20/04/2026
നിലവിളികൾക്കും സങ്കടക്കാഴ്ചകൾക്കുമിടയിൽ നിന്ന് ഒരു നിശബ്ദ സേവനത്തിൻ്റെ നേർചിത്രം! 🥀
നിറയെ യാത്രക്കാരുമായി, ഉല്ലാസ നിമിഷങ്ങളിൽ നിന്ന് വാൽപ്പാറ ചുരത്തിന്റെ ആഴങ്ങളിലേക്ക്
പതിച്ച ആ യാത്രാ വാഹനത്തോടൊപ്പം ചിതറി ഇല്ലാതായിപ്പോയത് ഒരു കൂട്ടം മനുഷ്യരുടെ , സ്വപ്നങ്ങളായിരുന്നു... പതിമൂന്നാം വളവിൽ നിന്ന് വാഹനത്തോടൊപ്പം പലവട്ടം മലക്കം മറിഞ്ഞ് പാറകളിൽ തട്ടി തകർന്ന് താഴെ ഒമ്പതാം വളവിലെ റോഡിൽ പതിച്ച ചേതനയറ്റ ആ ശരീരങ്ങൾ ദാരുണമായ നൊമ്പര കാഴ്ചയായി മാറി. പോസ്റ്റ്മോർട്ടം ടേബിളിലെ ശീതളതയിൽ നിന്നും പുറത്തേക്കെത്തുമ്പോൾ ആ ദൃശ്യം പ്രിയപ്പെട്ടവർക്കെന്നല്ല , ആർക്കും സഹിക്കാനാകാത്തതായിരുന്നു.
അപകട വിവരം ലഭിച്ച ഉടൻ തന്നെ ചിറ്റൂരിലും സമീപപ്രദേശങ്ങളിലുമുള്ള IRW വളണ്ടിയർ മാരോടൊപ്പം രക്ഷാപ്രവർത്തനങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കും ആവശ്യമായ സജ്ജീകരണങ്ങളും, ചില മരണങ്ങൾ അപ്പോൾ തന്നെ സ്ഥിരീകരിച്ചതിനാൽ മൃതദേഹസംസ്കരണത്തിന് ആവശ്യമായ തുണികളും മറ്റുമായി പുറപ്പെട്ടു. അതോടൊപ്പം
പാലക്കാട് ജില്ലയിലെ മുഴുവൻ IRW വളണ്ടിയർമാരെയും സജ്ജരായി നിൽക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു ...
അപ്പോഴേക്കും അപകടത്തിൽപ്പെട്ട എല്ലാവരെയും പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചെറിയ പരിക്കുകളുള്ള ഒരു കുട്ടി ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയുമായിരുന്നു.
മരണപ്പെട്ട ഒമ്പത് പേരെ ഉടൻ തന്നെ മോർച്ചറിയിലേക്ക് മാറ്റി.
ആശുപത്രി പരിസരം അർദ്ധരാത്രിയിലും രാഷ്ട്രീയ- സാമൂഹിക പ്രവർത്തകരും ജനപ്രതിനിധികളും മാധ്യമപ്രവർത്തരും പരിസര പ്രദേശങ്ങളിലെ മലയാളികളുൾപ്പെടെയുള്ളവരെയും കൊണ്ട് നിറഞ്ഞിരുന്നു.
വിവരമറിഞ്ഞ് ആശുപത്രിയിൽ ഓടിയെത്തിയ ബഹു: കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം ഇടപെട്ട് തമിഴ്നാട് സർക്കാരുമായി സഹകരിച്ച് രാത്രി തന്നെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തമിഴ്നാട് സർക്കാർ ആംബുലൻസുകളിൽ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനം ചെയ്തിട്ടുള്ളതായി പറഞ്ഞു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ശുദ്ധിയാക്കി പാക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സമീപത്തെ മദ്രസ ഹാളിൽ ഒരുക്കാം എന്ന് കമ്മിറ്റി അറിയിച്ചെങ്കിലും
വനിതാ വളണ്ടിയർമാരുടെ അഭാവം ഒരു പ്രശ്നമായി.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാൽ IRW വഴി വനിതാ വളണ്ടിയർമാരെ ഉടൻ എത്തിക്കാമെന്ന് ഉറപ്പു നൽകുകയും ശേഷം ആറ് വനിതാ വളണ്ടിയർമാർ കൂടി രാത്രി ഒരുമണിയോടു കൂടി എത്തിച്ചേരുകയും ചെയ്തു...
പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുകിട്ടിയ മൃതദേഹങ്ങൾ അതിദാരുണമായ അപകടത്തിന്റെ തീഷ്ണത വ്യക്തമാക്കുന്നതായിരുന്നെങ്കിലും ദുരന്തനിവാരണ രംഗത്തും സേവന മേഖലയിലും പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ IRW വളണ്ടിയർമാർ, മനസ്സ് വിങ്ങിപ്പൊട്ടുമ്പോഴും ആ വേദന കടിച്ചമർത്തി അങ്ങേയറ്റത്തെ അനുതാപത്തോടെയും ആദരവോടെയും പവിത്രതയോടെയുമാണ് തങ്ങളുടെ ഉറ്റവരെ എന്നപോലെ ആ ശരീരങ്ങളെ ശുദ്ധിയാക്കി അന്ത്യ യാത്രക്കായി തയ്യാറാക്കിയത്.
