05/01/2026
പാർക്കിംഗ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായാൽ ആര് നഷ്ടപരിഹാരം നൽകും?
ബാങ്ക് ലോണെടുത്തായിരിക്കും പലരും വാഹനങ്ങൾ വാങ്ങുന്നത്. അത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ദുഃഖം വിവരിക്കാൻ സാധിക്കില്ല.
റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം park ചെയ്തിട്ടുള്ള യാത്ര ടിക്കറ്റുള്ള യാത്രക്കാരൻ ഒരു ഉപഭോക്താവാണ്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം റെയിൽവേക്കാണ്. അത്തരം വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടാകുമ്പോൾ അത് നിയമപ്രകാരം റെയിൽവേയുടെ സേവനത്തിൽ വന്ന അപാകതയായി കണക്കാക്കപ്പെടും.
യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പാർക്കിംഗ് സംവിധാനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത് റെയിൽവേയാണ്. അത് റെയിൽവേ നേരിട്ട് ആയാലും കോൺട്രാക്ടർ മുഖേന ആയാലും റെയിൽവേക്കാണ് ഉത്തരവാദിത്വം. കോൺട്രാക്ടറുടെ നിരുത്തരവാദിത്തപരമായ പ്രവർത്തി മൂലം യാത്രക്കാരുടെ വാഹനങ്ങൾക്ക് damage സംഭവിക്കുകയോ, മോഷണം പോവുകയോ ചെയ്താൽ, അതിന്റെ അതിന്റെ പൂർണമായ ഉത്തരവാദിത്വം റെയിൽവേ നൽകേണ്ടതും, ആയത് കോൺട്രാക്ടറിൽ നിന്ന് കരാർ നിബന്ധനകളെ അടിസ്ഥാനമാക്കി റെയിൽവേ വസൂൽ ചെയ്യേണ്ടതും ആകുന്നു.
പാർക്കിംഗ് ഏരിയ വൃത്തിയായി സൂക്ഷിക്കേണ്ടതും, 'പുകവലി പാടില്ല ' ബോർഡുകൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്വവും കോൺട്രാക്ടർക്കുണ്ട്.
പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് നാശനഷ്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം കോൺട്രാക്ടർക്ക് ആയിരിക്കുമെന്ന് റെയിൽവേ അവരുടെ കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. കരാറുകാരനുമായി യാത്രക്കാരന് ബന്ധമില്ല.
പാർക്കിംഗ് സ്ഥലത്ത് കവേർഡ് ഷെൽട്ടർ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ മിക്ക കരാറിലുമുണ്ടായിരിക്കും. യാത്രക്കാരൻ റെയിൽവേയുടെ ഉപഭോക്താവാണ്. റെയിൽവേയെ വിശ്വസിച്ച്, റെയിൽവേ ഏൽപ്പിച്ചിരിക്കുന്ന കരരുകാരന് തന്റെ വിലപിടിപ്പുള്ള വാഹനം കൈമാറി കഴിഞ്ഞാൽ അത് സംരക്ഷിക്കേണ്ട പൂർണ്ണമായ ഉത്തരവാദിത്വം റെയിൽവേക്കാണ്. കരാറുകാരൻ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ, അയാളെ മാറ്റി പുതിയ ആളെ നിയമിക്കേണ്ട ഉത്തരവാദിത്വവും റെയിൽവേക്കാണ്.
കരാർ ഉറപ്പിക്കുമ്പോൾ റെയിൽവേ പാർക്കിംഗ് ഗ്രൗണ്ട് കൃത്യമായി മാർക്ക് ചെയ്തുകൊടുത്തിട്ടുണ്ടാവും. അതിന് പുറത്ത് പാർക്ക് ചെയ്തു കൊണ്ട് കൂടുതൽ പണം സമ്പാദിക്കുന്ന കരാറുകാരനെതിരെ നിയമപ്രകാരം നടപടി എടുക്കേണ്ടതാണ്.എന്നാൽ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥന്മാർ കരാറുകാരന്റെ ഇഷ്ട സേവകൻ ആയിരിക്കും.
തീപിടിത്തത്തിൽ വാഹനം നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് കോടതിയെയൊ/ റെയിൽവേ ക്ലെയിംസ് ട്രിബൂനലിനെയോ സമീപിക്കാവുന്നതാണ്.
കോൺട്രാക്ടർ പാർക്കിങ്ങിനു വേണ്ടി കൂടുതൽ പണം വാങ്ങുകയോ, മോശമായി പെരുമാറുകയോ, കൃത്യമായി നിരക്കുകൾ എഴുതി വയ്ക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാർ അതാത് റെയിൽവേ ഡിവിഷനിലുള്ള സീനിയർ കോമേഴ്സ്യൽ മാനേജർക്ക് പരാതി നൽകാവുന്നതാണ്. ഒരുമാസം കഴിഞ്ഞ് പരാതിയിൽ എന്ത് നടപടിയാണ് എടുത്തതെന്ന് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിക്കണം. ഉപഭോക്ത കോടതിയെയും സമീപിക്കാം .
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075