16/08/2026
”കുടിലുകളിൽ, കൂരകളിൽ
കൺമണി പോൽ സൂക്ഷിച്ച
ജനമുന്നണി നേതാവാണച്ചുതമേനോൻ”
1948ലെ കല്ക്കത്താ തീസിസിന്റെ പ്രയാസകരമായ കാലഘട്ടത്തിൽ കൊടിയ യാതനകളുടെയും മർദനങ്ങളുടെയും മുമ്പിൽ പതറാതെ പാർട്ടിയെ നയിച്ച നേതാവിനെപ്പറ്റി പൊൻകുന്നം ദാമോദരൻ രചിച്ച വരികളാണിത്. സി അച്യുതമേനോൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 35 വർഷങ്ങൾ പൂര്ത്തിയാകുന്നു. അദ്ദേഹം ജീവിച്ചിരിക്കുകയും സാമൂഹ്യപരിവർത്തനത്തിനായി പോരാടുകയും ചെയ്ത കാലഘട്ടത്തിൽ നിന്ന് കേരളവും രാജ്യവും ലോകവും വലിയ തോതില് മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. എന്നിരിക്കിലും കേരളം നിലനിൽക്കുന്ന കാലത്തോളം ഓർമ്മിക്കപ്പെടുന്ന അപൂർവവ്യക്തിത്വങ്ങളിലൊന്ന് സഖാവ് അച്യുതമേനോനായിരിക്കുമെന്നത് നിസ്തർക്കമാണ്.
തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേർതിരിഞ്ഞ് കിടന്ന മലയാളികളുടെ ഈ മാതൃഭൂമിയിൽ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യപഥികരായി കടന്നുവന്നവർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും എത്തി. അവരുടെ ലക്ഷ്യബോധമാർന്ന പ്രവർത്തനങ്ങളാണ് ആധുനിക കേരളം കെട്ടിപ്പടുത്തത്. ജാതി വിവേചനം അവസാനിപ്പിക്കുകയും ജന്മിത്വത്തിന്റെ തായ്വേരറുക്കുകയും ചെയ്തത്. അവർ ഇക്കാലത്തെ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത വിധമുള്ള ശാരീരികവും വൈകാരികവുമായ ക്ലേശങ്ങൾ സഹിച്ചു. ആ പാതകളിലൂടെയെല്ലാം കടന്നുവന്ന അച്യുതമേനോൻ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചത് സർഗാത്മകമായ ഭരണ മികവുകൊണ്ടും ദീർഘവീക്ഷണ പടുത്വമുള്ള രാജ്യതന്ത്രജ്ഞത കൊണ്ടുമായിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഒന്നാം റാങ്കും നിയമബിരുദവും നേടി അഭിഭാഷകനായി പേരെടുത്തുവരവെയാണ് കോൺഗ്രസിലൂടെയും കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലൂടെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. വിവരണാതീതമായ യാതനകളായിരുന്നു അന്നത്തെ പൊതുപ്രവർത്തനം.
ഒളിവിൽ കഴിയവേ പ്രസവിച്ച് കിടക്കുന്ന ഭാര്യയെയോ മതിയായ ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞിനെയോ കാണാൻ കഴിയാതെ പോയി അച്യുതമേനോന്. പാർട്ടിയുടെ തിരുക്കൊച്ചി ഘടകത്തിന്റെ സെക്രട്ടറിയായിരുന്ന അദ്ദേഹം ഐക്യകേരളപ്പിറവിയോടെ കേരള സംസ്ഥാന ഘടകം സെക്രട്ടറിയായി. 1957 മുതൽ 1959 വരെയുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില് ധനകാര്യവകുപ്പ് (കുറച്ചു കാലം ആഭ്യന്തരവകുപ്പും) കൈകാര്യം ചെയ്തു. വിമോചന സമരത്തെ തുടർന്ന് ആ മന്ത്രിസഭയെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതിന് ശേഷവും സെക്രട്ടറിയുടെ ചുമതല 1968 വരെ അദ്ദേഹം വഹിച്ചു. കമ്മ്യൂണിസ്റ്റ് അധികാരലബ്ധിയും പിരിച്ചുവിടലും 1964ലെ ഭിന്നിപ്പും എല്ലാം കൊണ്ട് സംഭവബഹുലമായ കാലത്ത് കാറിലും കോളിലും ഉലയാതെ കാക്കുന്ന കപ്പിത്താനെപ്പോലെ അച്യുതമേനോൻ കേരളത്തിലെ പാർട്ടിയെ നയിച്ചു. ഐക്യകേരളം ഔപചാരികമായി പിറവിയെടുക്കുന്നതിന് മുമ്പുതന്നെ കേരളത്തിലെ പാർട്ടി സംസ്ഥാനഘടകം തൃശൂരിൽ ചേർന്ന സമ്മേളനത്തിൽ രൂപം കൊണ്ടു. ആ സമ്മേളനത്തിൽ ഭാവികേരളം എങ്ങനെയാകണം എന്നതുസംബന്ധിച്ച് അച്യുതമേനോൻ എഴുതി അവതരിപ്പിച്ച രേഖയാണ് ‘ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാൻ’.
