31/08/2026
മതനിയമം പറയുന്നത് വിശ്വാസികളോടാണ് ;
രാഷ്ട്രീയക്കാര്‍ വിശ്വാസ കാര്യങ്ങളില്‍ അജണ്ട നിശ്ചയിക്കുന്നത് ശരിയല്ല - പിഡിപി
മതപണ്ഡിതന്മാര്‍ മതനിയമങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നത് വിശ്വാസി സമൂഹത്തോടാണെന്നും വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ അജണ്ട നിശ്ചയിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും പിഡിപി വൈസ് ചെയര്‍മാന്‍ മാഹിന്‍ ബാദുഷ മൗലവി പറഞ്ഞു. ധാര്‍മീകതയും സദാചാര മൂല്യങ്ങളും ലംഘിക്കപ്പെടുന്ന സാമൂഹിക സാഹചര്യങ്ങളില്‍ മതപണ്ഡിതര്‍ വിശ്വാസി സമൂഹത്തോട് മതനിയമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത് പണ്ഡിത ധര്‍മ്മമാണ്. അത് പൊതുസമൂഹത്തോടുള്ള ആഹ്വാനമായി വ്യാഖ്യാനിച്ച് പണ്ഡിത നേതൃത്വത്തെ അവഹേളിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വിശ്വാസം, ആചാരം , കര്‍മ്മങ്ങള്‍ എന്നിവ അതാത് മതങ്ങളുടെ നിയമങ്ങള്‍ക്കനുസൃതമായിട്ടാണ് വ്യക്തികള്‍ പാലിക്കേണ്ടത്. ഒരു മതത്തിന്റെ ആചാരങ്ങളോ വിശ്വാസങ്ങളോ മറ്റൊരു മതക്കാര്‍ക്കോ അവിശ്വാസികള്‍ക്കോ മേല്‍ അടിച്ചേല്പിക്കാന്‍ പാടില്ല. അത് പൊതുനിയമമായി വ്യാഖ്യാനിച്ചും കൂടാ. ജനാധിപത്യ രാജ്യം എന്ന നിലയില്‍ മതനിയമങ്ങള്‍ പാലിക്കാനും പാലിക്കാതിരിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനാ അവകാശമുണ്ട്. അതുപോലെ തന്നെ മതനിയമങ്ങള്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും കൂടി ഭരണഘടന സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട് എന്നത് മറന്നുകൊണ്ടുള്ള പ്രതികരണം ആര്‍ക്കും ഭൂഷണമല്ല.
സമസ്തയുടെ വിശ്വാസി സമൂഹത്തോടുള്ള ആഹ്വാനത്തിനെതിരെ പുരോഗമന വാദമുയര്‍ത്തി പൊതുചര്‍ച്ച നടത്തുന്ന പികെ ശ്രീമതി, കെകെ ഷൈലജ, മന്ത്രി ബിന്ദു കൃഷ്ണ, ജിന്റോ ജോണ്‍ തുടങ്ങിയവരുടെ ആക്ഷേപകരമായ നിലപാട് അര്‍ഹിക്കുന്ന അവജ്ഞയോടെ വിശ്വസി സമൂഹം തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. മതപണ്ഡിതന്മാരെ ആക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്നത് അല്പത്തരമാണ്.
ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല എന്നത് ആചാരമാണ്. അത് സ്ത്രീ വിരുദ്ധതയായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്. മതനിയമങ്ങളും ചിട്ടകളും പാലിക്കാന്‍ വിശ്വാസി സമൂഹത്തിനും അത് പ്രബോധനം ചെയ്യാന്‍ മതപണ്ഡിതന്മാര്‍ക്കും ആചാര്യന്മാര്‍ക്കും സ്വാതന്ത്ര്യവുമുണ്ടെന്ന് മാഹിന്‍ ബാദുഷ മൗലവി പ്രസ്താവനയില്‍ പറഞ്ഞു.
# # #