Aam Aadmi Party Kerala
ആം ആദ്മി പാര്‍ട്ടി (സാധാരണക്കാരന്റെ പാര്‍ട്ടി) എന്ത് കൊണ്ട്? അത് എങ്ങനെ രാജ്യത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ്?
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പോലെ അഴിമതിയ്ക്കെതിരെയുള്ള ജനമുന്നേറ്റത്തില്‍ നിന്നും ഉടലെടുത്ത രാഷ്ട്രീയ പാര്‍ട്ടി ആണ് ആം ആദ്മി പാര്‍ട്ടി(AAP) അഥവാ സാധാരണക്കാരന്റെ പാര്‍ട്ടി(എ എ പി). രാജ്യത്ത് നിലവിലുള്ള ബഹു ഭൂരിപക്ഷം പാര്‍ട്ടികളും സാധാരണ ജനങ്ങളെ മ
റന്നുകഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ശബ്ദമായി മാറുവാന്‍ ഒരു പാര്‍ട്ടി ആവശ്യമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെ ഒരു പാര്‍ട്ടി ഉടലെടുക്കാന്‍ തന്നെ കാരണം. അഴിമതിക്കാരെ തുറുങ്കില്‍ അടയ്ക്കാന്‍ പര്യാപ്തമായ ശക്തമായ ഒരു ജനലോക്പാല്‍ നിയമം പാസ്സാക്കുവാന്‍ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പാര്‍ട്ടികള്‍ മിക്കവയും തന്നെ കോര്‍പറേറ്റ് ലോബ്ബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അവ അധികാരം കിട്ടിയാല്‍ ഈ കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. പ്രതിപക്ഷം എന്നൊരു കൂട്ടര്‍ നിലവില്‍ ഇന്ത്യ മഹാരാജ്യത്തേ ഇല്ല എന്നതാണ് മറ്റൊരു വലിയ തമാശ. ഇക്കൂട്ടര്‍ ഭരണപക്ഷ പാര്‍ട്ടികളുമായി അകമേ പങ്കുകച്ചവടം ആണ് നടത്തുന്നത്. മാധ്യമങ്ങളിലൂടെയും, പ്രഹസന സമര കോലാഹലങ്ങള്‍ കാണിച്ചും ജനങ്ങളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സാധാരണക്കാരന്‍ ഈ അവസരത്തില്‍ എവിടെ പോകും? എന്ത് ചെയ്യും? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പാര്‍ട്ടി. സുശക്തമായ ഒരു ഭരണ ഘടനയും നീതി ന്യായ വ്യവസ്ഥയും നിലവില്‍ ഉള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരു സമൂല മാറ്റം വരണമെങ്കില്‍ രാജ്യസ്നേഹമുള്ള നല്ല സ്ഥാനര്‍ത്ഥികള്‍ പാര്‍ലിമെന്റിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടണം, ഇന്ന് അതാണോ നടക്കുന്നത്? ഒരു നല്ല നിസ്വാര്തനായ രാജ്യ സ്നേഹിക്ക് എതെങ്കിലും പാര്‍ട്ടി മത്സരിക്കുവാനുള്ള ടിക്കറ്റ് നല്‍കുമോ? സ്വതന്ത്രനായി മത്സരിച്ചാല്‍ ഇവര്‍ ജയിക്കുമോ? അപ്പോള്‍ നിസ്വാര്‍ത്ഥരായ, രാജ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ലിമെന്റില്‍ എത്തുവാന്‍ ഒരു വഴി വേണം. അതിനായി രൂപികരിച്ചതാണ് ഈ സാധാരണക്കാരന്റെ പാര്‍ട്ടി.
ഇനി ഈ പാര്‍ട്ടിയുടെ വ്യത്യസ്തത എന്തൊക്കെ ആണ് എന്ന് നോക്കാം.
1) ഈ പാര്‍ട്ടിക്ക് ഒരു ഹൈക്കമാണ്ട് ഇല്ല. ഇവിടെ ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും അതാതു പ്രദേശത്തെ ജനങ്ങളായിരിയ്ക്കും. (വേറെ ഏതു പാര്‍ട്ടിയാണ് ജനങ്ങളുടെ അഭിപ്രായം തേടി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്? ഇവിടെ പണവും കൈയ്യൂക്കും വേണ്ടേ സ്ഥാനാര്‍ഥി ആകുവാന്‍)
2) പാര്‍ടിയുടെ എല്ലാ കണക്കു വിവരങ്ങളും സുതാര്യമായിരിയ്ക്കും. വിവരാവകാശ നിയമം ഉപയോഗിച്ച് ഏതൊരു പൌരനും ഇത് ലഭ്യമാക്കാവുന്നതാണ്. എല്ലാ വിധ സംഭാവനകളും വെബ്‌സൈറ്റില്‍ മുഴുവന്‍ വിശദാംശങ്ങളോട് കൂടി പ്രദര്‍ശിപ്പിക്കും. (നിലവില്‍ ബഹുഭൂരിപക്ഷം പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്‍ കീഴില്‍ വരുവാന്‍ ആഗ്രഹിക്കുന്നില്ല, സംഭാവന നല്‍കിയ കോര്‍പറേറ്റ് ഭീമന്‍മാരുടെ പേര് വിവരം പുറത്തു വരും എന്ന് പേടിച്ചാണ് ഇത്.)