ആ രേഖ തന്നെയാണ് 1957ലെ പ്രഥമ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടന പത്രികയായി മാറിയത്. കാർഷികബന്ധ ബില്ലും വിദ്യാഭ്യാസബന്ധ ബില്ലുമടക്കമുള്ള ചരിത്രനിയമങ്ങൾ അവതരിപ്പിച്ചത് ആ മാനിഫെസ്റ്റോയുടെ അടിത്തറയിന്മേലാണ്. കാർഷിക പരിഷ്ക്കരണ ബിൽ തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട മന്ത്രിസഭാ സമിതിയെ നയിച്ചതും അദ്ദേഹം തന്നെ. തുടർന്നുണ്ടായ രാഷ്ട്രീയ — ഭരണ അസ്ഥിരത മൂലം ഭൂപരിഷ്കരണ നിയമം പാസാക്കാൻ പിന്നീട് വന്ന സർക്കാരുകൾക്കൊന്നും കഴിഞ്ഞില്ല. 1969ൽ അധികാരത്തിൽ വന്ന അച്യുതമേനോൻ മന്ത്രിസഭയ്ക്കാണ് കേരളത്തിൽ ജന്മിത്തം എന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള ചരിത്ര നിയോഗം പൂർത്തീകരിക്കാൻ കഴിഞ്ഞത്. പലർക്കും അംഗീകരിക്കാൻ വൈമുഖ്യമുണ്ടെങ്കിലും നീതിബോധമുള്ള ചരിത്രത്തിന് ആ യാഥാർത്ഥ്യത്തെ ഒരിക്കലും നിഷേധിക്കാൻ കഴിയുകയില്ല. 1969 മുതൽ ഏഴരപ്പതിറ്റാണ്ടുകാലം ഭരണാധികാരി എന്ന നിലയിൽ അച്യുതമേനോൻ കേരളത്തിന് നൽകിയ നിസ്തുല സംഭാവനകൾ അദ്ദേഹത്തെ ഈ സംസ്ഥാനത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രി എന്ന അംഗീകാരത്തിന് അർഹനാക്കുന്നവയാണ്. സാമൂഹ്യ നീതിയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ച ഒരു സമൂഹം രൂപപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും ഭരണകൂടത്തിന്റെ വികസന‑ക്ഷേമ സംവിധാനങ്ങൾ എഴുപതുകളുടെ തുടക്കത്തിലും ശൈശവാവസ്ഥയിലായിരുന്നു എന്നതാണ് വാസ്തവം.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന ക്ഷേമപദ്ധതികള്, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്, വ്യവസായ, വൈദ്യുതോല്പാദന മേഖലകള് എന്നിവയെല്ലാം ചേർന്നതാണ് കേരളത്തിന്റെ ഭാവി വളർച്ചയെന്ന് അച്യുതമേനോൻ ദീർഘദർശനം ചെയ്തു. രാഷ്ട്രീയം മറന്ന വികസന നയമായിരുന്നില്ല സഖാവിന്റേത്. സാമൂഹ്യനീതിയുടെയും വർഗപക്ഷപാതത്തിന്റെയും മൗലിക രാഷ്ട്രീയത്തിൽ ആ കമ്മ്യൂണിസ്റ്റ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. സംസ്ഥാനത്തെ ഭവനരഹിതരായ മനുഷ്യർക്ക് വേണ്ടി ലക്ഷംവീട് ഭവന നിർമ്മാണ പദ്ധതി രാജ്യത്തുതന്നെ ഇത്തരത്തിൽ ആദ്യത്തെ സംരംഭമായിരുന്നു. സേവനത്തിൽ നിന്നും പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് ഗ്രാറ്റുവിറ്റി നൽകുന്നതിന് വേണ്ടി രാജ്യത്ത് ആദ്യമായി ഒരുനിയമം കേരളത്തിലാണ് നടപ്പിൽ വന്നത്. ശ്രദ്ധേയമായ മറ്റൊന്ന് കർഷകത്തൊഴിലാളി നിയമമാണ്. സർക്കാർ ജീവനക്കാർക്ക് അഞ്ചുവർഷത്തിലൊരിക്കൽ വേതന പരിഷ്കരണം എന്ന തത്വം ആവിഷ്കരിക്കപ്പെട്ടതും അക്കാലത്തുതന്നെ. സർക്കാർ സർവീസിലെ ദളിത് പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ സ്പെഷ്യൽ റിക്രൂട്ടമെന്റും ഡയറക്ട് റിക്രൂട്ട്മെന്റും ഏർപ്പെടുത്തിയത് അദ്ദേഹമാണ്. കക്ഷി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ നേതാക്കളുടെ വ്യക്തിമാഹാത്മ്യത്തിനുമേൽ കരിനിഴൽ വീഴിക്കുന്നത് നാമെത്രയോ കാണുന്നു. എന്നാൽ മറ്റൊരു നേതാവിനും ലഭിക്കാത്ത സ്നേഹബഹുമാനങ്ങൾ കേരളത്തിലെ ജനങ്ങൾ അച്യുതമേനോന് നൽകി.
