31/08/2026
പാലക്കാട് റെയില്‍വെ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.
ഡിവിഷന്‍ വെട്ടിമുറിച്ചതിനു പിന്നിലുള്ള റെയില്‍വേയുടെ കേരള വിരുദ്ധ അജണ്ട വ്യക്തമാണ്. അതിവേഗ ട്രെയിന്‍, പുതിയ പാതകള്‍, പുതിയ വണ്ടികള്‍ തുടങ്ങി കേരളത്തിന്റെ അടിയന്തിര ആവശ്യങ്ങളോട് നിഷേധാത്മക നിലപാടാണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കുന്ന ക്രൂരമായ സമീപനം.
ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയ്‌ക്ക് വശംവദരാകുന്നില്ലെന്ന കാരണത്താല്‍ കേരളത്തിലെ ജനങ്ങളെയാകെ ശിക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വെട്ടിമുറിച്ചാല്‍ പാലക്കാട് ഡിവിഷന്റെ നിലനില്‍പ് അപകടത്തിലാകുമെന്ന് അറിയാത്തവരല്ല റെയില്‍വെ മന്ത്രാലയം. 2008 ല്‍ സേലം ഡിവിഷനുവേണ്ടി പാലക്കാട് ഡിവിഷനോട് ആദ്യം കടുംകൈ ചെയ്‌തു. വലിയൊരു ഭാഗമാണ് അന്ന് വെട്ടി മാറ്റിയത്.
ഒരു മുന്നറിയിപ്പും ഇല്ലാതെ രഹസ്യ നീക്കത്തിലൂടെ മംഗളൂരു ഉള്‍പ്പെടുന്ന പാലക്കാടിന്റെ സുപ്രധാന ഭാഗങ്ങള്‍ ഇപ്പോള്‍ മൈസൂരുവിലേക്ക് മാറ്റി. ഇത്തരം തീരുമാനമെടുക്കുമ്പോള്‍ പാലിക്കേണ്ട ജനാധിപത്യപരവും ഭരണപരവുമായ മര്യാദ പോലും കേന്ദ്രം കാണിച്ചില്ല. റെയില്‍വേ കണ്‍സള്‍റ്റേറ്റീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാനോ, ബന്ധപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെ അറിയിക്കാനോ പോലും തയ്യാറായില്ല. ചരക്ക് ഗതാഗതം, യാത്രക്കാരുടെ എണ്ണം, വരുമാനം തുടങ്ങി എല്ലാ മേഖലയിലും മുന്നിലുള്ള ഡിവിഷനെ വിഭജിക്കാന്‍ യുക്തമായ ഒരു കാരണവും ഇല്ല. അതിനാലാണ് റെയില്‍വേയ്‌ക്ക് ബിജെപിയുടെ തീട്ടൂരത്തിന് വഴങ്ങി ഇരുട്ടിന്റെ മറവില്‍ തീരുമാനം പ്രഖ്യാപിക്കേണ്ടി വന്നത്. സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയമായിട്ടും കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല. വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും സംശയാസ്‌പദമാണ്. പി.എം ശ്രീയിലും വന്ദേമാതരത്തിലും രാജ്‌ഭവനോടുള്ള സമീപനത്തിലും തുടരുന്ന സംഘപരിവാര്‍ പ്രീണന നയം തന്നെയാണോ ഇക്കാര്യത്തിലുമുള്ളത് എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ ഗതാഗത ആവശ്യങ്ങള്‍ക്കനുസരിച്ച് റെയില്‍ വികസനം നടപ്പാക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള സൗകര്യങ്ങള്‍ കൂടി അട്ടിമറിക്കുന്നത് സംസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്