03/09/2026
ഈ വിവരക്കേട് ദീപ്തി മേരി വർഗ്ഗീസിന്റേത് മാത്രമാണോ?
കഴിഞ്ഞ 35 വർഷത്തിന് ഇപ്പുറമാണ് ഇവിടെ പർദ്ദ വ്യാപകമായത്, കണ്ണ് മൂടി കെട്ടുന്ന ഈ വസ്ത്രം ആധുനിക സംസ്കാരത്തിന് യോജിച്ചതല്ല.
ഈ പറഞ്ഞതിൽ എന്തെങ്കിലും അപാകതയുണ്ടോ? രണ്ടും യഥാർത്ഥ്യമല്ലേ? പക്ഷേ അതിലൊരു പ്രശ്നമുണ്ട്.
ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് നമ്മുടെ നാട്ടിലെ വസ്ത്ര രീതി എന്തായിരുന്നു? ആണുങ്ങള്‍ ഒട്ടുമുക്കാലും മുണ്ടും ഷര്‍ട്ടും, സ്ത്രീകള്‍ സാരി, പാവാട-ബ്ലൌസ്, ഹാഫ് സാരി, ചട്ടയും മുണ്ടും, തുണിയും കുപ്പായവും.....
പാന്‍റിട്ട പരിഷ്കാരികള്‍വളരെ കുറവ്
ചുരിദാറിട്ട പെൺകുട്ടികൾ അതിലും കുറവ്
പര്‍ദ്ദയിട്ട യാഥാസ്ഥികര്‍ പിന്നേയും കുറവ്
ഇന്നോ ആണ്‍ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പാന്‍റ്സും ഷര്‍ട്ടും യൂണിഫോം, മുണ്ട് സ്കൂള്‍-കോളേജ് തലങ്ങളില്‍ നിന്ന് ഒരു പരിധി വരെ അപ്രത്യക്ഷമായിരിക്കുന്നു, നാട്ടിന്‍ പുറത്തും നഗരങ്ങളിലും പാന്‍റ്സ് ഇട്ടവര്‍ ധാരാളം.
പെണ്‍ കുട്ടികള്‍ മഹാഭൂരിപക്ഷവും ചുരിദാറിലേക്ക് നീങ്ങി,സ്കൂള്‍ യൂണിഫോം പലയിടത്തും ചുരിദാര്‍ തന്നെ, സൈഡ് കീറിയതും മൂഡ് തുന്നിയതും ഒക്കെയായി വ്യത്യസ്ത ഭാവങ്ങളില്‍ ചുരിദാര്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു,
ഹാഫ് സാരിക്ക് വംശനാശം വന്നു, പാവടയും ബ്ലൌസും പാര്‍ട്ടി വേഷങ്ങളായിമാറി. ജീന്‍സും ടീ ഷര്‍ട്ടുമാണ് പുതിയ അവതാരങ്ങള്‍, ഏത് നിമിഷവും ഇവ ചുരിദാറിനെ ഒവേര്‍ടെക് ചെയ്യാം.
ഒട്ടേറെ മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദയിലേക്ക് മാറി..പര്‍ദ്ദക്കും ദിവസേന മാറ്റങ്ങള്‍ വരുന്നു, ഫ്രെണ്ട് ഓപ്പണ്‍, ബോഡി ടൈറ്റ്, വർക്കുള്ളത്, വരയുള്ളത്……
ചെറുപ്പക്കാര്‍ വീട്ടില്‍ കൈലി ഉടുത്തിരുന്നത് നിര്‍ത്തി, ട്രാക് പാന്‍റ്സും, ത്രീഫോർത്തുമായി.
നമുക്കിടയിലേക്ക് കടന്നുവന്ന ചില വസ്ത്രങ്ങളെ ഒന്ന് പരിചയപ്പെട്ട് നോക്കൂ….
പാന്‍റ്സ് : പാശ്ച്യാത വസ്ത്രം കൊളോണിയല്‍ ഭരണത്തോടൊപ്പം ഇന്ത്യയിലേക്ക് വന്നു അവരുടെയും അവരുടെ ശിങ്കിടികളുടെയും 'ആഢ്യ' വസ്ത്രമായി നൂറ്റാണ്ടുകള്‍ നിലനിന്നു, ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ പലതും പാന്‍റിസിലേക്ക് കൂട് മാറിയപ്പോഴും കേരളം ഒന്നു മടിച്ച് നിന്ന്, എഴുപതുകളുടെ ഒടുക്കം വരെ വരെ 'ഫുള്‍ട്രൌസര്‍' ഇട്ടവര്‍ പരിഷ്കാരികള്‍ തന്നെയായിരുന്നു (ഹാഫ് ട്രൌസര്‍ ആണ് പാശ്ചാത്യ വസ്ത്രം എന്നും നമ്മള്‍ ഇന്ന്‍ പാന്‍റ്സ് എന്ന്‍ വിളിക്കുന്ന ഫുള്‍ ട്രൌസറിന്റെ ഉല്‍ഭാവം ഇറാക്കില്‍ ആണെന്നും പലതും കോപ്പി അടിച്ച കൂട്ടത്തില്‍ പാശ്ച്യതര്‍ കോപ്പി അടിച്ചതാണെന്നും സംവിദായകന്‍ പി ടി കുഞ്ഞുമുഹമ്മദ് ഒരു അഭിമുഖത്തില്‍ പറയുന്നതു കേട്ടിട്ടുണ്ട്) എന്തായാലും കുറഞ്ഞ കാലം കൊണ്ട് മലയാളികള്‍ പാന്റ്സിലേക്ക് കൂടുമാറി , 'കംഫര്‍ട്ടബിള്‍' ആണ്, ഭംഗിയുണ്ട്, പ്രായഭേദമന്യേ -മതഭേദമന്യേ ആര്‍ക്കും ഉപയോഗിക്കാം.
