01/10/2017
ഇന്നത്തെ എന്റെ കമ്പനി ടൂർ പ്ലാൻ അനുസരിച്ചു ഞാൻ നെയ്യാറ്റിൻകരയിൽ ഉള്ള ഒരു ഷോറൂം സന്ദർശനത്തിന് പോകുകയായിരുന്നു, തമ്പാനൂർ വെച്ചു ചങ്ക് ബ്രോ Sunay Billa യെ കണ്ടു, അവൻ RAK സെറാമിക്സിൽ ജോലിചെയ്യുകയാണ്. ഞാൻ കാർ നിർത്തി, ചോദിച്ചപ്പോൾ ഞാൻ പോകുന്ന അതേ ഷോറൂമിലേക്ക് തന്നെയാണ് അവനും പോകേണ്ടത്. ഭാഗ്യം, വല്ലതും മിണ്ടിയും പറഞ്ഞും പോകാൻ ഒരു കൂട്ടായല്ലോ, ഞാൻ മനസ്സിൽ പറഞ്ഞു. നല്ല ട്രാഫിക് ഉള്ള സമയം, മുടിഞ്ഞ വിശപ്പും. ഒന്നുരണ്ട് ഹോട്ടലിൽ കയറാൻ ഞങ്ങൾ ഒരു പാഴ് ശ്രമം നടത്തി. പക്ഷെ എല്ലായിടത്തും പാർക്കിങ് ഫുൾ. ആരെയാണോ ഇന്ന് കണി കണ്ടെത് എന്ന് മനസ്സിൽ ശപിച്ചു വീണ്ടും യാത്ര..
കിള്ളിപ്പാലം ജങ്ഷൻ എത്തിയപ്പോൾ ഒരു ചെറിയ ഫ്ളക്സ് ബോർഡ് കണ്ടു. പഴങ്കഞ്ഞി കട..! പഴങ്കഞ്ഞി എങ്കിൽ പഴങ്കഞ്ഞി മനസ്സിൽ പറഞ്ഞു. ആറ്റുകാൽ അമ്പലത്തിലേക്കക്കുള്ള ബണ്ട് റോഡിന്റെ വലതു വശത്തായി (PRS ഹോസ്പിറ്റലിന്റെ കാർപാർക്കിങിന് എതിർവശം) ഒരു ഹോട്ടൽ. വിചാരിച്ചത് പോലെയല്ല അത്യാവശ്യം സെറ്റ് അപ്പ് ഒക്കെയുള്ള, വൃത്തിയുള്ള ഒരു ചെറിയ ഹോട്ടൽ. നല്ല തിരക്കും.
കൈകഴുകി ഇരുന്നു.. നല്ല വസ്ത്രങ്ങൾ ധരിച്ച ഫ്രീക്കന്മാർ ഭക്ഷണം വിളമ്പുന്നു. എല്ലാത്തിനും മേൽനോട്ടം വഹിച്ചുകൊണ്ട് പ്രസന്നവദനായി ഹോട്ടൽ മുതലാളിയും. ഭക്ഷണം ഓർഡർ ചെയ്‌തു. 2 മിനിറ്റിനുള്ളിൽ ടേബിളിൽ വിഭവങ്ങൾ നിറഞ്ഞു. പഴങ്കഞ്ഞിയും, കപ്പയും, മോര് കറിയും, കണവ ഫ്രൈയും, മീൻപീരയും കൊഞ്ച് റോസ്റ്റും. പിന്നെ കഞ്ഞിയുടെ കൂടെയുള്ള ചമ്മന്തിയും, ഉണക്കമീൻ പൊരിച്ചതും, പയറും, അച്ചാറും, പപ്പടവും എല്ലാം. ഞങ്ങൾ ശരിക്കും ഞെട്ടി..! ( ഇതെല്ലാം കഴിച്ചു തീർക്കേണ്ടെ ) ഭാഗ്യത്തിന് ഓരോ പ്ലേറ്റ് മാതൃമേ ഓർഡർ ചെയ്തിട്ടുള്ളൂ.
