30/07/2022
കുമാരപുരം 1449-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിനെ പറ്റിയുള്ള ദുഷ്പ്രചരണങ്ങൾ തള്ളിക്കളയുക..
ബാങ്ക് പ്രസിഡൻ്റ് എം.സത്യപാലൻ പുറപ്പെടുവിക്കുന്ന പ്രസ്താവന..
കുമാരപുരം 1449-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ്ണപ്പണയ വായ്പ്പയിൽ ക്രമക്കേട് നടന്നതായുള്ള വാർത്തകൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. ബാങ്കിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ, തിരിമറിയോ, സാമ്പത്തിക നഷ്ടമോ ഉണ്ടായിട്ടുള്ളതായി ഒരു പരിശോധനയിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വർണ്ണ പണയ ഉരുപ്പടികൾ അപ്രൈസറെ ഉപയോഗിച്ച് ഓരോ മൂന്നു മാസവും കൂടുമ്പോൾ പരിശോധന നടത്താറുണ്ട്. കൂടാതെ സഹകരണ വകുപ്പ്
ഉദ്യോഗസ്ഥരും പരിശോധിച്ച് റിപ്പോർട്ട് നൽകാറുണ്ട്. ഈ പരിശോധനകളിൽ ഒന്നും ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ മറിച്ചുള്ള ആരോപണങ്ങൾ ബാങ്കിനെ തകർക്കുക എന്ന സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമമാണ്.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് കഴിഞ്ഞ രണ്ട് ദിവസമായി ബാങ്കിൽ പരിശോധന നടത്തി വരികയാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ബാങ്ക് ഭരണസമിതിയും സി.പി.ഐ (എം) ഉം ഒരു മടിയും കാണിക്കുകയില്ല. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് കേരള സർക്കാരും സി.പി.ഐ (എം) നേതൃത്വവും സ്വീകരിക്കുന്നത്.
ബാങ്കിൻ്റെ മൂന്ന് ശാഖകളിൽ ഒന്നിൽപോലും ഇടപാടുകാർക്ക് സ്വർണ്ണപ്പണയ ഉരുപ്പടികൾ ലഭിക്കാതിരിക്കുകയോ ലഭിക്കാൻ കാലതാമസം ഉണ്ടാവുവകയോ, നിക്ഷേപകർക്ക് പണം ലഭിക്കുന്നതിൽ വീഴ്ച ഉണ്ടായതായോ ഒരു പരാതിയും ഉയർന്നു വന്നിട്ടില്ല. നിക്ഷേപകരിലും ഇടപാടുകാരിലും ആശയക്കുഴപ്പം സൃഷ്ടിച്ച് സ്ഥാപനത്തെ തകർക്കുക എന്ന ഗൂഢലക്ഷ്യമാണ് നിരന്തരമായി വാർത്തകൾ നൽകുന്നതിന് പിന്നിൽ ഉള്ളത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരായി കഴിഞ്ഞ കുറെ നാ ളുകളായി നടക്കുന്ന ആസൂത്രിത നീക്കത്തിൻ്റെ ഭാഗം കൂടിയാണിത്.
ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചാണ് ക്ലാസ്സ് - 1 നിലയിലേക്ക് വളർന്നത്. സഹകരണ വകുപ്പിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലും ബാങ്കിൻ്റെ സാധാരണ നടപടിക്രമത്തിൻ്റെ ഭാഗമായും നടത്തിയ ജീവനക്കാരുടെ പുനർവിന്യാസത്തെ തുടർന്ന് ബ്രാഞ്ചുകളിൽ ചുമതല ഏൽക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയെപ്പറ്റി നട്ടാൽ കുരുക്കാത്ത നുണകളാണ് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത്. ബാങ്കിൽ ഒരു തരത്തിലുള്ള അഴിമതിയും ക്രമക്കേടും സാമ്പത്തിക നഷ്ടവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമാണുള്ളത്. നിക്ഷേപകർക്കും ഇടപാടുകാർക്കും യാതൊരു ആശങ്കയും ബുദ്ധിമുട്ടും ഉണ്ടാവേണ്ട ഒരു സാഹചര്യവും നിലവിലില്ല.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നടക്കുന്ന പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.
എം. സത്യപാലൻ (ഒപ്പ്)
പ്രസിഡൻ്റ്
കുമാരപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലപ്തം. നമ്പർ: 1449