26/08/2026
ദേശീയ കാവ്യോത്സവത്തിന് ഇനി
23 ദിനങ്ങൾ മാത്രം
💦
അഭിജ്ഞാനം 22
തിരുവോണത്തിൻ്റെ സന്തോഷവും നന്മകളും സ്‌നേഹപൂർവ്വം നേരുന്നു. ഇന്ന് ഒരു സദ്യ കഥ പറയാം. ജി. ശങ്കരക്കുറപ്പും വൈലോപ്പിള്ളി ശ്രീധരമേനോനും തമ്മിലുള്ള ആത്മബന്ധം അടയാളപ്പെടുത്തുന്ന സംഭവം.
ഞാനെന്തെങ്കിലും വിളമ്പണോ?
1967ൽ ജി.ശങ്കരക്കുറുപ്പ് കേരള സാഹിത്യ അക്കാദമി ചെയർമാനായിരിക്കുന്ന കാലം. വൈലോപ്പിള്ളി അന്ന് അക്കാദമി അംഗമാണ്. ആ വർഷത്തെ അവാർഡ് വിതരണചടങ്ങിലാണ് ചങ്ങമ്പുഴയുടെ ഛായാചിത്രം അക്കാദമി ഹാളിൽ അനാവരണം ചെയ്തത്.
സമ്മേളനം അവസാനിക്കും മുമ്പ് വൈലോപ്പിള്ളി അഞ്ചുപേരെ ദേവസ്വം ക്വാർട്ടേഴ്സിലേക്ക് ക്ഷണിച്ചു. ശങ്കരക്കുറുപ്പ്, ഒളപ്പമണ്ണ, എം.ആർ.ബി., ഗുപ്തൻ നായർ, ജിയുടെ ഡ്രൈവറായി വന്ന മരുമകൻ എം. അച്യുതൻ എന്നിവരെ.
ഓരോരുത്തരും ചോദിച്ചു, എന്താണ് വിശേഷം? പതിവില്ലാത്ത ക്ഷണം. വൈലോപ്പിള്ളിയുടെ പിറന്നാളോ വിവാഹവാർഷികമോ മറ്റോ ആണോ?
വൈലോപ്പിള്ളി മറുപടി പറഞ്ഞില്ല.
എന്തായാവും ക്വാർട്ടേഴ്സിലേക്ക് എല്ലാവരുമെത്തി.
ക്വാർട്ടേഴ്സിൽ എല്ലാവർക്കും ഇരിക്കാൻ കസേരയില്ല. വൈലോപ്പിള്ളി ഒരു മെത്തപ്പായ കൊണ്ടുവന്ന് മുറിയിൽ വിരിച്ചു. അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ഒരു പെട്ടിശീട്ട് ശങ്കരക്കുറുപ്പ് കണ്ടത്. "ശീട്ടുകളിക്കാൻ ഇതാ നല്ലത്, പായിൽ നിലത്തിരുന്നുകൊണ്ട്," കളിഭ്രാന്തനായ ജി. പറഞ്ഞു. വന്നത് ശീട്ടുകളിക്കാനാ ണെന്നപോലെ അദ്ദേഹം കശക്കാൻ തുടങ്ങി. വൈലോപ്പിള്ളിക്കും കളിഭ്രമമുണ്ട്.
“കളിഭ്രമം എന്നു പറഞ്ഞാൽ പണ്ടൊക്കെ കഥകളിഭ്രമം എന്നായിരുന്നു അർത്ഥം. ഇന്ന് നാനാർത്ഥമായി," ഒളപ്പമണ്ണ പറഞ്ഞു.
ശീട്ടുകളി തുടങ്ങിയപ്പോൾ പലരും കവിസ്ഥാനം മറന്നു. ബഹളം തുടങ്ങി. തർക്കവും മറുതർക്കവും പോർവിളിയും വെറുക്കുപറച്ചിലും.
നാലഞ്ച് റൗണ്ടുകൾ കഴിഞ്ഞു ആരും തോൽക്കുകയോ ജയിക്കുകയോ ചെയ്യുന്നില്ല.