1964ൽ പാർട്ടിയിലുണ്ടായ നിർഭാഗ്യകരമായ ഭിന്നിപ്പ് പ്രസ്ഥാനത്തിനും വർഗ ബഹുജനമുന്നേറ്റങ്ങൾക്കും പാർലമെന്ററി സ്വാധീനത്തിനുമെല്ലാം ഏല്പിച്ച പരിക്കുകളെപ്പറ്റി മറ്റെന്നത്തെക്കാളും നാമിന്ന് ബോധവാന്മാരാണ്. വിഭിന്ന ചേരികളിലുള്ളവരുടെ ഉജ്വലമായ സംഭാവനകളെ അംഗീകരിക്കാനുള്ള വൈമുഖ്യം ഭിന്നിപ്പെന്ന വ്യാധിയുടെ പ്രകടലക്ഷണങ്ങളിൽ ഒന്നാണ്. ആ രോഗത്തെ ‘സ്പ്ലിറ്റ് സിൻഡ്രോം’ എന്ന് വിളിക്കാമോ? എന്തായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്റെ ദീർഘ പ്രയാണത്തിൽ ആ രോഗം ദുരിതങ്ങളും ദൗർബല്യങ്ങളും അല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. ഭിന്നിപ്പാനന്തര ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയ ചിത്രം മാർക്സിസ്റ്റ് കാഴ്ചപ്പാടിയിൽ പഠിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ഇക്കാര്യം ബോധ്യമാകും. അച്യുതമേനോന്റെ അതുല്യമായ നേട്ടങ്ങളെ അവഗണിക്കാനും തമസ്കരിക്കാനുമുള്ള പ്രവണതകൾ പല ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതും ഇതേ രോഗലക്ഷണങ്ങളെത്തന്നെ ഓർമ്മിപ്പിക്കുന്നവയാണ്. എന്നാൽ അതൊന്നും ആ യശസ്സിൽ ചെറുപോറൽ പോലും ഏല്പിച്ചിട്ടില്ലെന്ന് നാം ഇന്ന് തിരിച്ചറിയുന്നുണ്ട്.
അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തിൽ നിന്നും ഉദയം ചെയ്ത ആശയങ്ങളും സ്ഥാപനങ്ങളും കാലോചിതമായി വളരുകയും വികസിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കലാണ് അദ്ദേഹത്തിന് നൽകാനുള്ള ഉചിതമായ സ്മരണാജ്ഞലി. വർഗീയഫാസിസം അതിന്റെ എല്ലാ പൊയ്മുഖങ്ങളും ഒന്നൊന്നായി അഴിച്ചുമാറ്റുന്ന കാലത്താണ് നാം അച്യുതമേനോനെ സ്മരിക്കുന്നത്. ചൂഷക വർഗത്തിലെ ഏറ്റവും പ്രതിലോമ വിഭാഗങ്ങൾ പോറ്റിവളർത്തുന്ന രാഷ്ട്രീയ വിപത്താണ് ഫാസിസം. അതിനെ ചെറുത്തു തോല്പിക്കാനുള്ള സമരത്തിന്റെ വിലപ്പെട്ട പാഠങ്ങൾ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിലെ ഇടതുപക്ഷ ശക്തികൾക്കും ധാരാളമായുണ്ട്. വിശാലമായ ജനകീയ ഐക്യം എന്ന സന്ദേശമാണ് തൊഴിലാളി വർഗത്തിനും അതിന്റെ രാഷ്ട്രീയത്തിനും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ അനുഭവങ്ങൾ നൽകുന്നത്. ആ സമരത്തിന്റെ അനുഭവങ്ങളുടെയും പാളിച്ചകളുടെയും പാഠങ്ങൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വേണ്ടുവോളമുണ്ട്. അച്യുതമേനോനെ വിലയിരുത്തുമ്പോൾ അടിയന്തരാവസ്ഥ എന്ന് മാത്രം വിളിച്ചു പറയുന്നവർ ആ കാലയളവിലെ രാഷ്ട്രീയ സങ്കീർണതകളുടെ ആഴവും പരപ്പും ഉൾക്കൊള്ളാൻ കഴിയാത്തവരാണ്. സിൻഡിക്കേറ്റ് കോൺഗ്രസും ജനസംഘവും സ്വതന്ത്ര പാർട്ടിയും അടക്കമുള്ള തീവ്രവലതുപക്ഷം നടത്തിയ രാഷ്ട്രീയ ഇടപെടലുകളും അന്നത്തെ സാർവദേശീയ സംഭവവികാസങ്ങളും എല്ലാം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. അതിലെല്ലാം സജീവമായ പങ്കുവഹിച്ച നേതാവായിരുന്നു അച്യുതമേനോൻ.
