16/07/2026
വാര്‍ത്താക്കുറിപ്പ്
16.7.26
നെല്‍കൃഷി അടിസ്ഥാന സൗകര്യവികസന
പദ്ധതികളുടെ ധനപരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ്
ധാരണയായത് കൃഷിമന്ത്രി ടി.സിദ്ദിഖ് കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍
കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ്. കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ടി.സിദ്ദിഖ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രിയുടെ സഫ്ദര്‍ജംഗ് റോഡിലെ 12-ാം നമ്പര്‍ ബംഗ്ലാവില്‍ ആയിരുന്നു കൂടിക്കാഴ്ച. ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഉദ്യോഗസ്ഥ സംഘം വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കുള്ള ധനപരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് മന്ത്രി ടി.സിദ്ദിഖിന് കേന്ദ്ര കൃഷിമന്ത്രി ഉറപ്പുനല്‍കി. ധനസഹായം 10 ശതമാനമായി പരിമിതപ്പെടുത്തിയത് സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളെ ഗുരുതരമായി ബാധിച്ചെന്നത് മന്ത്രി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ധനപരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുന്നതിലൂടെ കൂടുതല്‍ തുക നെല്ല് കൃഷിക്കായി കണ്ടെത്താനാകുമെന്ന ശുഭ പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്.
സാങ്കേതികവിദ്യയും വിപണിയും സംരംഭകത്വവും അടിസ്ഥാനമാക്കി പുതിയ കാര്‍ഷിക വികസന മാതൃകയിലേക്കുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് പ്രഗതി പദ്ധതി. രാജ്യത്തെ ഗ്രാമീണ കാര്‍ഷിക സംരംഭകരെ സൃഷ്ടിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ഉല്‍പ്പാദനക്ഷമവും സംരംഭകത്വ കേന്ദ്രീകൃതവുമാക്കുക ലക്ഷ്യത്തോടെയുള്ള പ്രഗതി പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താമെന്ന ഉറപ്പ് കേന്ദ്രകൃഷിമന്ത്രി നല്‍കി. നിലവില്‍ കേരളത്തെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തെ നിലവിലുള്ള മൈക്രോ ഇറിഗേഷന്‍ വ്യാപനം കൂടുതലുള്ള വിഭാഗത്തില്‍ നിന്ന് കുറഞ്ഞ വ്യാപനമുള്ള സംസ്ഥാനം എന്ന വിഭാഗത്തിലേക്ക് പുനഃവര്‍ഗ്ഗീകരണം നടത്തേണ്ടത്തിന്റെ ആവശ്യകത കേരളം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര കൃഷിമന്ത്രി നല്‍കി.
കേന്ദ്രസര്‍ക്കാരിന്റെ അഗ്രിസ്റ്റാക്ക് ഡാറ്റാബേസായ കര്‍ഷക രജിസ്ട്രി, ക്രോപ്പ് രജിസ്ട്രി എന്നിവയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക പോര്‍ട്ടലായ കതിരിന് ആക്സ്സസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കാര്‍ഷിക സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഡാറ്റാ കൈമാറ്റം ഉള്‍പ്പെടെ ഇതുവഴി സാധ്യമാകും.
പിഎം കിസാന്‍ പദ്ധതിയില്‍ 2021-22 മുതല്‍ കുടിശ്ശികയായി തുടരുന്ന 12.14 കോടി അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. ഭരണനിര്‍വഹണ ചെലവിനായി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 17.48 കോടിയില്‍ 5.34 കോടി മാത്രമാണ് ലഭിച്ചത്.
റബ്ബര്‍ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ലാറ്റക്‌സ് സംസ്‌കരിക്കുന്നതില്‍ റബ്ബര്‍ റോളറിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ കേരളം, ഇവയെ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ പദ്ധയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചു. റബര്‍ റോളറുകളെ എസ്.എം.എ.എം പദ്ധതിയില്‍ സബ്‌സിഡിക്ക് അര്‍ഹമായ കാര്‍ഷിക യന്ത്രമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകുമെന്ന ഉറപ്പ് കേന്ദ്രമന്ത്രി നല്‍കി.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കേണ്ട 16.47 കോടി രൂപ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രം കേരളത്തിന് നല്‍കി. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക തടസ്സം വന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രം കുടിശികയാക്കിയ തുക അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
നാളികേര ഉത്പ്പാദനക്ഷമത പുനഃരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക പദ്ധതിയും കേന്ദ്രസാമ്പത്തിക സഹായവും അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച ശേഷം കേരളത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന ഉറപ്പും കേന്ദ്രകൃഷിമന്ത്രി നല്‍കി. കുറ്റ്യാടി കോക്കനട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം അടുത്തഘട്ടത്തില്‍ പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തെയും,ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തെയും സെന്റര്‍ ഓഫ് എക്‌സലന്‍സായി മാറ്റുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനപദ്ധതിയുടെ ഭാഗമായി അംഗീകാരം ലഭിച്ച 11 പദ്ധതികളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കേന്ദ്രം കേരളത്തിന് ഉറപ്പുനല്‍കി.
കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്ന് അഡീ.ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി.സുഭാഷ്, ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കേന്ദ്ര കാർഷിക വകുപ്പ് സെക്രട്ടറി അതീഷ് ചന്ദ്ര, കാർഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലുമായ ഡോ. എം. എൽ. ജാട്ട്, കേന്ദ്ര കാർഷികവകുപ്പ് അഡീഷണൽ സെക്രട്ടറി പി. കെ. മെഹ്‌റഡ, ഹോർട്ടികൾച്ചർ കമ്മീഷണർ പ്രഭാത് കുമാർ, ജോയിന്റ് സെക്രട്ടറി എസ്. രുക്മണി, ജോയിന്റ് സെക്രട്ടറി മുക്താനന്ദ് അഗർവാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.