ക്ഷണിച്ചതെന്തിന്തിനെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ? ഒളപ്പമണ്ണ ഓർമ്മപ്പെടുത്തി.
എന്നിട്ടും വൈലോപ്പിള്ളി കാര്യം വെളിപ്പെടുത്തിയില്ല.
ഈ സമയം ആരോ പടി തുറക്കുന്ന ശബ്ദം കേട്ടു.
തലയിൽ ഒരു വലിയ ചൂരൽക്കൊട്ടയും കൈയിലൊരു തൂക്കുപാത്രവുമായി ഒരു പയ്യൻ വാതിൽക്കൽ വന്നു.
“എന്താത്ര വൈകിയത്,' മാസ്റ്റർ ചോദിച്ചു, "ഇവിടെ വെച്ചോ.' വൈലോപ്പിള്ളി മേശപ്പുറം ചൂണ്ടിക്കാട്ടി. അവൻ അകത്തു കടന്നതും സ്വാദിഷ്ഠമായ വിഭവങ്ങളുടെ ഗന്ധം പരന്നു.
'എന്തോ വിശേഷമുണ്ടല്ലോ,' ശീട്ടുകളിലഹള പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരുടെയും മൂക്കു വിടർന്നു. കവികളും നിരൂപകരും വീണ്ടും കവികളും നിരൂപകരുമായി.
മേശപ്പുറത്തെ വിഭവങ്ങൾ വീണ്ടും ആ ചോദ്യമുയർത്തി, പിറന്നാളോ വിവാഹവാർഷികമോ? അതോ മറ്റെന്തെങ്കിലും..?
"ഒക്കെ പറയാം. ആദ്യം എല്ലാമെടുത്തു വിളമ്പു," വൈലോപ്പിള്ളി പറഞ്ഞു, "സദ്യയുടെ സമയം കഴിഞ്ഞുവെന്നറിയാം. എന്നാലും..."
വാഴയിലയിൽ ഒന്നാന്തരം സദ്യ, പപ്പടം, പായസം എല്ലാം സഹിതം. ശീട്ടിനെ ഉപേക്ഷിച്ച് എല്ലാവരും മേശയിലും നിലത്തുമൊക്കെ ഇരുന്ന് മതിമറന്നു സദ്യയുണ്ടുതുടങ്ങി.
"എന്താ ഇരിക്കാത്തത്?" അച്യുതൻ ചോദിച്ചു.
“മാഷും ഇരിക്കൂ. എന്തെങ്കിലും വേണന്നുണ്ടെങ്കിൽ ഞങ്ങൾ വിളമ്പിയെടുത്തോളാം," ഒളപ്പമണ്ണയും പറഞ്ഞു.
"വിളമ്പൽ എനിക്കൽപ്പം പേടിയാണ്," വൈലോപ്പിള്ളി അറിയിച്ചു, "വിശേഷിച്ച് ഇനിയെന്തെങ്കിലും വേണോ എന്നു ചോദിക്കാൻ."
"അതെന്താ?" ജി. ചോദിച്ചു.
അപ്പോൾ മാസ്റ്റർ അക്കഥ പറഞ്ഞു: ചെറുതുരുത്തിയിൽ വള്ളത്തോളിൻ്റെ സപ്‌തതി. പ്രമുഖരായ സാഹിത്യകാരന്മാരൊക്കെയുണ്ട്. കൂട്ടത്തിൽ ചെറുകവിയായ ഞാനുമുണ്ട്. നിലവിളക്കിനു മുമ്പിലിരുന്ന് സപ്തതിവരനായ വള്ളത്തോൾ പത്നിയുമൊന്നിച്ച് സദ്യയുണ്ണുകയാണ്. പലരും അടുത്തുച്ചെന്ന് വന്നിട്ടുണ്ടെന്നറിയിച്ച് മടങ്ങുന്നു. അവരോട് എല്ലാം കഴിഞ്ഞിട്ടേ പോകാവൂ എന്ന് വള്ളത്തോളും പറയുന്നു. കഥകളിയും മോഹിനിയാട്ടവുമൊക്കെയുണ്ട്.
