Left politics

Left politics left politics

20/08/2026
18/08/2026

സഖാവ് പി. കൃഷ്ണപിള്ള ദിനം

‘സഖാവ്’ എന്ന വാക്ക് ചേർത്ത് മാത്രം നമ്മൾ സംബോധന ചെയ്യുന്ന പേര് — സഖാവ് പി. കൃഷ്ണപിള്ള.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ ആദ്യകാല സംഘാടകരിൽ പ്രമുഖൻ. കേരളത്തിലെ തൊഴിലാളി–കർഷക പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ പാകുന്നതിനും ജീവിതം സമർപ്പിച്ച വിപ്ലവകാരി.

ആധുനിക ഇന്ത്യൻ സമൂഹത്തിൽ സഖാവിന്റെ ജീവിതചരിത്രം നമുക്ക് ഊർജവും ആവേശവും പാഠവുമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിൽ നടന്ന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു സഖാവ്. 1930 ജനുവരിയിൽ ഉപ്പുസത്യഗ്രഹത്തിനായി വടകരയിൽനിന്ന് പയ്യന്നൂരിലേക്കുപോയ ജാഥയുടെ പതാകവാഹകനായതോടെ പി. കൃഷ്ണപിള്ളയുടെ ജീവിതം ആധുനിക കേരളചരിത്രത്തിന്റെ ഭാഗമായി മാറി.

ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സഖാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂർ ജയിലിൽ കഴിയുമ്പോൾ ഇ.എം.എസ്. ഉൾപ്പെടെയുള്ള രാഷ്ട്രീയ തടവുകാരുമായും കമൽനാഥ് തിവാരി തുടങ്ങിയ വിപ്ലവകാരികളുമായും പരിചയപ്പെടാൻ അവസരം ലഭിച്ചു.

ജയിലധികൃതരുടെ ക്രൂരതകളെ ചോദ്യം ചെയ്തതിന്റെ പേരിൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ടപ്പോഴും സഖാവ് കീഴടങ്ങിയില്ല. പ്രതിഷേധിച്ച് നിരാഹാരം ആരംഭിച്ചതിനെ തുടർന്ന് വെല്ലൂർ ജയിലിലേക്കും പിന്നീട് സേലം ജയിലിലേക്കും മാറ്റപ്പെട്ടു. സേലം ജയിലിൽ ഭഗത് സിങ്ങിന്റെ സഹപ്രവർത്തകനും ലാഹോർ ഗൂഢാലോചനക്കേസിലെ വിപ്ലവകാരിയുമായ ബടുകേശ്വർ ദത്തുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ജയിലിലെ അനീതികൾക്കെതിരെ ഇരുവരും പോരാടി. ഈ അനുഭവങ്ങളും വിപ്ലവകാരികളുമായുള്ള ബന്ധങ്ങളും സഖാവിനെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു.

ജയിൽമോചിതനായ സഖാവ് നേരെ പോയത് ഗുരുവായൂർ സത്യഗ്രഹത്തിലേക്കായിരുന്നു.

അവർണ്ണരെന്ന് മുദ്രകുത്തി ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട മനുഷ്യർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നത് സത്യഗ്രഹത്തിന്റെ പ്രധാന ആവശ്യമായിരുന്നു. ജാതിമേധാവിത്വത്തെ വെല്ലുവിളിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കിയ സഖാവിനെ ക്രൂരമായി മർദ്ദിച്ചു.

“ഉശിരുള്ള നായർ മണിയടിക്കും; എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും” എന്ന സഖാവിന്റെ പരിഹാസം കേരളത്തിന്റെ നവോത്ഥാന സമരചരിത്രത്തിൽ കത്തിജ്വലിക്കുന്ന വാക്കുകളായി മാറി.

സ്വന്തം ശരീരത്തിലേറ്റ മർദ്ദനം പോലും നൂറ്റാണ്ടുകളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യർക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിലയായി സഖാവ് ഏറ്റെടുത്തു.

ഈ രാഷ്ട്രീയാനുഭവങ്ങളാണ് കോൺഗ്രസിനുള്ളിലെ ഇടതുപക്ഷ കേന്ദ്രീകരണത്തിനും കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും കരുത്തായത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ കേരളത്തിലെ പ്രധാന സംഘാടകരിൽ ഒരാളായി സഖാവ് മാറി.

