06/09/2026
https://www.facebook.com/share/p/19bLAWcfJB/
ഒരു മാസത്തിലേറെയായി ചിറ്റൂരിൽ കുടിവെള്ളമില്ല; നാട്ടുകാർ ദുരിതത്തിൽ
ഒരു മാസത്തിലേറെയായി കുടിവെള്ളം മുടങ്ങിയതോടെ ചേരാനല്ലൂർ പഞ്ചായത്തിലെ ചിറ്റൂർ മേഖലയിലെ കുടുംബങ്ങൾ ദുരിതത്തിൽ.
ജോലിക്കും സ്കൂളുകളിലേക്കും പോകാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. പാചകം ചെയ്യാൻ പോലും വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി.
പതിവായി ലഭിച്ചിരുന്ന കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ വലിയ വില നൽകി വെള്ളം വാങ്ങേണ്ട സാഹചര്യമാണ്. ആവശ്യം വർധിച്ചതോടെ ടാങ്കർ ലോറിയിലെ വെള്ളവും കിട്ടാക്കനിയായി.
വീട്ടാവശ്യങ്ങൾക്കും പാചകത്തിനും കുടിക്കാനും വെള്ളം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുട്ടികളും വയോധികരുമടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. എച്ച്എംസിഎ, വയലാർ-വള്ളാശേരി വാർഡുകളിലാണ് കുടിവെള്ളം തീരെയില്ലാത്തത്.
അമൃത് ആശുപത്രിക്ക് സമീപത്തെ ടാങ്കിൽ നിന്നും പച്ചാളം ഓവർഹെഡ് ടാങ്കിൽ നിന്നുമാണ് ചേരാനല്ലൂർ പഞ്ചായത്തിലെ വാർഡുകളിലേക്ക് വെള്ളം എത്തുന്നത്. രണ്ടിടത്തു നിന്നുമുള്ള വിതരണത്തിന്റെ അവസാന പോയിന്റുകളാണ് ഈ വാർഡുകൾ. പമ്പിങ് കുറഞ്ഞതോടെ ഇവിടെ എത്തുന്നതിനു മുൻപേ വെള്ളം തീരുകയാണ്.
ജലവിതരണം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ നാട്ടുകാർ സമീപിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല.
പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന വാർഡിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. എടയക്കുന്നം, വാലം, വില്ലേജ് ഓഫീസ് വാർഡുകളിൽ ഭാഗികമായി മാത്രമേ വെള്ളം എത്തുന്നുള്ളൂ.
കുടിവെള്ളക്ഷാമം വ്യാപിച്ചതോടെ എല്ലായിടത്തും ടാങ്കർ ലോറികൾക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. ടാങ്കർ ലോറികൾക്ക് നൽകേണ്ട പ്രതിഫലവും കൂടിവരികയാണ്.
ദീപിക