11/07/2022
കോട്ടയത്തിന്റെ സുവിശേഷം -2
-----------------------------------------------------repost
വെളിച്ചത്തിന്റെ ദൂതുമായി ബേക്കർ കുടുംബം : #ചരിത്രം #ഓർമ
--------------------
വേമ്പനാട് കായൽ കരയിൽ നിന്ന് മുണ്ട് മടക്കി കുത്തി ആകാശത്തേക്ക് നോക്കി ആൽഫ്രഡ് ബേക്കർ എന്ന കരി സായിപ്പ് കൈകൊട്ടിയപ്പോൾ സൈബീരിയയിലെ കൊടും തണുപ്പിൽ നിന്നും, ഹിമാലയത്തിൽ നിന്നും, ശ്രീലങ്കയിൽ നിന്നും കാടും, കടലും പർവ്വതങ്ങളും, കടന്ന് അവർ കുമരകത്ത് പറന്നെത്തി. നൂറ്റാണ്ടുകളായി ആ പക്ഷിക്കൂട്ടങ്ങൾ വഴിതെറ്റാതെ കുമരകം ലക്ഷ്യമാക്കി അദർശ്യ വഴികൾ സൃഷ്ട്ടിച്ചെത്തികൊണ്ടിരിക്കുന്നു. ദൂരങ്ങൾ താണ്ടി എത്തിയ ആ പക്ഷിക്കൂട്ടങ്ങൾ പലതും ഇവിടെ കുമരകത്ത് വേമ്പനാട് കായൽത്തീരത്ത് മുട്ടയിട്ടു, പൊരുന്നയിരുന്നു, മുട്ട വിരിയിച്ചു. പറക്കമുറ്റുമ്പോൾ അടുത്ത തലമുറയുമായി അവർ വന്നേടത്തേക്കു തിരിച്ചു പോയി. വീണ്ടും അടുത്ത വർഷം തിരികെയെത്തി .
ഭാഷകളറിയാത്ത, ജി. പി. എസ് സാങ്കേതികത അറിയാത്ത വിദൂര ദേശത്തെ പക്ഷികൾ കരി സായിപ്പ് സൃഷ്ട്ടിച്ച, കായൽ നികത്തി ഉണ്ടാക്കിയ കുമരകത്തെ കാടുകളിൽ എത്തുന്നു. ഇവയിൽ പലതരം കൊക്കുകളും,നീർക്കാക്കകളും, എരണ്ടകളും, പ്രിത്യേക തരം താറാവുകളും, മറ്റെന്തൊക്കൊയോ പേരറിയാത്ത നൂറു കണക്കിന് പക്ഷികളും ഇവിടെ അതിഥികളായി എത്തുന്നു.
ഇന്ത്യയിലെ എണ്ണപ്പെട്ട പക്ഷി സങ്കേതം.
ഇംഗ്ലണ്ടിൽ നിന്ന് 1819-ൽ കോട്ടയത്ത് മിഷണറി പ്രവർത്തനത്തിനെത്തിയ ഹെൻറി ബേക്കർ സീനിയർ സായിപ്പിന്റെ മകനാണ് ആൽഫ്രഡ് ജോർജ് ബേക്കർ എന്ന കരി സായിപ്പ്. കരി സായിപ്പ് മുണ്ടുടുത്തു, മലയാളം പറഞ്ഞു. കോട്ടയത്ത് കൂടി തന്റെ കുതിര പുറത്ത് സവാരി ചെയ്തു.
ആൽഫ്രഡ് ജോർജ് ബേക്കർ 1840-ൽ തിരുവതാംകൂർ മഹാരാജാവിന് കൊടുത്ത നിവേദനപ്രകാരം 1847-ൽ മഹാരാജാവിൽ നിന്ന് അനുവദിക്കപ്പെട്ട "കരിനിലം" (കറുത്ത നിറമുള്ള ചെളി നിറഞ്ഞ ചതുപ്പു നിലം ) വാങ്ങി, ചെളി കുത്തി കരഭൂമിയാക്കി, കൃഷി തുടങ്ങി. കരിനിലങ്ങൾ നികത്തി കരഭൂമിയാക്കിയപ്പോൾ നാട്ടുകാർ അദ്ദേഹത്തെ "കരി സായിപ്പ്" എന്ന് വിളിച്ചു. കരഭൂമിക്കിടയിലൂടെ നീർച്ചാലുകൾ ഒഴുകി, വലിയ ബംഗ്ലാവും, തൊഴുത്തും, കുതിരാലയങ്ങളും ഉണ്ടാക്കി. ബംഗ്ലാവിനഭിമുഖമായി വലിയ തടാകവും, തടാകത്തിൽ താമരയും, ആമ്പലും നിറഞ്ഞു നിൽക്കുന്നു. തന്റെ കൃഷിഭൂമിയിലെ പതിനാലേക്കർ സ്ഥലത്ത് കാടുണ്ടാക്കി പക്ഷികൾക്കും, മറ്റു ജീവജാലങ്ങൾക്കും ഇഷ്ടദാനം നൽകി. അവിടെ വളർന്ന കാട്ടിലേക്കാണ് മുകളിൽ പറഞ്ഞ പക്ഷിക്കൂട്ടങ്ങൾ വിരുന്നുകാരായി എത്തിയത്...