1930-കളുടെ രണ്ടാംപകുതിയിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിതരൂപം കൈവരിച്ചപ്പോൾ അതിന്റെ കേന്ദ്രനേതൃത്വത്തിൽ പി. കൃഷ്ണപിള്ള ഉണ്ടായിരുന്നു. എൻ.സി. ശേഖർ, ഇ.എം.എസ്., കെ. ദാമോദരൻ തുടങ്ങിയ സഖാക്കൾക്കൊപ്പം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയൊരുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

കേരളത്തിലുടനീളം ഉയർന്നുവന്ന ജന്മി–നാടുവാഴിത്ത വിരുദ്ധ പോരാട്ടങ്ങൾക്കും തൊഴിലാളി സമരങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർ നേതൃത്വം നൽകി. സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരായ പോരാട്ടങ്ങൾ ശക്തിപ്പെട്ടു. ആലപ്പുഴയിലെ കയർ തൊഴിലാളികൾ, കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികൾ, കണ്ണൂരിലെ ബീഡി–നെയ്ത്ത് തൊഴിലാളികൾ, മലബാറിലെ കർഷകർ — അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതത്തിലേക്കായിരുന്നു സഖാവിന്റെ രാഷ്ട്രീയം ഇറങ്ങിച്ചെന്നത്.

ജീവിക്കാൻ പല തൊഴിലുകളും ചെയ്തിരുന്ന സഖാവിന് തൊഴിലാളിയുടെ വിയർപ്പും കർഷകന്റെ ദുരിതവും പുസ്തകത്തിൽ വായിച്ച അറിവായിരുന്നില്ല; സ്വന്തം ജീവിതാനുഭവമായിരുന്നു.

കേരള രാഷ്ട്രീയത്തിന് പി. കൃഷ്ണപിള്ള നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് അതായിരുന്നു. വരേണ്യരുടെ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് തൊഴിലാളിയെയും കർഷകനെയും സാധാരണ മനുഷ്യനെയും രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം പ്രവർത്തിച്ചു.

പുന്നപ്ര–വയലാറിന്റെ നേതൃത്വം,
തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിനും ജന്മി–മുതലാളിത്ത ചൂഷണത്തിനുമെതിരെ തൊഴിലാളി–കർഷക ജനവിഭാഗങ്ങളുടെ പ്രതിഷേധം ശക്തിപ്പെട്ട കാലഘട്ടത്തിലാണ് പുന്നപ്ര–വയലാർ സമരം രൂപംകൊള്ളുന്നത്. ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തെ വർഷങ്ങളായി കെട്ടിപ്പടുക്കുന്നതിലും തൊഴിലാളികളെ വർഗബോധത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിലും പി. കൃഷ്ണപിള്ള ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് നിർണായക പങ്കുണ്ടായിരുന്നു.

പുന്നപ്ര–വയലാർ ഒരു ദിവസം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധമായിരുന്നില്ല. വർഷങ്ങളായി കയർ തൊഴിലാളികൾക്കിടയിലും കർഷകർക്കിടയിലും നടത്തിയ സംഘടനാപ്രവർത്തനത്തിന്റെയും പണിമുടക്കുകളുടെയും രാഷ്ട്രീയബോധവൽക്കരണത്തിന്റെയും തുടർച്ചയായിരുന്നു അത്.

ആ പോരാട്ടത്തിന് ആവശ്യമായ സംഘടനാപരവും രാഷ്ട്രീയവുമായ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ സഖാവ് പി. കൃഷ്ണപിള്ളയുടെ പങ്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ടതാണ്. തൊഴിലാളികളുടെ ദൈനംദിന ജീവിതപ്രശ്നങ്ങളെ വലിയ രാഷ്ട്രീയ പോരാട്ടവുമായി ബന്ധിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ സംഘടനാബോധം ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രതിഫലിച്ചു.

