06/01/2026
മമ്പറം ഹയർസെക്കൻഡറി സ്കൂളിൽ പ്രൗഢഗംഭീരമായ പാസിംഗ് ഔട്ട് പരേഡ്; 88 എസ്.പി.സി കേഡറ്റുകൾ അണിനിരന്നു
അച്ചടക്കത്തിൻ്റെയും സേവനസന്നദ്ധതയുടെയും കരുത്തുറ്റ പാഠങ്ങൾ ഉൾക്കൊണ്ട് മമ്പറം ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗം സീനിയർ എസ്.പി.സി കേഡറ്റുകളുടെ 2024-26 വർഷത്തെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ മൈതാനിയിൽ നടന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ നിധിൻ രാജ് പി. ഐ.പി.എസ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ പിണറായി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ കെ ടി അഖിൽ കുമാർ എസ് പി സി പതാക ഉയർത്തി. 44 ആൺകുട്ടികളും 44 പെൺകുട്ടികളും അടക്കം ആകെ 88 കേഡറ്റുകളാണ് പരേഡിൽ അണിനിരന്നത്.
സേവന മികവിനും പ്രതിഭകൾക്കും ആദരം
16 വർഷക്കാലം കമ്മ്യൂണിറ്റി പോലീസിംഗിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സ്കൂളിലെ സി.പി.ഒ ശ്രീ. പ്രതീഷ് മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, ഡൽഹിയിൽ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച് കേരളത്തിന്റെ അഭിമാനമായി മാറിയ അവനിയെ പ്രത്യേകമായി ആദരിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു. ചടങ്ങിൽ ഡി.ഐ മാർക്കുള്ള (DI) ആദരവും മികച്ച പ്രകടനം കാഴ്ചവെച്ച ഹൈസ്കൂൾ - ഹയർസെക്കൻഡറി വിഭാഗം കേഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
ഹയർസെക്കൻഡറി വിഭാഗം സീനിയർ കേഡറ്റായ മാസ്റ്റർ അധിനാൻ.ഇ പരേഡ് കമാൻഡറായും, കുമാരി മീനു എസ്. സുധീർ സെക്കൻഡ് ഇൻ കമാന്റ് പരേഡിന് നേതൃത്വം നൽകി.
പ്രമുഖരുടെ സാന്നിധ്യം,വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ചന്ദ്രൻ സി, മമ്പറം സ്കൂൾ മാനേജർ ശ്രീ. പി. മാധവൻ എന്നിവർ സംബന്ധിച്ചു. പിണറായി പ്രിൻസിപ്പൽ എസ്.ഐ അഖിൽ കെ.ടി, സബ്ഇൻസ്പെക്ടർ അഖിൽ കെ ടി ,കണ്ണൂർ സിറ്റി എ.ഡി.എൻ.ഒ (ADNO) ശ്രീ. കെ. രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ ശ്രീകണ്ണൻ എസ്, സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി.പി, ഹെഡ്മാസ്റ്റർ ശിവദാസൻ സി.സി, ഡെപ്യൂട്ടി എച്ച്.എം വിനോദ് കുമാർ, പി.ടി.എ പ്രസിഡണ്ട് രജീഷ് പി.കെ, സ്റ്റാഫ് സെക്രട്ടറിമാർ, ഡി ഐ മാരായ നിഷിൽ പി പി, സജേഷ് വി കെ റിട്ടയേഡ് സബ്ഇൻസ്പെക്ടർ എം പവിത്രൻ, റിട്ടയേഡ് എസ് ഐ വിനോദ് മേപ്പാടൻ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ തുടങ്ങി വൻ ജനവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.വിദ്യാർത്ഥികളിൽ പൗരബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ സ്കൂൾ എസ്.പി.സി യൂണിറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ ചടങ്ങിൽ പ്രശംസിക്കപ്പെട്ടു. പ്രൗഢഗംഭീരമായ പരേഡിന് മമ്പറം ഹയർസെക്കൻഡറി സ്കൂൾ സിപിഒ മാരായ ശ്രീ പ്രതീഷ് വി സി, ശ്രീമതി സരിത പി, ശ്രീ അജിത് കെ, ശ്രീമതി ഡെയ്സി കെ, ശ്രീ അശ്വിൻ സി വി എന്നിവർ നേതൃത്വം കൊടുത്തു.