കരഭൂമിയിൽ തെങ്ങും, പ്ലാവും, മാവും മറ്റു വൃക്ഷങ്ങളും വെച്ചു പിടിപ്പിച്ചു. താഴ്ന്ന നിലങ്ങളിൽ നെൽകൃഷി ചെയ്തു. വേമ്പനാട് കായൽ തീരത്ത് കണ്ടൽ മരങ്ങൾ വെച്ചു പിടിപ്പിച്ചുകൊണ്ട് മണ്ണൊലിപ്പ് തടയുന്നതിന്റെ ബാല പാഠങ്ങൾ നാട്ടുകാർക്ക് കാട്ടി കൊടുത്തു. നെൽപ്പാടങ്ങളിൽ നിന്ന് വെള്ളം തേവാൻ യന്ത്രങ്ങൾ ഇംഗ്ലണ്ടിൽ നിന്നെത്തിച്ചു. ആധുനിക കൃഷി രീതികളിലേക്ക് നാട്ടുകാരെ കരി സായിപ്പ് കൈപിടിച്ചു നടത്തി.
എഴുപത്തി രണ്ട് വയസ്സിൽ കോട്ടയം
സി. എസ്. ഐ സെമിത്തേരിയിലേക്ക് അന്ത്യവിശ്രമത്തിന് യാത്രപറഞ്ഞിറങ്ങുന്നിടം വരെ മലയാളിയായി, കോട്ടയംകാരനായി കരി സായിപ്പ് ജീവിച്ചു.
കരി സായിപ്പിന്റെ പത്‌നി ഫാനി മദാമ്മ നാട്ടുകാർക്ക് വേണ്ടി ബംഗ്ലാവിന്റെ ഓരത്ത് ഒരു ചെറിയ സ്കൂൾ തുടങ്ങി.
കരി സായിപ്പിന്റെ മകൻ ജോർജ് അലക്സാണ്ടർ ബേക്കർ ഒരു സ്കൂളും, പള്ളിയും കുമരകത്ത് നാട്ടുകാർക്കായി പണികഴിപ്പിച്ചു.
കരി സായിപ്പിന്റെ കൊച്ചുമകൻ റോബർട്ട് ജോർജ് അലക്സാണ്ടർ ബേക്കർ 1946 -ൽ എസ്റ്റേറ്റിന്റെ ചുമതല ഏറ്റു. ബേക്കർ സായിപ്പിന്റെ പിൻതലമുറക്കാർ 1962-ൽ തിരിച്ചു ഇംഗ്ലണ്ടിലേക്ക് പോകുന്നിടം വരെ ബേക്കർ കുടുംബത്തിലെ നാലു തലമുറ കോട്ടയത്തോടൊപ്പം, കോട്ടയത്തിന്റെ ഭാഗമായി ജീവിച്ചു.
1818-ൽ ഹെൻറി ബേക്കർ സീനിയറിന്റെ പത്‌നി അമേലിയ ഡൊറോത്തി ബേക്കർ (കരി സായിപ്പിന്റെ മാതാവ് ) പെൺകുട്ടികൾക്കായി തുടങ്ങിയ സ്കൂളിന് 1894-ൽ മിസ്സ് ബേക്കർ എന്ന് പേരിട്ടു. ഇളം പച്ച പാവാടയും, വെള്ള ബ്ലൗസുമിട്ട് പെൺകുട്ടികൾ ജാതി മത ഭേദമില്ലാതെ അവിടെ പഠിച്ചു വളർന്നു. ദക്ഷിണേന്ത്യയിലെ ആദ്യ പെൺപള്ളിക്കൂടം.
കരിസായിപ്പിന്റെ പിതാവ് ഹെൻറി ബേക്കർ സീനിയർ 1819-ൽ ബെയ്‌ലി സായ്പ്പിനും, ജോസഫ് ഫെൻ സായ്പ്പിനും ശേഷം കോട്ടയത്തെത്തി. സി.എം.എസ് കോളേജിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം എല്ലാ വിഭാഗത്തിലുള്ളവർക്കും പഠിക്കാനായി സ്കൂളുകൾ തുടങ്ങാൻ പ്രവർത്തിച്ചു.
