17/07/2021
രാമായണ തത്വവിചാരം
(ഭാഗം -1) രാമായണ പാരായണം മനുഷ്യനെ ധർമ്മ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഒരു ഓർമ്മ പുതുക്കലാണ്. ശരീര സംരക്ഷണം നമുക്ക് വ്യായാമം കൊണ്ട് സാധ്യമാണ്. എന്നാൽ മന: സംരക്ഷണത്തിന് അഥവാ മനശ്ശുദ്ധിക്ക്, സ്വഭാവ സംസ്കരണത്തിന്, സംസ്കാര സംരക്ഷണത്തിന് ഒരു വ്യക്തിക്ക് ഏറ്റവും നല്ല മാർഗ്ഗം ഏതാണ്?
അത് ഈശ്വരചിന്തയാണ്. മനനമാണ് ധ്യാനമാണ്! രാമായണം വായിക്കുകയും കേൾക്കുകയും മനനം ചെയ്യുകയുമൊക്കെ മനുഷ്യമനസ്സിനെ പാകപ്പെടുത്തുകയാണ്, സംശയമില്ല.
മലയാളികൾ ഇക്കാര്യത്തിനായി കാലാകാലങ്ങളായി പിന്തുടരുന്നത് എഴുത്തച്ഛന്റെ കാലടിപ്പാടുകൾ ആണ്. അഥവാ 'അദ്ധ്യാത്മരാമായണം കിളിപ്പാട്ടി'നെയാണ്.
ഒരു തരത്തിൽ ചിന്തിച്ചാൽ ഇത്രയേറെ രാമഭക്തിരസം പകരുന്ന മറ്റൊരു കൃതി മലയാളത്തിൽ ഉണ്ടോ എന്ന് സംശയമാണ്.
"ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം, നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമി തന്നിൽ" എന്ന് എഴുത്തച്ഛൻ തന്നെ പ്രഖ്യാപിക്കുന്നു. അതായത് ബ്രഹ്മാവിനാൽ രചിതമായ നൂറു കോടി ഗ്രന്ഥങ്ങൾ ചേർന്ന രാമായണം പോലെ ഭൂമിയിൽ മറ്റൊന്നില്ല തന്നെ! അനുഷ്ടുപ്പ് വൃത്തത്തിൽ ശ്ളോകം എഴുതുന്നതിനും ഗ്രന്ഥം എന്ന് വിശേഷിപ്പിക്കാറുണ്ട്.
മലയാളത്തിൽ മാത്രം വിവിധ രാമായണ കഥനങ്ങൾ ആണുള്ളത്. രാമചരിതം, കണ്ണശ്ശരാമായണം, രാമായണം ചമ്പു, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, കൂടാതെ രാമായണം ആട്ടക്കഥ എന്ന കൊട്ടാരക്കരത്തമ്പുരാൻ കൃതി; തുടങ്ങി മുത്തശ്ശി രാമായണം അടക്കം എത്രയെത്ര രാമായണങ്ങൾ മലയാളത്തിൽ കാണാം.
ഇവയുടെയെല്ലാം പ്രഖ്യാപിത ലക്ഷ്യം രാജ പരിപാലനത്തിൻ്റെയും ജനജീവിതത്തിൻ്റെയും ശരിയായ ധർമ്മസംരക്ഷണം എന്തെന്ന് കാട്ടിത്തരുകയാണ്.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആരംഭിക്കുന്നത് രാമായണമാഹാത്മ്യം പറഞ്ഞുകൊണ്ടാണ്. 'രാമനാമം' ജപിച്ച് കാട്ടാളൻ മാമുനിയായി മാറിയ അത്ഭുത കാഴ്ച കണ്ട് ബ്രഹ്മാവ് ഭൂമിയിലുള്ള ജന്തുക്കൾക്ക് മോക്ഷാർത്ഥമായി ശ്രീമഹാരാമായണം രചിക്കുവാൻ കല്പന കൊടുത്തു എന്ന് എഴുത്തച്ഛൻ പറയുന്നു.
അപ്പോൾ മനുഷ്യനുമാത്രം മുക്തി സിദ്ധിക്കുവാൻ അല്ല രാമായണം. സർവ്വചരാചര മോക്ഷാർത്ഥം ആണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്ന് സാരം.
നമ്മുടെ നാടിന്റെ ഉദാത്തമായ പ്രാപഞ്ചിക ബോധം, പരസ്പര പ്രേമം, 'ലോകാസമസ്താസുഖിനോഭവന്തു' എന്ന് പാടിയ ഭാരത സംസ്കാരത്തിന് മറ്റൊരു വിധത്തിൽ ചിന്തിക്കാനാവില്ല.
ആ സംസ്കാരത്തിന് ദീപശിഖ ആയ രാമായണത്തിന് മറ്റൊരു കാര്യവും പറഞ്ഞു തരാനും ആവില്ല.
രാംരാം എന്ന അഭിവാദ്യ വാചകമായിരുന്നു നമ്മൾ ഉപയോഗിച്ച് വന്നത്. സന്ധ്യാനാമമെന്നാൽ രാമനാമ പുണ്യം തന്നെയായിരുന്നു.
ഈ രാമനാമ പുണ്യം തനിക്ക് മാത്രമല്ല സർവ്വചരാചരങ്ങൾക്കും വ്യാപകമായി ലഭിക്കേണണെന്ന് വിചാരിച്ച് അദ്ധ്യാത്മരാമായണം നമുക്ക് നൽകിയ തുഞ്ചത്ത് എഴുത്തച്ഛൻ എന്ന ഗുരുവിനെ, രാമായണാചാര്യനെ മുൻപിൽ പ്രണാമപൂർവ്വം സ്മരിച്ചു കൊണ്ട് രാമായണ വിചാരം നമുക്ക് ആരംഭിക്കാം .
_രാം രാം_