12 വയസ്സുകാരനായ ഹിഷാം മോൻ, അവൻ്റെ ഉമ്മ സുഹറ ടീച്ചർ ,ആശ ടീച്ചർ, ഹെഡ്മിസ്ട്രസ് അജിത ടീച്ചർ, കാഴ്ച പരിമിതിയുള്ള മജീദ് മാഷ്, അദ്ദേഹത്തിൻ്റെ ഭാര്യ റുഖിയ, റംല ടീച്ചർ, ഷക്കീല ടീച്ചർ, സാജിത , ഇങ്ങനെ ആ ഒമ്പത് പേരെയും തൂവെള്ള തുണിയിൽ പൊതിഞ്ഞ വർ ആംബുലൻസുകളിലേക്ക് മാറ്റി.
അന്തരീക്ഷത്തിൽ ദുഃഖം കനം തിങ്ങി നിന്ന ആ രാത്രിയുടെ അന്ത്യയാമങ്ങളിൽ എൻ്റെ സഹപ്രവർത്തകർ നിർവഹിച്ച നിശബ്ദ സേവനം , ആ മഹാദൗത്യം, തീർച്ചയായും വാക്കുകളിൽ ഒതുക്കാനാവുന്ന ഒന്നല്ല..
പ്രപഞ്ചനാഥനോടുള്ള പ്രാർത്ഥനയല്ലാതെ മറ്റൊന്നും അവർക്ക് പകരം നൽകാനില്ല ... നാഥൻ്റെ പ്രീതിയല്ലാതെ മറ്റൊന്നും അവർ ആഗ്രഹിക്കുന്നില്ലെന്നതും മനം നിറക്കുന്ന ഒരു യാഥാർത്യമാണല്ലോ ...
ജഗദ്നിയന്താവ് ഏവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആപത്തുകളിൽ നിന്നും അവൻ എല്ലാവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ...
അന്തരീക്ഷത്തിൽ സുബഹി ബാങ്ക് മുഴങ്ങുമ്പോൾ അവസാന കർമ്മങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു ...
പുലർച്ചെ 5:45 ന് പൊള്ളാച്ചി പള്ളി ഇമാമിൻ്റെ നേതൃത്വത്തിൽ രണ്ടാമത്തെ കൂട്ട മയ്യത്ത് നമസ്കാരവും കഴിഞ്ഞ് രാവിലെ ആറുമണിക്ക് എല്ലാവരെയും നാട്ടിലേക്ക് ആംബുലൻസുകളിൽ യാത്രയാക്കുമ്പോൾ, മനസ്സാക്ഷി മരവിക്കുന്ന കാഴ്ചകൾക്കിടയിൽ അതുവരെ പിടിച്ചുനിന്ന എല്ലാവരും അറിയാതെ വിതുമ്പിപ്പോയി...
ആത്മനിയന്ത്രണത്തോടെ അതുവരെ കാര്യങ്ങൾ നിർവഹിച്ച ധൈര്യശാലികളായ ആ സന്നദ്ധ പ്രവർത്തകർ ഒരു വേള എല്ലാ വികാരവിചാരങ്ങളുമുള്ള സാധാരണ മനുഷ്യരായി.
പൊതുദർശനം നടന്ന പാങ്ങിലും മറ്റ് സന്നദ്ധ പ്രവർത്തകർക്കൊപ്പം കൈകോർത്ത്, ആവശ്യമായ സേവനങ്ങൾ ചെയ്യാനായി മലപ്പുറം ജില്ലയിലെ IRW പ്രവർത്തകർ എത്തിയിരുന്നു..
മരണത്തിന്റെ മരവിപ്പിനിടയിലും സ്നേഹത്തിന്റെ ചൂട് പകരുന്ന പ്രിയ സഹപ്രവർത്തകരെ ...
നിങ്ങൾ പകർന്നു നൽകിയത് കേവലം സേവനമല്ല; നമ്മെ വേദനയിലാഴ്ത്തി കടന്നുപോയവരോടുള്ള ആദരവാണ് .... നമ്മുടെ ബാധ്യതയാണ്....
അവരുടെ കുടുംബാംഗങ്ങളോടുള്ള ഐക്യദാർഢ്യവും ചേർന്നുനിൽക്കലും ചേർത്തു പിടിക്കലുമാണ്....
വേദനയിൽ മുങ്ങിയവർക്കുള്ള പ്രത്യാശയുടെ വെളിച്ചമാണ്....
ശിഹാബുദ്ദീൻ ചിറ്റൂർ,
ജനറൽ കൺവീനർ,
ഐഡിയൽ റിലീഫ് വിംഗ് കേരള ( IRW )