16/10/2024
ഫയര്‍ & റസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, ഹോംഗാര്‍ഡ്‌സ് എറണാകുളം റീജിയണല്‍ കായികമേള സമാപിച്ചു
കോതമംഗലം: കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിലെ എറണാകുളം റീജിയണല്‍ അഗ്നിരക്ഷാ സേനാംഗങ്ങളെയും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരെയും ഹോം ഗാര്‍ഡ്‌സിനെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച കായികമേള സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോതമംഗലം എംഎ കോളജ് ക്യാംപസിലായിരുന്നു മേള. എറണാകുളത്തിനു പുറമെ ഇടുക്കി ജില്ലയിലെ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.
അത്‌ലറ്റിക്‌സിനു പുറമെ ബാഡ്മിറ്റണ്‍, വടംവലി, ക്രിക്കറ്റ് തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു. 15ന് ചൊവാഴ്ച രാവിലെ റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ് സുജിത്ത് പതാക ഉയര്‍ത്തിയതോടെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമായി. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോതമംഗലം നഗരസഭാ ചെയര്‍മാന്‍ ടോമി അബ്രാഹം കായികമേളയുടെ ഔപചാരിക ഉത്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ സ്വാഗതം പറഞ്ഞു. കുമാരി എ.എ. അബ്‌ന, ഡോ. നിഷ പി. എം.എന്നിവരെ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എ. നൗഷാദ് ആശംസകളര്‍പ്പിച്ചു. ഇടുക്കി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.കെ. ഷിനോയി നന്ദി പ്രകാശിപ്പിച്ചു.
16ന് ക്രിക്കറ്റ്, വടംവലി മത്സരങ്ങളും നടന്നു. റീജിയണിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങളില്‍ നിന്നായി സ്ത്രീകളുള്‍പ്പെടെയുള്ള സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ വലിയ ആവേശത്തോടെയാണ് മേളയില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മീറ്റില്‍ എറണാകുളം റീജിയണ്‍ ആയിരുന്നു ഓവറോള്‍ ജേതാക്കള്‍. ഇത്തവണ കോഴിക്കോടാണ് സംസ്ഥാനമേള നടക്കുന്നത്. പുതുതായി അഗ്നിരക്ഷാ സേനയുടെ ഭാഗമായ വനിതാ ഫയര്‍ ഓഫീസര്‍മാരും ഇത്തവണ കായികമേളയില്‍ വിവിധ ഇനങ്ങളില്‍ മത്സരത്തിനായി ഇറങ്ങിയിരുന്നു.
എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നായി നൂറിലേറെ കായികതാരങ്ങളാണ് വിവിധ വിഭാഗങ്ങളിലും ഇനങ്ങളിലുമായി മീറ്റില്‍ മാറ്റുരച്ചത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ റീജിയണല്‍ ഫയര്‍ ഓഫീസര്‍ മെഡലുകള്‍ നല്‍കി അനുമോദിച്ചു. റീജിയണല്‍ മീറ്റില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്ക് സംസ്ഥാനതല മേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.