3) ഒരു കുടുംബത്തില്‍ നിന്നും ഒരു അംഗത്തിനു മാത്രമേ പാര്‍ടിയുടെ ഏതെങ്കിലും ഒരു പദവി ഏറ്റെടുക്കാന് കഴിയൂ. (മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ തങ്ങളുടെ മക്കളെ അടുത്ത നേതാവാക്കുന്ന തിരക്കിലാണ്, ഇതിനു ഒരു അന്ത്യം വരുത്തേണ്ടത് അത്യാവശ്യമാണ്.)
4) തിരഞ്ഞെടുത്തു മത്സരിച്ചു ജയിച്ച സ്ഥാനാര്‍ഥി പാര്‍ലിമെന്റില്‍ പോയി തന്റെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ നിന്നും പുറകോട്ടു പോയാല്‍ അയാളെ തിരികെ വിളിക്കാനുള്ള അധികാരം (റൈറ്റ് ടു റീകാള്‍)ഈ പാര്‍ടി സ്റ്റേറ്റ് കൌണ്‍സിലിന് നല്കിയിരിയ്ക്കുന്നു. (വോട്ട് കിട്ടിയാല്‍ ജനങ്ങളെ മറക്കുന്ന നമ്മുടെ നേതാക്കളെ തിരികെ വിളിക്കുവാനുള്ള അധികാരം അവരെ കൂടുതല്‍ കര്‍മ നിരതരായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും)
5) പാര്‍ട്ടി ഭാരവാഹികളോ തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളോ അഴിമതി നടത്തുകയോ മറ്റെന്തെങ്കിലും ക്രമക്കേട് നടത്തുകയോ ചെയ്‌താല്‍ അവരെ പിടികൂടി ശിക്ഷിക്കാനുള്ള സംവിധാനം(സ്വതന്ത്ര ലോക്പാല്‍) പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ നടപ്പാക്കും. ഈ ലോക്പാലിന്‍റെ പാനെലില്‍ സിറ്റിംഗ് ജഡ്ജിമാരും മറ്റു പ്രമുഖരെയും ഉള്പെടുത്തും. . ഇവര്‍ കുറ്റം കണ്ടെത്തിയാല്‍ അതാരായാലും അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. ഈ ലോക്പാലിലേയ്ക്ക് ഏതൊരു പൌരനും പരാതിപ്പെടാം. (മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ ചെയ്ത അഴിമതിയ്ക്കു കുട പിടിയ്ക്കുകയാണ് അതാത് പാര്‍ട്ടികള്‍ ചെയ്യുന്നത്. സ്വതന്ത്ര അന്വേഷണം നടത്തുവാന്‍ സ്വതന്ത്ര എജെന്‍സിയെ അവര്‍ നിയമിക്കുകയുമില്ല.)
6) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ക്ക് അംഗീകരിക്കുവാന്‍ പറ്റുന്നില്ല എങ്കില്‍ കൂടിയും മത്സരിക്കുന്നവരില്‍ നിന്നും ഒരാള്‍ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും എന്നതാണ് ഇന്നത്തെ അവസ്ഥ. എന്നാല്‍ "ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടില്ല"(റൈറ്റ് ടു റിജെക്റ്റ) എന്നാ ഒരു ബട്ടണ്‍ ഏര്‍പ്പെടുത്തിയിട്ടു അതില്‍ അന്ന് ഭൂരിപക്ഷം വോട്ട് കിട്ടുന്നതെങ്കില്‍ ആ സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കുകയും തിരഞ്ഞെടുപ്പ് റദ്ദ് ചെയ്തു ഒരു മാസത്തിനകം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം. ഇതാണ് റൈറ്റ് ടു റിജെക്റ്റ് അഥവാ നിരാകരിക്കുവാനുള്ള നിയമം, അധികാരത്തില്‍ വന്നാല്‍ ആം ആദ്മി പാര്‍ടി ഈ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരും.