പുന്നപ്രയിലും വയലാറിലും രക്തസാക്ഷികളായ തൊഴിലാളികളും കർഷകരും കേരളത്തിന്റെ ജനാധിപത്യചരിത്രത്തിൽ മായാത്ത അധ്യായം എഴുതിച്ചേർത്തു. ആ പോരാട്ടങ്ങളുടെ രാഷ്ട്രീയവും സംഘടനാപരവുമായ പാരമ്പര്യത്തിന്റെ മുൻനിര ശിൽപ്പികളിൽ ഒരാളായിരുന്നു സഖാവ് പി. കൃഷ്ണപിള്ള.

സഖാവിന് പാർട്ടി എന്നത് ഓഫീസുകളും യോഗങ്ങളും മാത്രമായിരുന്നില്ല.

ജനങ്ങളുടെ ജീവിതത്തിനുള്ളിൽ ജീവിക്കുന്ന സംഘടനയായിരുന്നു പാർട്ടി.

അതുകൊണ്ടാണ് വസൂരി പടർന്നുപിടിച്ച കാലത്ത് രോഗികളെ സമൂഹം ഭയത്തോടെ അകറ്റിനിർത്തിയപ്പോൾ സഖാവിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ രോഗികളെ പരിചരിക്കാൻ രംഗത്തിറങ്ങിയത്. ജനങ്ങൾ മഹാദുരിതങ്ങളിൽ അകപ്പെടുമ്പോൾ കൈമെയ് മറന്ന് അവർക്കൊപ്പം നിൽക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകാർ.

രോഗബാധിതരെ മരണത്തിന് വിട്ടുകൊടുക്കുന്ന സാമൂഹിക സാഹചര്യത്തെ ചോദ്യം ചെയ്ത്, രോഗവ്യാപനം തടയാനും രോഗികളെ പരിചരിക്കാനും പാർട്ടി പ്രവർത്തകർ ജനങ്ങൾക്കിടയിലിറങ്ങി.

സന്നദ്ധപ്രവർത്തനം രാഷ്ട്രീയപ്രവർത്തനത്തിന്റെ തന്നെ ഭാഗമാണെന്ന് സഖാവ് ജീവിതംകൊണ്ട് കാണിച്ചുതന്നു.

ഈ പാഠത്തിന് പുതിയ കാലത്ത് വലിയ പ്രസക്തിയുണ്ട്.

ജനങ്ങളുടെ അടുത്തേക്ക് പാർട്ടി കൂടുതൽ പോകണം. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറണം. തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവാവിന്റെ അടുത്തും പഠനച്ചെലവിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിയുടെ അടുത്തും വിലക്കയറ്റത്തിൽ തളരുന്ന കുടുംബത്തിന്റെ അടുത്തും കടബാധ്യതയിൽ വലയുന്ന കർഷകന്റെ അടുത്തും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന തൊഴിലാളിയുടെ അടുത്തും പാർട്ടി ഉണ്ടാകണം.

രാഷ്ട്രീയം തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം മാത്രമാകരുത്.

ജനങ്ങളുടെ പ്രശ്നം കേൾക്കാനും അവർക്കുവേണ്ടി ഇടപെടാനും ദുരിതകാലത്ത് സഹായിക്കാനും അനീതിക്കെതിരെ അവരെ സംഘടിപ്പിക്കാനും കഴിയുന്ന ജനങ്ങളുടെ സ്വന്തം പ്രസ്ഥാനമായി പാർട്ടി ഓരോ പ്രദേശത്തും കൂടുതൽ ശക്തിപ്പെടണം.

വീടുകളിലേക്ക് പോകണം. തൊഴിലിടങ്ങളിലേക്ക് പോകണം. ക്യാമ്പസുകളിലേക്ക് പോകണം. കർഷകരുടെ വയലുകളിലേക്ക് പോകണം. പുതിയ തൊഴിൽമേഖലകളിലെ അസംഘടിത തൊഴിലാളികളിലേക്കും യുവാക്കളിലേക്കും സ്ത്രീകളിലേക്കും പാർട്ടിയുടെ പ്രവർത്തനം കൂടുതൽ വ്യാപിക്കണം.

കാലം മാറുമ്പോൾ ചൂഷണത്തിന്റെ രൂപങ്ങളും മാറുന്നു. അതുകൊണ്ട് പുതിയ കാലത്തിന്റെ പ്രശ്നങ്ങളെ തിരിച്ചറിയാനും പുതിയ തലമുറയുടെ ഭാഷയിൽ അവരോട് സംവദിക്കാനും പുതിയ സാമൂഹിക യാഥാർഥ്യങ്ങളിൽ വർഗരാഷ്ട്രീയത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കാനും കഴിയണം.