അന്നത്തെ സാഹിത്യഅക്കാദമി അദ്ധ്യക്ഷനായ പുത്തേഴത്ത് രാമമേനോൻ വന്നു. മഹാകവിയുടെ അടുത്തുച്ചെന്ന് കുശലപ്രശ്നത്തിനുശേഷം ചോദിച്ചു:
'ഞാനെന്തെങ്കിലും വിളമ്പണോ?'
വള്ളത്തോൾ തലപൊന്തിച്ചൊന്നു നോക്കി. നാരങ്ങാക്കറി തൊട്ടുനാവിൽ വെച്ച് ശീ എന്നെരിഞ്ഞുകൊണ്ടു പറഞ്ഞു: "വിഡ്ഢിത്തം ധാരാളം വിളമ്പാറുണ്ടല്ലോ. അതു കുറച്ചാവാം." ചെവി കേൾക്കാത്തതിനാൽ ഉറക്കെ സംസാരിക്കുന്ന വള്ളത്തോളിൻ്റെ
പരുക്കൻശബ്ദം ബഹളങ്ങൾക്കിടയിലും ഉയർന്നുകേട്ടു. പുത്തേഴന് വയറുനിറഞ്ഞു. അതിൽപ്പിന്നെ, വല്ലതും വിളമ്പണോ എന്നു ചോദിക്കാൻ എനിക്കൊരു വിറയാണ്. ചിരികൾക്കിടയിൽ മാസ്റ്റർ പറഞ്ഞു.
എങ്കിലും ആതിഥേയനായതിനാൽ വിളമ്പുകാരനെപ്പോലെ നിൽക്കേണ്ടി വന്ന മാസ്റ്റർ അതുവരെ ജിജ്ഞാസ വളർത്തിയ വിഷയത്തിലേക്കു കടന്നു.
ജിയെ ചൂണ്ടി ചോദിച്ചു: "ഇതാരാണെന്നറിയാമോ?'
"അതെന്തു ചോദ്യം. നമ്മുടെ ജി. അല്ലാതാര്?"
"ഇപ്പോൾ നമ്മുടെ ജി. മാത്രമല്ല. രാജ്യത്തിൻ്റെ ആകെയല്ലേ. ജി. ശങ്കരക്കു റുപ്പ്-എം.പി, രാജ്യസഭാംഗം."
ആരും അതുവരെ അതോർത്തില്ല. എപ്പോഴും കൂടെയുള്ള ആൾ. യാതൊരു മാറ്റവുമില്ല. പക്ഷേ, വൈലോപ്പിള്ളി അതോർക്കുന്നു. അതിനാണോ ക്ഷണവും സസ്പെൻസും സദ്യയും?
"ജ്ഞാനപീഠം കിട്ടിയപ്പോൾ കുറുപ്പുമാഷ്‌ക്ക് ഒരു ചായമേടിച്ചുകൊടുക്കാൻ എനിക്ക് സൗകര്യം കിട്ടിയില്ല," വൈലോപ്പിള്ളി പറഞ്ഞു, "ഇപ്പോൾ എം.പി. കുടിയായി. ഇനി ക്ഷമിക്കാൻ വയ്യ. രണ്ടിനും കൂടിയാണ് ഈ ചെറിയ സൽക്കാരം. മാഷെ മാത്രമായിട്ടു വിളിക്കാൻ പറ്റില്ലല്ലോ. അതാണ് നിങ്ങളെക്കൂടി വിളിച്ചത്. അതിനെ തൊണ്ടഭാഗ്യം എന്നു പറയും."
ജിയുടെ കണ്ണുനിറഞ്ഞു. ഒന്നും പറഞ്ഞില്ല. വൈലോപ്പിള്ളിയുടെ നെറുകയിൽ കൈവെച്ചു.
മണിനാദം, രമണൻ, മാമ്പഴം കാവ്യങ്ങളുടെ തൊണ്ണൂറാം വാർഷികം.
ദേശീയ കാവ്യോത്സവം
സെപ്റ്റംബർ 18, 19, 20 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ
കവിതയുടെ മഹോത്സവത്തിലേക്ക് നിങ്ങൾക്കും സ്വാഗതം
🎋
എറണാകുളം ജില്ല ലൈബ്രറി കൗൺസിൽ