7) ആം ആദ്മി പാര്‍ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എം പി മാരും എം എല്‍ എ മാരും അവരവരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കന്‍ ലൈറ്റ് ഉപയോഗിക്കില്ല. (ഇന്ന് ചുവന്ന ലൈറ്റ് കിട്ടാന്‍ നേതാക്കന്മാര്‍ പരക്കം പായുകയാണല്ലോ, ട്രാഫിക് നിയമങ്ങള്‍ എല്ലാവര്ക്കും തുല്യമായിരിക്കണം)
8) എം പി മാരും എം എല്‍ എ മാരും പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കില്ല. പൊതു ജനത്തിന് വേണ്ടുന്ന സുരക്ഷ സംവിധാനങ്ങള്‍ തന്നെ ജനപ്രതിനിധികള്‍ക്ക് മതി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. (നാല് പോലീസുകാരുടെ അകമ്പടി ഇല്ലാതെ പോകുന്ന ഒരു നേതാവിനെ ഇന്ന് കാണാന്‍ കിട്ടുമോ?)
9) എം പി മാരും എം എല്‍ എ മാരും ആഡംബര സര്‍ക്കാര്‍ മന്ദിരങ്ങള്‍ താമസിക്കാന്‍ ഉപയോഗിക്കില്ല.(ഈ മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ഇന്ന് പൊതു ഖജനാവില്‍ നിന്നും കോടികളാണ് ചിലവഴിക്കുന്നത്.)
10) ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും ഈ പാര്‍ട്ടി ടിക്കറ്റ് കൊടുക്കില്ല. ടിക്കറ്റ് കൊടുക്കുന്നതിനു മുന്‍പ് സ്ഥാനാര്‍ത്ഥിയുടെ മുന്‍ കാലയളവിലെ ജീവിത സാഹചര്യവും മറ്റും വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ ടിക്കറ്റ് കൊടുക്കുകയുള്ളു.(ഇതു മറ്റു പാര്‍ട്ടികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മത്സരിക്കാന്‍ ആളുണ്ടാവുകയില്ല)
11) അധികാര കൈമാറ്റം സാധ്യമാക്കും, അതായത് അധികാരം ജനപ്രതിനിധികളില്‍ നിന്നും എടുത്ത് അതാതു ഗ്രാമ സഭയ്ക്ക്(ഒരു വാര്‍ഡിലെ ജനങ്ങള്‍) നല്‍കുക വഴി ഗാന്ധിജി വിഭാവന ചെയ്ത സ്വരാജ് അഥവാ യദാര്‍ത്ഥ ജനാധിപത്യം സാധ്യമാക്കും.
ഇനി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഏറ്റവും കുറഞ്ഞ കാലയളവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുറച്ചു കാര്യങ്ങള്‍ ഏതൊക്കെ എന്ന് കൂടി നോക്കാം.
1) പതിനഞ്ച് ദിവസത്തിനകം ജനലോക്പാല്‍ ബില്‍ പാസ്സാകും
2) ആറു മാസത്തിനകം എല്ലാ അഴിമതിക്കാരെയും തുറുങ്കില്‍ അടയ്ക്കുകയും അവരുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് കണ്ടു കെട്ടുകയും ചെയ്യും.
3) അധികാര വികേന്ദ്രീകരണം നടപ്പിലാക്കും, ഗ്രാമ സഭയ്ക്ക് പൂര്‍ണ അധികാരം നല്‍കും ഇത് വഴി ഒരു വാര്‍ഡിലെ ജനങ്ങള്‍ അവരവരുടെ സ്ഥലത്തെ കാര്യങ്ങള്‍ തീരുമാനിക്കുകയും ഫണ്ട് വിനിയോഗിച്ചു നടപ്പിലാക്കുകയും ചെയ്യും (ഇപ്പോള്‍ അധികാരം മുഴുവനും കേന്ദ്രീകൃത വിധത്തിലാണ് അതായത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനപ്രതിനിധികളാണ്, ഇത് മാറണം രാജ്യത്തിന്റെ യഥാര്‍ത്ഥ ഉടമയായ സാധാരണക്കാരനു അധികാരം ലഭിചെങ്കില്‍ മാത്രമേ ജനാധിപത്യം പൂര്നമാകൂ.)[വിളപ്പില്‍ ശാല, കൂടംകുളം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നത് നേതാക്കളല്ല സ്ഥല വാസികള്‍ ആയിരിയ്ക്കും അതാണ് യഥാര്‍ത്ഥ ജനാധിപത്യം.]