ചുരിദാര്‍ :- വന്നത് ഉത്തരേന്ത്യയില്‍ നിന്ന് അവിടെ ആണും പെണ്ണും ഉപയോഗിയ്ക്കുന്ന വേഷം,പേരില്‍ മാത്രം ചെറിയ വ്യത്യാസം പെണ്ണിന് ചുരിദാര്‍, ആണിന് കുര്‍ത്ത...
മുഗളന്‍മാരുടെ കാലത്താണ് ഉല്‍ഭവം എന്ന് പറയപ്പെടുന്നു, നമ്മുടെ പെണ്ണുങ്ങള്‍ രണ്ട് കയ്യും നീട്ടി ചുരിദാറിനെ സ്വീകരിച്ചു. ആണുങ്ങള്‍ക്കെന്തോ അത്ര പിടിച്ചില്ല... എന്തായാലും ചുരിദാര്‍ മതേതരം ആയി .. ഗ്ലാമറസ് ആയി.. നാടു കീഴടക്കി
പര്‍ദ്ദ : - അറബികളുടെ വസ്ത്രം, ആണും പെണ്ണും ഉപയോഗിക്കുന്നു, പ്രവാചകന്‍റെ കാലത്തും അതിനു മുമ്പും ഇതേ വേഷം തന്നെ ആയിരുന്നു എന്ന് ചരിത്രം, കാലത്തിന്‍റെ പുരോഗതികള്‍ മട്ടിലും ഭാവത്തിലും സ്വാഭാവികമായും ഉണ്ട്,
ആണുങ്ങള്‍ വെളുത്ത നിറത്തില്‍ പേര് 'കന്തൂറ'. തോപ്പ്, ളോഹ... പെണ്ണുങ്ങള്‍ കറുത്ത നിറത്തില്‍ ഉപയോഗിക്കുന്നു പേര് ബൂര്‍ക്ക ,അബായ, പര്‍ദ്ദ.... അറബ് നാടുകളില്‍ എല്ലാമതക്കാരും ധരിക്കുന്നു ലബനാനിലും, ഈജിപ്തിലും..സിറിയയിലും എല്ലാം ക്രിസ്ത്യാനികളും ഇതേ വസ്ത്രം ധരിക്കുന്നു.. ഒട്ടേറെ ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ത്രീ-പുരുഷ വസ്ത്രം 'പര്‍ദ്ദ'യുടെ വക ഭേദങ്ങള്‍ ആണ്. മുസ്ലിംകള്‍ തലയില്‍ 'ഹിജാബ്' ഇടുന്നു മറ്റ് മതക്കാര്‍ അത് ഇടാറില്ല,
ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള മലയാളീ പുരുഷന്മാര്‍ ഇത് ഉപയോഗിക്കാറുണ്ട്, ഇത്ര സുഖകരമായ വസ്ത്രം വേറെയില്ല എന്നൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്.
പാന്‍റ്സും ചുരിദാറും വന്ന അതേ കാലഘട്ടത്തില്‍ കടന്നു വന്ന പര്‍ദ്ദക്കുമാത്രം പക്ഷേ മതേതര പരിവേഷം കിട്ടിയില്ല....
എഴുപതുകളുടെ അവസാനത്തില്‍ മലയാളി അറബ് നാട്ടിലേക്ക് കുടിയേറി തുടങ്ങിയതോടെയാണ് പര്‍ദ്ദയുടെ വരവ്, അഞ്ചു കൊല്ലത്തെ ഇടവേളകളില്‍ നാട്ടിലെത്തുന്ന ഗള്‍ഫുകാരന്‍ തന്‍റെ പ്രാണപ്രേയസിയെ 'അറബിച്ചി'യെപ്പോലെ സുന്ദരിയാക്കാന്‍ കൊണ്ടുവന്നതാണ്....മരുമോളില്‍ നിന്ന് അമ്മായിയും നാത്തൂനും അയല്‍ക്കാരും പര്‍ദ്ദയെ മല്‍സരിച്ച് സ്വന്തമാക്കി, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് പര്‍ദ്ദ യുടെ റേറ്റിങ് ഇടിച്ചു കേറുന്നത് കണ്ട കച്ചവടക്കാര്‍ പര്‍ദ്ദക്കു മാത്രമായി ഷോപ്പുകള്‍ ഒരുക്കി, സ്വദേശി പര്‍ദ്ദകളും ബ്രാന്‍റുകളും രൂപം കൊണ്ടു, പര്‍ദ്ദ സ്ത്രീ വസ്ത്ര ലോകത്ത് അവഗണിക്കാന്‍ കഴിയാത്ത സാന്നിധ്യമായി മാറി.