ജനങ്ങളുടെ സന്തോഷത്തിൽ ഒപ്പം നിൽക്കുകയും അവരുടെ ദുരിതത്തിൽ ആദ്യം ഓടിയെത്തുകയും അവരുടെ അവകാശങ്ങൾക്കായി മുന്നിൽ നിന്ന് പോരാടുകയും ചെയ്യുന്ന പാർട്ടിയാണ് കൃഷ്ണപിള്ളയുടെ രാഷ്ട്രീയപാരമ്പര്യത്തോട് നീതി പുലർത്തുന്ന പാർട്ടി.

തന്റെ നാൽപ്പത്തിരണ്ടാം വയസ്സിൽ, 1948 ആഗസ്റ്റ് 19-ന് ആലപ്പുഴയിലെ കണ്ണർകാട്ടെ ഒളിത്താവളത്തിൽ സർപ്പദംശമേറ്റ് മരണത്തിലേക്ക് നീങ്ങുമ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ തോൽക്കാത്ത ഇച്ഛാശക്തിയായിരുന്നു സഖാവ് പ്രകടിപ്പിച്ചത്.

അവസാനമായി എഴുതിവച്ചതായി ഓർക്കപ്പെടുന്ന വാക്കുകൾ —

“സഖാക്കളെ മുന്നോട്ട്…”

അത് ഒരു വിടവാങ്ങൽ വാചകം മാത്രമായിരുന്നില്ല.

തലമുറകൾക്കുള്ള രാഷ്ട്രീയ ആഹ്വാനമായിരുന്നു.

പുതിയ ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ വർഗീയതയ്ക്കും മതവിദ്വേഷത്തിനും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനും ഭരണകൂട അനീതികൾക്കും ജനാധിപത്യാവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾക്കുമെതിരെ പോരാടുമ്പോൾ സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതം നമുക്ക് വഴികാട്ടിയാകണം.

മാർക്സിസം മനുഷ്യവിമോചനത്തിന്റെയും സാമൂഹികപരിവർത്തനത്തിന്റെയും രാഷ്ട്രീയമാണെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച സഖാവ് വളർത്തിയ പ്രസ്ഥാനം ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

സഖാവിനെ അനുസ്മരിക്കുക എന്നത്
സഖാവ് നടന്ന വഴികളിലൂടെ ജനങ്ങളിലേക്ക് നടക്കുകയാണ്
അധ്വാനിക്കുന്ന മനുഷ്യന്റെ പക്ഷം ചേരുക.
അനീതിക്കെതിരെ ശബ്ദിക്കുക.
വർഗീയതയ്ക്കെതിരെ മനുഷ്യരെ ഒന്നിപ്പിക്കുക.
ദുരിതമനുഭവിക്കുന്നവരുടെ അടുത്തേക്ക് ആദ്യം എത്തുക.
പുതിയ തലമുറയെ സംഘടിപ്പിക്കുക.
ജനങ്ങളുടെ ജീവിതത്തിനുള്ളിൽ പാർട്ടിയെ കൂടുതൽ ആഴത്തിൽ വേരുറപ്പിക്കുക.
അതാണ് കൃഷ്ണപിള്ളയുടെ രാഷ്ട്രീയത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരം.

കാലം മാറും. പോരാട്ടങ്ങളുടെ രൂപം മാറും. പുതിയ വെല്ലുവിളികൾ ഉയരും.
പക്ഷേ മനുഷ്യന്റെ വിമോചനത്തിനായുള്ള പോരാട്ടം അവസാനിക്കുന്നില്ല.
ആ പോരാട്ടത്തിന്റെ ഓരോ വഴിത്തിരിവിലും സഖാവിന്റെ ഓർമ്മ നമ്മോട് വീണ്ടും വീണ്ടും പറയട്ടെ

“സഖാക്കളെ മുന്നോട്ട്…” ✊🏻

17/08/2026

ചിങ്ങം 01 കർഷകദിനം

Address

Edapal

Website

Alerts

Be the first to know and let us send you an email when Left politics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share