17/07/2025
നെടുംകുന്നം സിവൈഎംഎ ഏറ്റവുമധികം അറിയപ്പെടുന്നത് ബാസ്‌ക്കറ്റ്‌ബോളിന്റെ പേരിലാണ്. സെന്‍റ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് സ്‌കൂളിലെ കോര്‍ട്ടില്‍ കളിപഠിച്ചു വളര്‍ന്ന താരങ്ങള്‍ ഏറെയുണ്ട്. ഇവിടുത്തെ അഖില കേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ എത്രയോ വിഖ്യാതരായ കളിക്കാര്‍ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചു കടന്നുപോയിരിക്കുന്നു.
സി.വൈ.എം.എയുടെ ബാസ്‌ക്കറ്റ്‌ബോള്‍ പാരമ്പര്യ വഴിയില്‍ തിളക്കമുള്ള അധ്യായമെഴുതുകയാണ് നിലവിലെ പ്രസിഡന്‍റ് ജോണ്‍സണ്‍ തോമസ് പതാലില്‍. ജര്‍മനയില്‍ നടക്കുന്ന ലോക സര്‍വകലാശാലാ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയോഗിക്കപ്പെട്ട ജോണ്‍സണ്‍ ടീമിനൊപ്പം ഇന്നലെ ജര്‍മനിയിലെത്തി.
ഒരുകാലഘട്ടത്തില്‍ ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോളിലെ സൂപ്പര്‍ സ്റ്റാറായിരുന്ന സി.വി. സണ്ണിയാണ് ഈ ടീമിന്റെ പ്രധാന കോച്ച്. ഇതാദ്യമായാണ് സിവൈഎംഎയുടെ ബാസ്‌ക്കറ്റ്‌ബോള്‍ കളരിയില്‍നിന്നൊരാള്‍ ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ബാസ്‌ക്കറ്റ്‌ബോളില്‍ ഔദ്യോഗികമായി രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. പ്രിയ ജോണ്‍സണ് സി.വൈ.എം.യുടെ, നെടുംകുന്നത്തെ ബാസ്‌ക്കറ്റ്‌ബോള്‍ പ്രേമികളുടെ അഭിനന്ദനങ്ങള്‍.
നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു തുടങ്ങിയ ജോണ്‍സണ്‍ പിന്നീടങ്ങോട്ട് ജീവിതയാത്രയും ഈ ഗെയിമിനൊപ്പമാക്കുകയായിരുന്നു.
തിരുവനന്തപുരം ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിക്കല്‍ എജ്യുക്കേഷനില്‍നിന്ന് ബിരുദവും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍നിന്ന് സ്‌പോര്‍ട്‌സ് കോച്ചിംഗ് ഡിപ്ലോമയും നേടിയശേഷമാണ് സ്‌പോര്‍ട്‌സ് കൗണ്‌സില്‍ പരിശീലകനായത്.
നേരത്തെ കോട്ടയം ഗിരിദീപം സ്‌കൂള്‍, കുറിയന്നൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, കോട്ടയം സെന്‍ട്രലൈസ്ഡ് ഹോസ്റ്റല്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള സംസ്ഥാന ടീമുകളുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും പരിശീലകനായും പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ തൃശൂര്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ പരിശീലകനാണ്.
ജോണ്‍സന്‍റെ കുടുംബവും സ്‌പോര്‍ട്‌സ് വഴിയിലാണ്. തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവിയായ അനു ജോണ്‍സണാണ് ഭാര്യ. അടുത്തയിടെ പോണ്ടിച്ചേരിയില്‍ നടന്ന ദേശീയ യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജോണ്‍സണ്‍ കേരള വനിതാ ടീമിന്റെ പരിശീലനും അനു മാനേജരുമായിരുന്നു.
ദേശീയ യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ താരം അഥീന മറിയം ജോണ്‍സണ്‍, സബ്ജൂണിയര്‍ ദേശീയ താരം ആമി അന്ന ജോണ്‍സണ്‍, അഗത റോസ് ജോണ്‍സണ്‍ എന്നിവര്‍ മക്കളാണ്. Johnson Thomas