കോട്ടയത്തു തെക്കു മാറി പള്ളത്ത് പുതിയ സ്കൂൾ തുടങ്ങി ആധുനിക വിദ്യാഭാസത്തിന്റെ പുതിയ വിളക്കുമരങ്ങൾ സ്ഥാപിച്ചു.
വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ പരിശീലനം കിട്ടിയ അധ്യാപകരുടെ കുറവ് നികത്താൻ ടീച്ചേർസ് ട്രെയിനിങ് സ്കൂൾ തുടങ്ങി. കുട്ടികൾക്ക് പഠിക്കാൻ സി.എം.എസ് പ്രെസ്സിൽ അച്ചടിച്ച പാഠപുസ്തകങ്ങൾ തയ്യാറാക്കി.
തിരുവതാംകൂറിലെ അടിമ കച്ചവടം കണ്ട് വേദനിച്ചു. ആറു പണം മുതൽ പന്ത്രണ്ടു പണം വരെ കൊടുത്ത് അടിമകളായ കുഞ്ഞുങ്ങളെ ഹെൻറി ബേക്കർ മേടിച്ചു, പഠിപ്പിച്ചു, സ്വാതന്ത്രരാക്കി.
കോട്ടയത്തിന്റെ കിഴക്കൻ മലയോരങ്ങളിലെ
മലഅരയൻമാരിലേക്ക് സംസ്കാരവും, വിദ്യാഭ്യാസവും എത്തിനോക്കിയിട്ടില്ല എന്നറിഞ്ഞു വിദ്യാഭ്യാസത്തിന്റെയും, നാഗരിക സംസ്കാരത്തിന്റെയും വെള്ളി വെളിച്ചവും ആയി ഹെൻറി ബേക്കർ സീനിയർ 1848-ൽ മുണ്ടക്കയത്തെത്തി. പിന്നീട് സ്ഥിരമായി രണ്ടു മാസത്തിൽ ഒരിക്കൽ മലഅരയർക്കായി സേവനത്തിനായി സമയം കണ്ടെത്തി. യാത്രകളിൽ ഹെൻറി ബേക്കർ സീനിയറിന്റെ പത്‌നി അമേലിയ ഡൊറോത്തി ബേക്കറും കല്ലും, മുള്ളും ചവിട്ടി സഹയാത്രികയായി.
1866-ൽ അദ്ദേഹം സമയതീരങ്ങളുടെ അക്കരക്ക് യാത്രയായി.
കരി സായിപ്പിന്റെ അനുജൻ ഹെൻറി ബേക്കർ ജൂനിയർ സായിപ്പ് കോട്ടയത്തിന്റെ സമതലങ്ങളിൽ നിന്ന് മല കയറി പീരുമേട്ടിൽ ചെന്ന് കാപ്പി കൃഷി തുടങ്ങി. നാണ്യ വിളകൾ മലയാളിക്ക് പരിചയപ്പെടുത്തി. അത് 1862 -ലായിരുന്നു. അവിടെ താമസത്തിനായി 1875-ൽ മനോഹരമായ ആഷ്ലി ബംഗ്ലാവ് എന്ന മുസവാരി ബംഗ്ലാവ് പണിതു. ഒന്നര നൂറ്റാണ്ടിനോടടുക്കുമ്പോൾ ആഷ്ലി ബംഗ്ലാവ് തലയുയർത്തി പ്രൗഢ ഗാംഭീര്യത്തിൽ പീരുമേട്ടിൽ തലയുയർത്തി നിൽക്കുന്നു.
ബേക്കർ സായിപ്പും, മൺറോ സായിപ്പും കാപ്പി കൃഷി തുടർന്നു. പിന്നീട് അത് തേയില കൃഷിക്ക് വഴിമാറി. തേയില തോട്ടത്തിനാവശ്യമായ തൈകൾ നീലഗിരി കുന്നുകളിൽ നിന്നെത്തിച്ചു.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കരിസായിപ്പിന്റെ ബംഗ്ലാവും, പക്ഷി സങ്കേതവും കേരള സർക്കാർ ഏറ്റെടുത്തു. ബംഗ്ലാവും അനുബന്ധ പുരയിടവും ഇന്ന് താജ് ഹോട്ടൽ ശൃംഖലയുടെ ഭാഗമായി കഴിഞ്ഞു. പക്ഷി സങ്കേതം പക്ഷികൾക്കായി സർക്കാർ സംരക്ഷിക്കുന്നു.
ബേക്കർ കുടുംബം, കോട്ടയത്തിന്റെ മനസ്സിലെ സ്നേഹബഹുമാനങ്ങളുടെ രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
ചരിത്രസഞ്ചാരി©
[email protected]