4) സ്ഥലം ഏറ്റെടുക്കുന്നതു സ്ഥല ഉടമയുടെ പൂര്‍ണ സമമതതോടു കൂടി മാത്രമേ പാടുള്ളൂ. അല്ലെങ്കില്‍ സ്ഥലം എടുക്കാന്‍ സര്‍ക്കാരിനു സാധ്യമല്ല. ഈ നിയമം കൊണ്ട് വരും.(അതിവേഗ റെയില്‍ കോരിഡോര്‍, വിമാനത്താവളം തുടങ്ങിയ വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ പൌരന്റെ സമ്മതം വേണ്ടി വരും, നേതാക്കള്‍ മുകളില്‍ ഇരുന്നു തീരുമാനിച്ചാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാവില്ല. മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ ഇനി ഉണ്ടാവില്ല.)
5) ഗാന്ധിജി സ്വപ്നം കണ്ട സ്വരാജ് കൊണ്ട് വരും. (തിരഞ്ഞെടുത്ത ജന പ്രതിനിധികള്‍ അല്ല പകരം അതാതു സ്ഥലത്തെ ജനങ്ങള്‍ തന്നെ ആ സ്ഥലത്തെ കാര്യങ്ങള്‍ നടപ്പിലാക്കും,)
6) റൈറ്റ് ടു റിജെക്റ്റ് നിയമം കൊണ്ട് വരും.
7) റൈറ്റ് ടു റീകാള്‍ നിയമം നടപ്പിലാകും.
മുകളില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ കൂടാതെ മറ്റനേകം പൊതുജന നന്മ മുന്‍ നിര്‍ത്തിയുള്ള കാര്യങ്ങള്‍ കൂടി ഉണ്ട്. അവയെല്ലാം അറിയുവാനും ഈ സാധാരണക്കാരന്റെ പാര്‍ട്ടിയെ കൂടുതല്‍ അടുത്തറിയുവാനും ശ്രമിക്കുമല്ലോ. ഇതൊക്കെ നടക്കുമോ എന്ന് വിലപിക്കുന്നവരോട് ഒരു വാക്ക്, ഈ രാജ്യം സ്വാതന്ത്ര്യം നേടിയതും ഇത് പോലെ സാധാരണക്കാരന്റെ നീതിക്ക് വേണ്ടി പോരാടിയ ഒരു പാട് ധീര രാജ്യ സ്നേഹികളുടെ പ്രയത്ന ഫലമായാണ്. അവരില്‍ പലരും തങ്ങളുടെ ജീവന്‍ ഹോമിച്ചു. താങ്കള്‍ സ്വയം ചോദിച്ചു നോക്കൂ രാജ്യത്തിനു വേണ്ടി അടുത്ത തലമുറയ്ക്ക് വേണ്ടി എന്ത് ചെയ്യാന്‍ താങ്കള്‍ക്കു സാധിക്കും എന്ന്. അടിമയെപ്പോലെ ജീവിക്കുന്നതിലും ഭേദം മരണമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷ മാധ്യമങ്ങളുടെയും തലപ്പത് മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പറേറ്റ് ലോബികള്‍ക്കും സ്വാധീനമുണ്ട്. ഇവര്‍ ഇതുപയോഗിച്ച് പരമാവധി ഇത്തരം ആശയങ്ങളെ മുളയിലെ നുള്ളാന്‍ ശ്രമിക്കും എന്ന് കൂടി മനസ്സിലാക്കുന്നതും നല്ലതാണ്.
നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നപോലെ 2014ല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ചിലപ്പോള്‍ നേരത്തെയും നടന്നേക്കാം. ജോക്പാല്‍ എന്നാ ദുര്‍ബല നിയമം പാസ്സാക്കി ലോക്പാല്‍ പാസ്സാക്കി എന്ന് പറഞ്ഞു നിങ്ങളുടെ അടുക്കല്‍ വോട്ട് ചോദിക്കാന്‍ വരുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായകളെ തിരിച്ചറിയുക. ഭരണ-പ്രതി പക്ഷം എന്ന് വ്യത്യാസമില്ലാതെ നമ്മെ ഭരിച്ചു മുടിപ്പിക്കുന്ന എല്ലാ കള്ള നാണയങ്ങളെയും തിരിച്ചറിയുക. ഇന്ത്യ മഹാരാജ്യത്തിന്റെ യദാര്‍ത്ഥ ജനാധിപത്യതിലെയ്ക്കുള്ള പ്രയാണത്തില്‍ നിങ്ങളും പങ്കാളികളാവുക. ഇങ്ങനെ ഒരു സുവര്‍ണാവസരം എല്ലായ്പ്പോഴും കൈവരുന്നതല്ല എന്ന് തിരിച്ചറിഞ്ഞു താങ്കളുടെ വോട്ടവകാശം വിനിയോഗിക്കുക.