഖലയിൽ നിന്ന് വന്നിട്ടുള്ളവരൊഴികെയുള്ള ഭൂരിഭാഗം സഖാക്കൾക്കും ഒരു സ്ഥിര വരുമാനവുമില്ല. ആവോളം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടു താനും.
ലോണുകളും വീട്ടാക്കടങ്ങളുമില്ലാത്ത പ്രാദേശിക രാഷ്ട്രീയക്കാരെ കണ്ടുകിട്ടുക തന്നെ പ്രയാസമാണ്.
അടുത്തു നിൽക്കുന്നവർക്കേ അതിന്റെ ഗൗരവം അറിയാവൂ.
പുറമെ നിന്നു നോക്കുന്നവരുടെ കണ്ണിൽ ഇവരൊക്കെ അഴിമതിക്കാരാണ്. ഇവരുടെ ഭാര്യക്കോ മക്കൾക്കോ പാർട്ടി സഹകരണ സംഘത്തിലോ പാൽ സൊസൈറ്റിയിലോ പതിനായിരം രൂപ ശമ്പളത്തിൽ ഒരു പ്യൂൺ ജോലി കൊടുത്തു എന്നിരിക്കട്ടെ.
ജേക്കബ് തോമസിന്റെയോ ശ്രീറാം വെങ്കട്ടരാമന്റെയോ പടം ഫേസ്ബുക്കിൽ പ്രൊഫൈൽ ആക്കിയിട്ടുള്ള
നാട്ടിലെ മാന്യന്മാർ അപ്പോൾ പറയും
"അവനൊക്കെ രാഷ്ട്രീയം കൊണ്ടു രക്ഷപ്പെട്ടില്ലേ. വേറെന്തു വേണം. "
ഈ മാന്യന്മാർക്ക് ഒരാവശ്യം വന്നാൽ പക്ഷെ, ആദ്യം ഓമനക്കുട്ടനെ തന്നെ തേടിയെത്തും. പാതി ദിവസത്തെ പണി കളഞ്ഞ് ഓമനക്കുട്ടൻ സഖാവ് അവരോടൊപ്പം ഏരിയ സെക്രട്ടറിയെ കണ്ട് കത്ത് വാങ്ങി ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടെപ്പോകും. പോയ കാര്യം ചിലപ്പോൾ നടക്കും. ചിലപ്പോൾ നടക്കില്ല. നടന്നില്ലെങ്കിൽ ഈ ഗുണഭോക്തൃ സമിതി ഓമനക്കുട്ടനെതിരെ മൈക്ക് വയ്ക്കും.
ഓമനക്കുട്ടന്റെ മക്കൾ ഉറപ്പായും SFI ആയിരിക്കും. പൊതുവിദ്യാലയത്തിൽ അവരുണ്ടാകും. ഓമനക്കുട്ടനാകും പി ടി എ പ്രസിഡന്റ്. അയാളുടെ ജീവിതം എന്നും പോരാട്ടമാണ്. തെരുവിൽ അയാൾ ന്യായീകരിച്ചു തളരും. വനിതാ മതിലിന് വിളിച്ചു കൊണ്ടു പോയ ബസിന്റെ വാടക കൊടുക്കാൻ ഭാര്യയുടെ വള പണയം വയ്ക്കും.
തെരഞ്ഞെടുപ്പും പാർട്ടി സമ്മേളനവും വരുമ്പോൾ ആഴ്ചകൾ പണിക്കു പോകാൻ പറ്റില്ല. ബന്ധുക്കൾ ജീവിക്കാനറിയാത്തവൻ എന്നു പരിഹസിക്കും.
പ്രളയം വന്നാലും നിപ്പ വന്നാലും ഓമനക്കുട്ടൻ ആരുടെയെങ്കിലും ബൈക്കിന്റെ പിറകിൽ അവിടെയെത്തും. ഊണും ഉറക്കവും ഉപേക്ഷിക്കും.
ഓമനക്കുട്ടന്മാരുടെ പാർട്ടി ആണ്.
അവരുടെ വിയർപ്പിന്റെ ഉപ്പാണ് പാർട്ടി.
പ്രിയ സഖാവിനൊപ്പം ഞങ്ങളുണ്ട്.
സഖാവ് ഓമനക്കുട്ടൻ ❤