ആദ്യം ഞാൻ തന്നെ കഴിച്ചു തുടങ്ങി.. ഒന്നും പറയാനില്ല, കിടിലൻ രുചി. കറികൾ ഒന്നിനൊന്നു മെച്ചം. ചമ്മന്തിക്ക് അപാര ടെസ്റ്റ് എന്റെ മനസ്സ് വായിച്ചെന്ന പോലെ നമ്മുടെ ഫ്രീക്കൻ സപ്ലൈർ എന്റെ പാത്രത്തിലേക്ക് വീണ്ടും ചമ്മന്തി വിളമ്പി. ഞാൻ ഇടയ്ക്കിടെ സുനൈയെ നോക്കുന്നുണ്ട്, അവനും നന്നായി ആസ്വദിച്ചു കഴിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഹോട്ടൽ ഉടമ ഞങ്ങളുടെ ടേബിളിനു മുന്നിൽ വന്നു, ഭക്ഷണം എങ്ങനുണ്ട്, ഇനി എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു നന്നായിട്ടുണ്ട്. ഇവിടെ ഇങ്ങനെ ഒരു കട ഉള്ളത് ഞങ്ങൾ ഇപ്പോഴാണ് അറിഞ്ഞത് എന്നു, ഇനി വരുമ്പോൾ ഇവിടെ നിന്ന് തന്നെ കഴിക്കാം എന്ന്. പിന്നെ കുറച്ചു നേരം അദ്ദേഹം ഞങ്ങളോട് സംസാരിച്ചു, 35 വർഷത്തിൽ അധികമായി ഇവിടെ നോങ്കിന്റെ(പനം കരിക്ക്) കച്ചവടം നടത്തുന്നു, ഈ ഹോട്ടൽ അടുത്ത കാലത്താണ് തുടങ്ങിയത്, രാത്രി 11 മണി വരെ തിരക്ക് കാണും. ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂ, കച്ചവടം കൂടുന്നത് അനുസരിച്ചു കുറച്ചു വിഭവങ്ങൾ കൂടി ഉൾപ്പെടുത്തും, പിന്നെ പലതരം ജ്യൂസുകളും. അപ്പോൾ ഞാൻ ചമ്മന്തിയുടെ ടെസ്റ്റിന്റെ രഹസ്യം ചോദിച്ചു.. ആദ്യം പുള്ളി ചിരിച്ചു, എന്നിട്ട് പറഞ്ഞു പണ്ട് ഞങ്ങൾ വളരെ പാവങ്ങൾ ആയിരുന്നു, ഞങ്ങളുടെ വീട്ടിൽ 'അമ്മ ഉണ്ടാക്കിയിരുന്ന അതെ രുചിയുള്ള പഴംകഞ്ഞിയും ചമ്മന്തിയും ആണ് ഇന്ന് എന്റെ ഹോട്ടലിൽ വിളമ്പുന്നത്..! ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അദ്ദേഹം ഞങ്ങളുടെ കൂടെ ഇരുന്നു. ഒരു ജ്യൂസ് കൂടെ കുടിച്ചിട്ട് അഭിപ്രായം പറയാൻ പറഞ്ഞു.. ഞങ്ങൾ സമ്മതിച്ചു. നമ്മുടെ ഫ്രീക്കൻ ജ്യൂസ് കൊണ്ടുവന്നു. നല്ല ഒന്നാന്തരം നരുനണ്ടി ഇട്ട തണുത്ത ഓറഞ്ചു ജ്യൂസ്. വയർ വല്ലാണ്ട് നിറഞ്ഞു, കൂട്ടത്തിൽ മനസ്സും.
നിങ്ങൾ തീരുവനന്തപുരത്തു പോകുകയാണെങ്കിൽ ഞാൻ ഈ പറഞ്ഞ ഹോട്ടലിൽ ഒന്ന് കയറണം.. ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല. വില വളരെ കുറവാണ്. കിള്ളിപ്പാലം രാജേഷിന്റെ പഴങ്കഞ്ഞി കട എവിടെയാണെന്ന് ചോദിച്ചാൽ ആരും പറഞ്ഞു തരും, ഗ്രൂപ്പ് ആയിട്ട് പോകുവാണെങ്കിൽ ഈ നമ്പറിൽ വിളിച്ചിട്ട് പോകുക. വിഷ്ണു 9567052000.
Courtesy: Unnis Eruva