അടിയന്തരാവസ്ഥയെ പിന്തുണച്ച രാഷ്ട്രീയ സമീപനം തെറ്റായിരുന്നു എന്ന് പ്രഖ്യാപിച്ച, ഭട്ടിൻഡയിൽ ചേർന്ന സിപിഐയുടെ 11-ാം പാർട്ടി കോൺഗ്രസിലും അദ്ദേഹം നേതൃത്വപരമായ പങ്കു വഹിച്ചു. സ്വയം വിമർശനപരമായ അത്തരം ചർച്ചകൾ സിപിഐഎമ്മിലും അക്കാലയളവിൽ നടന്നു എന്നത് യാദൃച്ഛികം അല്ല. അതിന്റെ ഫലമായാണ് ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ജനസംഘം ഉൾപ്പെട്ട ജനതാ പാർട്ടിയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ, ജലന്ധറിൽ ചേർന്ന സിപിഐഎമ്മിന്റെ 10-ാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. ഈ രാഷ്ട്രീയ തിരിച്ചറിവുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ ബദൽ എന്ന രാഷ്ട്രീയ ആശയം ഉയർത്തിപ്പിടിക്കാൻ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തീരുമാനിച്ചത്. അവിടം കൊണ്ട് അവസാനിക്കുന്ന കടമകളല്ല ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ മുമ്പിലുള്ളത്. ‘നമ്മുടെ രാജ്യത്ത് ഫാസിസം എന്നെങ്കിലും പിടിമുറുക്കുമെങ്കിൽ അത് ഭൂരിപക്ഷ വർഗീയതയുടെ അടിത്തറയിൽ ഊന്നി ആയിരിക്കും’ എന്ന സഖാവ് അജയ ഘോഷിന്റെ വാക്കുകൾ സത്യമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അത്തരമൊരു കാലത്തെ രാഷ്ട്രീയ കടമകൾ പൂർത്തീകരിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആശയപരമായും സംഘടനാപരമായും എത്രയോ കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു.
1975ലേത് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ആയിരുന്നെങ്കിൽ അതിനെക്കാൾ ഭീകരമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത്. പാർലമെന്റിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെ യും നീതിന്യായ വ്യവസ്ഥയെയും എല്ലാം നോക്കുകുത്തിയാക്കി മാറ്റി സ്വന്തം സാമ്പത്തിക രാഷ്ട്രീയ അജണ്ട നാടിനുമേൽ അടിച്ചേല്പിക്കുവാനാണ് ആർഎസ്എസ് നയിക്കുന്ന തീവ്രവലതുപക്ഷം കരുക്കൾ നീക്കുന്നത്. മാർക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും ശരിയാംവണ്ണം ഉൾക്കൊണ്ട് ഈ വെല്ലുവിളികൾക്കു മുമ്പിൽ സ്വീകരിക്കുന്ന സമീപനങ്ങളായിരിക്കും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി നിർണയിക്കാൻ പോകുന്നത്. മാർക്സിസത്തെ മനുഷ്യത്വത്തിലൂന്നിയ വിപ്ലവ ശാസ്ത്രമായി കണ്ട അച്യുതമേനോന്റെ സ്മരണ ഇത്തരുണത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അഗാധമായ അന്വേഷണങ്ങൾക്കും തെളിമയാർന്ന കണ്ടെത്തലുകൾക്കും ആ സ്മരണ നമുക്ക് വഴികാട്ടട്ടെ.