13/04/2026
കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം വിവാദമാക്കാനുള്ള ശ്രമത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹത. 18 വയസ് തികഞ്ഞെന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റാണ് ദേശീയ പട്ടിക വർഗ കമ്മീഷന്റെ നിർദേശപ്രകാരം വിവാഹ ശേഷം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഇഷ്യൂ ചെയ്ത ജനന സർട്ടിഫിക്കറ്റാണ് റദ്ദാക്കിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടി ജനിച്ചത് 2008 ജനുവരി ഒന്നിനാണ്. ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് ആധാറും പാന്‍കാര്‍ഡും ലഭ്യമായത്. ഈ രേഖകളിലെല്ലാം പതിനെട്ട് വയസ് പൂര്‍ത്തിയായിരുന്നു. പെണ്‍കുട്ടിക്ക് മധ്യപ്രദേശില്‍ വോട്ട് അവകാശവുമുണ്ട്. ഇത് സംബന്ധിച്ച രേഖകൾ പുറത്തുവന്നു
പെൺകുട്ടി കേരളത്തിലെത്തിയത് നിയമപരമായി ലഭിച്ച രേഖകളുമായാണ്. റദ്ദാക്കൽ നീക്കം വിവാഹം നടന്ന ശേഷം മാത്രമെന്നും റദ്ദാക്കൽ നടപടി പെൺകുട്ടിയുടെ വാദം കേൾക്കാതെയാണെന്നുമാണ് കണ്ടെത്തൽ. പെണ്‍കുട്ടി വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളെന്ന വാദം പൊലീസും തള്ളി. വിവാഹ റജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറിജിനലാണെന്ന് കാണിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.