പ്രവാസം അധികരിക്കുകയും ദുബൈ ബാംഗ്ലൂരിനെക്കാള്‍ അടുത്താവുകയും,ചെയ്തപ്പോള്‍ കടല്‍ കടന്ന് വന്ന ഷവര്‍മ്മയും, ബര്‍ഗ്ഗറും, ഫ്രൈഡ് ചിക്കനും.... എല്ലാം 'മതേതര' കേരളം ഏറ്റെടുത്തു.... പര്‍ദ്ദ മാത്രം ഒറ്റപ്പെട്ടു..
പക്ഷേ പര്‍ദ്ദക്കു പാതി സങ്കടം സഹിക്കാം കാരണം കൂടെ ഒരു ഇരട്ട സഹോദരി വന്നിരുന്നു ഇതേ അറബ് നാട്ടില്‍ നിന്ന് മേക്സി .... അവളെ ഇരു കയ്യും നീട്ടി കേരളം സ്വീകരിച്ചു. ഒരേ മുഖഛായ ആണെങ്കിലും മേക്സി വ്യത്യസ്ത നിറങ്ങളില്‍ തകര്‍ത്താടി... എല്ലാ മതക്കാരായ സ്ത്രീകളും മേക്സിക്കാരായി ...
കാല്‍ നൂറ്റാണ്ട് മുമ്പ് വരെ 'വലിയ വീട്ടിലെ കൊച്ചമ്മ മാര്‍ മാത്രം ഉടുത്തിരുന്ന നൈറ്റ് ഗൌണുകള്‍ ഉണ്ടായിരുന്നെങ്കിലും വിപ്ലവം കൊണ്ടുവന്നത് അറബി നാട്ടില്‍ നിന്നെത്തിയ മേക്സി തന്നെയാണ്.
കാൽ നൂറ്റാണ്ടിൽ തന്റെ ചുറ്റും നടന്ന മറ്റൊരു മാറ്റവും ദീപ്തിയെ ആശങ്കപ്പെടുത്തിയിട്ടില്ല, പക്ഷേ പർദ്ദ മാത്രം അവർക്ക് പ്രശ്നമായി തോന്നുന്നു. എന്ന് മാത്രമല്ല പർദ്ദ എന്നാൽ മുഖം മൂടി കെട്ടുന്ന വസ്ത്രമാണ് എന്നാണവർ മനസ്സിലാക്കി വെച്ചത്. മുഖം മൂടുന്ന വസ്ത്രത്തിന്റെ പേര് നിഖാബ് എന്നാണ് പർദ്ദയിടുന്നവരിൽ ഒരു ശതമാനം പോലും നിഖാബ് ഇടുന്നില്ല. പക്ഷേ പൊതു പ്രവർത്തകയായ ദീപ്തിക്ക് പോലും ഇക്കാര്യങ്ങളിൽ അജ്ഞതയും പർദ്ദപ്പേടിയും ഉണ്ടെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി ആലോചിച്ച് നോക്കൂ…
കെട്ടോ ദീപ്തി… നിങ്ങൾക്ക് വർഗീയതയോ മുസ്ലിം വിരുദ്ധതയോ ഉണ്ടെന്നൊന്നും ആരും പറയില്ല പക്ഷേ കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന ജനവിഭാഗത്തിന്റെ ജീവിതത്തെ കുറിച്ചും അവരുടെ വസ്ത്ര-ഭക്ഷണ രീതികളെ കുറിച്ചും വിവരമില്ലാതിരിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നവരിൽ നിങ്ങളുമുണ്ട്, ഔറത്ത് മറക്കാതിരിക്കാൻ ആഹ്വാനം ചെയ്യുന്ന പണ്ഡിതരെ വെല്ലു വിളിക്കുന്ന അപർണയെ പോലുള്ളവരുണ്ട്.
കാലം മാറി, കുറച്ചൊക്കെ പരിസര ബോധം കാണിച്ചില്ലെങ്കിൽ അമീൻ ഹസ്സൻ ചെയ്ത പോലെ പിള്ളേര് വാരിയെടുത്ത് ഭിത്തിയിൽ തേച്ച് കളയും.
-ആബിദ് അടിവാരം