03/07/2026
*തൊഴിലുറപ്പ് അട്ടിമറി: ഗ്രാമീണ സ്ത്രീകളെ പട്ടിണിയിലാക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം: വിമൻ ഇന്ത്യ മൂവ്മെന്റ്*
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ഗ്രാമീണ ജനതയുടെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ തൊഴിലാളികളുടെ ഏക ഉപജീവനമാർഗ്ഗമാണ് ഈ തൊഴിൽ നിഷേധത്തിലൂടെ ഇല്ലാതാകുന്നത്.
'വികസിത് ഭാരതം' എന്ന മുദ്രാവാക്യം ഉയർത്തുമ്പോഴും, രാജ്യത്തെ സാധാരണക്കാരായ സ്ത്രീ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും സാമൂഹിക സുരക്ഷിതത്വത്തെയും തകർക്കുന്നതാണ് ഈ നീതി നിഷേധം. ബജറ്റ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ചും, അനാവശ്യമായ സാങ്കേതിക കാരണങ്ങൾ പറഞ്ഞുമാണ് കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കിയത്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ജീവനാഡി തകർത്തിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ നടപടിഅടിയന്തരമായി പിൻവലിക്കണമെന്നും , പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ബജറ്റ് വിഹിതം പുനഃസ്ഥാപിക്കണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് ആവശ്യപ്പെട്ടു. കൂടാതെ, നിലവിലെ വിലക്കയറ്റം കണക്കിലെടുത്ത് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാനും കുടിശ്ശിക തീർത്ത് കൃത്യസമയത്ത് കൂലി ലഭ്യമാക്കാനും സർക്കാർ തയ്യാറാകണം. പാവപ്പെട്ട തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ പൊതുസമൂഹവും ജനാധിപത്യ വിശ്വാസികളും ശക്തമായ ശബ്ദമുയർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ്, സംസ്ഥാന സെക്രട്ടറിമാരായ റൈഹാനത്ത് സുധീർ, കെ കെ ഫൗസിയ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സൽമ സ്വാലിഹ്, സുലൈഖറഷീദ് എന്നിവർ സംസാരിച്ചു.