01/04/2023
ചാത്തന്നൂർ എസ്.എൻ കോളേജിൽ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ പരിപാടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു എന്ന തരത്തിൽ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതം.
ചാത്തന്നൂർ എസ്.എൻ കോളേജിൽ 31.03.2023 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ 'കോളേജ് ഡേ' നടത്താൻ തീരുമാനിച്ചിരുന്നത്. ഇതേ ദിവസം രാവിലെ കോളേജ് മാനേജ്മെന്റിന്റെയും അധ്യാപക -അനധ്യാപകരുടെയും നേതൃത്വത്തിൽ 'മെറിറ്റ് ഡേ' നടത്താൻ ധാരണയായിരുന്നു. രാവിലെ സംഘടിപ്പിച്ച പരിപാടിയുമായി കോളേജ് യൂണിയന് യാതൊരു ബന്ധവും ഇല്ലായിരുന്നു. ചാത്തന്നൂർ താലൂക്ക് എസ്.എൻ.ഡി.പി യൂണിയന്റെ ഉടമസ്ഥതയിലാണ് എസ്.എൻ കോളേജ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ മാനേജ്മെന്റ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഉദ്ഘാടകനായി അവർ തീരുമാനിച്ചത് എസ്.എൻ.ഡി.പി യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ബി ഗോപകുമാറിനെയാണ്. ഈ രണ്ടു പരിപാടികൾക്കും പൊതുവായി തയാറാക്കിയത് കോളേജിലെ സെമിനാർ ഹാൾ ആണ്. ഉച്ചക്ക് ശേഷം പരിപാടി നടത്താനായി കോളേജ് യൂണിയൻ ഒരുക്കിയ വേദിയിലാണ് രാവിലെ മാനേജ്മെൻ്റ് സംഘടിപ്പിച്ച പരിപാടിയിൽ ഈ വ്യക്തി പങ്കെടുത്തത്. കോളേജിൽ നിന്നും ഔദ്യോഗികമായി ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യൂണിയൻ ഭാരവാഹികളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. യാഥാർത്ഥ്യം ഇതായിരിക്കെ ഈ ചടങ്ങിൻ്റെ ചിത്രം ഉപയോഗിച്ച് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന കലാലയ യൂണിയന്റെ പരിപാടിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ ഈ വ്യക്തി ഉദ്ഘാടകനായി പങ്കെടുത്തു എന്ന നിലയിൽ അടിസ്ഥാനരഹിതവും അവാസ്തവവുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കപെടുന്നത്.
2019ൽ എ.ബി.വി.പി യും കെ.എസ്.യുവും സഖ്യത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് ഇതേ കോളേജിലാണ്. അന്ന് കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനം എ.ബി.വി.പിയും യു.യു.സി സ്ഥാനങ്ങൾ കെ.എസ്.യുവും പരസ്പരം പങ്കുവെച്ചാണ് ഭരണം നടത്തിയത്. 2020ൽ ഈ കെ.എസ്.യു-എ.ബി.വി.പി സഖ്യത്തെ ഒറ്റക്ക് മത്സരിച്ച് തോൽപ്പിച്ചാണ് എസ്.എഫ്.ഐ യൂണിയൻ ഭരണം നേടിയത്.
അതിന് ശേഷവും തുടർച്ചയായി എസ്.എഫ്.ഐ ആണ് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. എ.ബി.വി.പിയെയും സംഘപരിവാർ രാഷ്ട്രീയത്തെയും കലാലയങ്ങളിൽ പ്രതിരോധിച്ചും, അതിജീവിച്ചുമാണ് എസ്.എഫ്.ഐ മുന്നോട്ട് പോകുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിൽ യാഥാർഥ്യം മറച്ചു വെച്ച് എസ്.എഫ്.ഐയെയും കോളേജ് യൂണിയനെയും അപകീർത്തിപെടുത്തുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ഇതിനകം തന്നെ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇത്തരം തെറ്റായ വാർത്തകളെ വിദ്യാർത്ഥിസമൂഹവും പൊതുസമൂഹവും തള്ളികളയണമെന്നും ഇക്കൂട്ടരെ ഒറ്റപ്പെടുത്തണമെന്നും SFI കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.