29/07/2026
യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന മുഖ്യമന്ത്രിയുടേയും മന്ത്രി സണ്ണി ജോസഫിന്റെയും വാദം വസ്‌തുതാവിരുദ്ധമാണ്.
എൽഡിഎഫ് സർക്കാർ കരാർ റദ്ദാക്കിയിട്ടില്ലെന്നുമാത്രമല്ല, റെഗുലേറ്ററി കമീഷൻ അനുമതി നിഷേധിച്ച കരാർ നടപ്പാക്കിക്കിട്ടാൻ സാധ്യമായ എല്ലാവഴികളും സ്വീകരിക്കുകയും ചെയ്തു. LDF സർക്കാരും കെഎസ്‌ഇബിയും കരാർ നിലനിർത്താൻ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ് .
2014ലാണ് 765 മൈഗാവാട്ട് വൈദ്യുതിക്ക് രണ്ട് ടെൻഡർ വിളിച്ചത്. ഒന്നാമത്തേതിൽ 450, രണ്ടാമത്തേതിൽ 400 മെഗാവാട്ട് എന്നിങ്ങനെയാണ് ആവശ്യപ്പെട്ടത്. ഒന്നാമത്തെ ടെൻഡറിൽ യൂണിറ്റിന് 3.60 രൂപ നിരക്കിൽ 200 മെഗാവാട്ടും രണ്ടാമത്തേതിൽ യൂണിറ്റിന് 4.29 രൂപ നിരക്കിൽ 100 മെഗാവാട്ടുമാണ് കുറഞ്ഞ നിരക്ക്. 300 മെഗാവാട്ടിനോടൊപ്പം യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് കൂടി ചേർത്ത് 765 മെഗാവാട്ടിന്റെ വൈദ്യുതിക്കരാറിന് കെഎസ്ഇബി അന്നത്തെ യുഡിഎഫ് സർക്കാരിന്റെ അനുമതിയോടെ കരാർവച്ചു.
വൈദ്യുതിക്കരാറുകൾ വയ്ക്കാൻ റെഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതി വേണം. അതില്ലാതെയാണ് 2015ൽ ദീർഘകാലകരാർ UDF സർക്കാർ ഒപ്പിട്ടത്. കമീഷൻ, കുറഞ്ഞ നിരക്കിൽ ക്വോട്ട് കിട്ടിയ 300 മെഗാവാട്ടിന് അനുമതി നൽകിയെങ്കിലും 465 മെഗാവാട്ടിന്റെ കരാർ ക്രമപ്രകാരമല്ലാത്തതിനാൽ അനുവദിച്ചില്ല. 2016ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുംവരെ ക്രമപ്പെടുത്താൻ നടപടിയെടുത്തില്ല.
LDF വന്നതോടെ, കരാർ അംഗീകരിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തിൽ റെഗുലേറ്ററി കമീഷന്റെ അന്തിമ തീരുമാനമാകുംവരെ വൈദ്യുതി വാങ്ങാൻ കമീഷൻ അനുവദിച്ചു.
വൈദ്യുതി ലഭ്യമായെങ്കിലും കരാറിൽ തീരുമാനം ഉണ്ടാകാത്തതിനാൽ 2021ൽ കമ്പനികൾ അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ വിധിക്കെതിരായ കമ്പനികളുടെ ഹർജിയിൽ മൂന്നു മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ സുപ്രീംകോടതി കമീഷനോട് നിർദേശിച്ചു. ഇതനുസരിച്ച് 2023 മെയ് 10ന് റെഗുലേറ്ററി കമീഷൻ കരാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് റദ്ദാക്കി.
ഇതോടെ വൈദ്യുതി നിയമത്തിലെ സെക്‌ഷൻ 108 പ്രകാരം സർക്കാരിനുള്ള പ്രത്യേകാധികാരം വച്ച് കരാർ പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമീഷന് നിർദേശം നൽകി. ഇത് അംഗീകരിച്ച കമീഷൻ കരാർ പുനഃസ്ഥാപിച്ചെങ്കിലും കമ്പനികൾ മാർക്കറ്റ് വിലയേക്കാൾ കുറവായ യൂണിറ്റ് നിരക്കിന് ഇനി വൈദ്യുതി നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞ് കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.
കമ്പനികളുടെ വാദം അംഗീകരിച്ച് ട്രിബ്യൂണൽ കരാർ റദ്ദാക്കി. ഇതിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയിലാണ്. ഇതാണ് വാസ്‌തവമെന്നിരിക്കെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും എൽഡിഎഫ് സർക്കാർ ദീർഘകാല കരാർ റദ്ദാക്കി എന്ന വ്യാജപ്രസ്‌താവന നടത്തി ജനങ്ങളെ പറ്റിക്കുകയാണ്.